ബുംറക്ക്‌ ഉപദേശം നൽകാൻ പറന്നെത്തി കോഹ്ലി!! പഴയ ക്യാപ്റ്റൻ സൂപ്പറെന്ന് ഫാൻസ്‌

ഇംഗ്ലണ്ടിനെതിരായ പുരോഗമിക്കുന്ന എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ കോവിഡ് പിടിയിലായത് മൂലം ടീമിൽ നിന്ന് വിട്ടുനിൽക്കുന്ന ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് പകരം, സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറയാണ്‌ ടീമിനെ നയിക്കുന്നത്. ക്യാപ്റ്റൻ രോഹിത്തിന്റെ അഭാവത്തിൽ വൈസ് ക്യാപ്റ്റനാണ് ചുമതല ലഭിക്കേണ്ടതെങ്കിലും, വൈസ് ക്യാപ്റ്റൻ കെഎൽ രാഹുലും ലഭ്യമല്ലാത്തതിനാലാണ് ക്യാപ്റ്റൻസി ചുമതല ബുംറയെ തേടിയെത്തിയത്.

എന്നാൽ, നിർണ്ണായക മത്സരത്തിൽ ടീമിന്റെ നായക സ്ഥാനം പരിചയസമ്പത്തില്ലാത്ത ബുംറയെ ഏൽപ്പിച്ചതിൽ പല കോണുകളിൽ നിന്നും പിരിമുറുക്കങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, പരിചയസമ്പന്നരായ നിരവധി സഹതാരങ്ങൾ ഉള്ളതിനാൽ ബുംറക്ക് ക്യാപ്റ്റൻസി അത്ര പ്രയാസകരമായി അനുഭവപ്പെടുന്നില്ല എന്നാണ് കാണാൻ കഴിയുന്നത്. പ്രത്യേകിച്ച്, മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി പലപ്പോഴും ടീമിന്റെ നിയന്ത്രണങ്ങൾ ഏറ്റെടുക്കുന്നതായി കാണാൻ സാധിക്കുന്നുണ്ട്.

മത്സരത്തിന്റെ രണ്ടാം ദിനം, മൈതാനത്ത് ഇറങ്ങിയ ടീമിന് വേണ്ട നിർദേശങ്ങൾ നൽകിയത് കോഹ്‌ലി ആയിരുന്നു. ടീമംഗങ്ങളെ അഭിസംബോധന ചെയ്യുന്ന കോഹ്‌ലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇതിന് പിന്നാലെ, ടീം ഇന്ത്യക്ക് നിർണ്ണായക സമയത്ത് വേണ്ട നേതൃത്വ പിന്തുണ നൽകുന്നതിന് ആരാധകർ കോഹ്‌ലിയെ അഭിനന്ദിച്ച് രംഗത്തെത്തി.

ചില നേരങ്ങളിൽ ടീമിന്റെ ഫീൽഡിംഗ് നിയന്ത്രണവും കോഹ്‌ലി ഏറ്റെടുത്തിരുന്നു. കോഹ്‌ലിയുടെ പിന്തുണ ബുംറക്ക് വലിയ സഹായകരമായി എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.മത്സരത്തിലേക്ക് വന്നാൽ, ആദ്യം ബാറ്റ്‌ ചെയ്ത ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ റിഷഭ് പന്തിന്റെയും രവീന്ദ്ര ജഡേജയുടെയും സെഞ്ച്വറിയുടെ കരുത്തിൽ 416 റൺസ് നേടിയിരുന്നു.