ക്യാപ്റ്റനെ കണ്ടെത്തി കോൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് ; ശ്രേയസ്‌ അയ്യറിനായി എറിഞ്ഞത് കോടികൾ !IPL AUCTION 2022!!

ഇന്ത്യയുടെ യുവ മധ്യനിര ബാറ്റർ ശ്രേയസ് അയ്യരെ സ്വന്തമാക്കി കോൽക്കത്ത നൈറ്റ്‌ റൈഡേഴ്സ്. അയ്യരെ 12.25 കോടിക്കാണ് കെകെആർ സ്വന്തമാക്കിയത്. മെഗാ താരലേലത്തിലെ ആദ്യ സെറ്റ് മാർക്യു താരങ്ങളുടെ പട്ടികയിൽ ഇടം നേടിയ അയ്യരുടെ അടിസ്ഥാന വില 2 കോടി രൂപയായിരുന്നു.

ഡൽഹി ക്യാപിറ്റൽസ്‌, റോയൽ ചലഞ്ചേർസ് ബാംഗ്ലൂർ എന്നീ ടീമുകളാണ് അയ്യർക്ക് വേണ്ടി ആദ്യം രംഗത്ത് എത്തിയത്. തുടർന്ന്, ഐപിഎല്ലിലെ പുതുമുഖങ്ങളായ ഗുജറാത്തും താരത്തിന് വേണ്ടി രംഗത്തെത്തിയെങ്കിലും, അവസാന നിമിഷംവരെ പിടി വിടാതിരുന്ന കെകെആർ താരത്തെ വലിയ തുകയ്ക്ക് തന്നെ സ്വന്തമാക്കുകയായിരുന്നു.

ക്യാപ്റ്റനെ തേടി ലേലത്തിൽ എത്തിയ കെകെആറിന് മികച്ച താരത്തെയാണ് ക്യാപ്റ്റനായി ലഭിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ഡൽഹിയെ പ്ലേ ഓഫിലേക്ക് നയിച്ച ക്യാപ്റ്റൻ എന്ന പശ്ചാത്തലം ഐപിഎല്ലിൽ ശ്രേയസ് അയ്യർക്കുണ്ട്. അതുകൊണ്ട് തന്നെ ഒരു കെകെആറിന്റെ വരും സീസണിലെ നായകനായി ശ്രേയസ് അയ്യരെ പ്രതീക്ഷിക്കാം. യുവ ക്യാപ്റ്റൻ എന്ന നിലയിൽ നീണ്ട കാലയളവിലേക്കാണ് കെകെആർ അയ്യരെ ക്യാപ്റ്റനായി കാണുന്നത്. ക്യാപ്റ്റൻ ആകുന്നതോടെ, സൗരവ് ഗാംഗുലി, ഗൗതം ഗംഭീർ എന്നിവരുടെ പിന്മുറക്കാരനാവും ശ്രേയസ്‌ അയ്യർ.

ഐപിഎല്ലിൽ 87 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള ശ്രേയസ് അയ്യർ 31.7 ശരാശരിയിൽ 132.1 സ്ട്രൈക്ക് റേറ്റോടെ 2,375 റൺസ് നേടിയിട്ടുണ്ട്. നിലവിൽ വെങ്കിട്ടേഷ് അയ്യർ, സുനിൽ നരൈൻ, ആന്ദ്രെ റസ്സൽ എന്നിവർ ബാറ്റിംഗ് ലൈനപ്പിലുള്ള കെകെആറിന് മധ്യനിരയിലേക്കുള്ള മികച്ച ബാറ്റിംഗ് അഡീഷൻ ആണ് ശ്രേയസ് അയ്യർ