എന്നെങ്കിലും ഒരു കിരീടം ഉയർത്തുമ്പോൾ, എന്റെ മനസ്സിൽ ആദ്യം തെളിയുന്ന മുഖം ഇയാളുടേതാവും ; മുൻ ആർസിബി ക്യാപ്റ്റൻ കോഹ്ലി വെളിപ്പെടുത്തുന്നു

വരും സീസണുകളിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ചാമ്പ്യന്മാരാകുകയാണെങ്കിൽ തങ്ങൾ എബി ഡിവില്ലിയേഴ്‌സിനെ വളരെയധികം മിസ് ചെയ്യുമെന്ന് വിരാട് കോഹ്‌ലി. കിരീടം നേടുന്ന നിമിഷം തന്റെ മനസ്സിലേക്ക് ആദ്യം വരുന്ന മുഖം മുൻ ആർസിബി താരമായ ദക്ഷിണാഫ്രിക്കൻ ഇതിഹാസത്തിന്റെ മുഖമായിരിക്കും എന്നാണ് മുൻ ആർസിബി ക്യാപ്റ്റൻ പറയുന്നത്.

സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ ഡിവില്ലിയേഴ്സ്, കഴിഞ്ഞ വർഷം നവംബറിലാണ് കളിയുടെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചത്.ഡിവില്ലിയേഴ്സിനെ കുറിച്ച് കോഹ്‌ലി പറയുന്നതിങ്ങനെ, “കഴിഞ്ഞ ദിവസം, ഇത് എന്നെ ചിന്തിപ്പിച്ചു, വരും സീസണുകളിൽ ഞങ്ങൾക്ക് കിരീടം നേടാനായാൽ, ഞാൻ അദ്ദേഹത്തെക്കുറിച്ച് ആദ്യം ഓർക്കും, വളരെ വികാരാധീനനാകും. ഇത്രയും വർഷത്തെ കഠിനാധ്വാനത്തിന് ശേഷം കിരീടം നെടുമ്പോൾ, എന്റെ അനുഭവത്തിനേക്കാൾ, ഞാൻ അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കും.”

“അദ്ദേഹം ആ നിമിഷം വീട്ടിലിരുന്ന് കളി കാണുന്നുണ്ടെങ്കിൽ, അത് അദ്ദേഹത്തിനേയും ഒരുപാട് വികാരാധീനനാക്കും. അദ്ദേഹം ഒരു പ്രത്യേക മനുഷ്യനാണ്, ആർസിബി കിരീടം ഉയർത്തും, നമുക്ക് അത് അദ്ദേഹത്തിന് ഉറപ്പുനൽകാൻ കഴിയും,” കൊഹ്‌ലി കൂട്ടിച്ചേർത്തു. ഡിവില്ലിയേഴ്‌സ് വിരമിക്കാൻ പോകുന്നുവെന്ന് കഴിഞ്ഞ ഐപിഎല്ലിനിടെ തന്നെ തനിക്ക് സൂചന ലഭിച്ചതാണെന്നും കോഹ്‌ലി വെളിപ്പെടുത്തി.

“എനിക്ക് അദ്ദേഹത്തിന്റെ വിരമിക്കലിനെ കുറിച്ച് ഒരു സൂചനയുണ്ടായിരുന്നു, കഴിഞ്ഞ ഐ‌പി‌എല്ലിൽ അത് ഞാൻ ഊഹിക്കുകയും ചെയ്തു. ഞങ്ങളുടെ മുറികൾ അടുത്തടുത്തായിരുന്നു, ഞങ്ങൾ ഒരേ വഴിയിൽ നടന്ന് പിരിഞ്ഞുപോകും, ​​ഓരോ തവണയും ഞങ്ങൾ ഞങ്ങളുടെ മുറിയിലേക്ക് നടക്കുമ്പോൾ ഞങ്ങൾ പരസ്പരം കാണും. കാപ്പി കുടിക്കാൻ ഒരുമിച്ച് പോകും. അദ്ദേഹത്തിന്റെ വിരമിക്കൽ പ്രഖ്യാപനം വരുമ്പോൾ ഞാൻ വികാരാധീനനായി,” കോഹ്‌ലി പറഞ്ഞു.