കൂട്ടുകാരും കൂടെക്കളിച്ചവരുമൊന്നും വിളിച്ചു പോലും നോക്കാത്ത ഒരുപാട് ദിവസങ്ങൾ ഉണ്ടായിട്ടുണ്ട് .

0

അപകടം പറ്റി കിടന്നു പോയപ്പോൾ , കൂട്ടുകാരും കൂടെക്കളിച്ചവരുമൊന്നും വിളിച്ചു പോലും നോക്കാത്ത ഒരുപാട് ദിവസങ്ങൾ ഉണ്ടായിട്ടുണ്ട് , പക്ഷേ ഒരിക്കൽ പോലും അന്ന് സങ്കടപ്പെട്ടിരുന്നിട്ടില്ലായിരുന്നു , തിരിച്ചു കളിക്കളത്തിലേക്ക് വരണമെന്നുള്ള വാശിയായിരുന്നു മനസ് നിറയെ .
ദൈവാനുഗ്രഹവും , ഇഷ്ടക്കാരുടെ പ്രാർത്ഥനയും കൊണ്ട് നാഷണൽ ലീഗിൽ കളിക്കാനിറങ്ങിയപ്പോഴും തിരിച്ചു വരവുകൾ ആഘോഷമാക്കുന്ന കാലത്തു എന്റേതൊരു വാർത്തപോലുമായില്ല , അന്ന് തോളിൽ തട്ടി അഭിനന്ദിച്ച കൈകളെ എനിക്കിന്നും ഓർമയുണ്ട് , അത് വളരെ കുറവായിരുന്നെങ്കിലും .

വോളി ലൈവ് വാട്സാപ്പ് ഗ്രൂപ്പിൽ നടന്ന വോളി ചാറ്റിൽ മുൻ ഇന്റർനാഷണൽ താരവും , കാലിക്കറ്റ് ഹീറോസിന്റെ പരിശീലകനുമായ കിഷോർ കുമാർ കളി ജീവിതത്തിലെ മറക്കാൻ പറ്റാത്ത അനുഭവങ്ങൾ വോളിബോൾ പ്രേമികളുമായി പങ്കുവെക്കുകയായിരുന്നു , ആഷിഫ് വാണിമേലായിരുന്നു പ്രോഗ്രാംസ് കോർഡിനേറ്റർ , ഗ്രൂപ്പ് അംഗങ്ങളുടെ ചോദ്യങ്ങളും കിഷോർ കുമാറിന്റെ മറുപടികളും നിങ്ങൾക്ക് കൂടി വേണ്ടി ഷെയർ ചെയ്യുന്നു .

1- ഇന്ത്യൻ വോളിബോളിൽ പരിശീലകരുടെ നിലവാരം ഉയർത്തുന്നതിനായി എന്തെങ്കിലും പരിപാടികൾ നിലവിൽ നടക്കുന്നുണ്ടോ? നടന്നിട്ടുണ്ടോ? ഇന്ത്യൻ വോളിബോൾ പരിശീലകർക്ക് മികച്ച ട്രെയിനിങ് ഇല്ലാതെ എങ്ങിനെ ഇന്ത്യയിൽ വോളിബോൾ മെച്ചപ്പെടും. നിലവിലെ പരിശീലന മുറകളിൽ എന്ത് മാറ്റമാണ് നമുക്ക് വേണ്ടത്. ( മുകേഷ് കട്ടിലപ്പൂവം ).

കിഷോർ കുമാർ :
കളിക്കാരുടെ നിലവാരം ഉയരുന്നത് പോലെത്തന്നെയാണ് പരിശീലകരുടെയും നിലവാരം ഉയരുന്നത് , നമ്മുടെ പരിശീലകർക്കും അവരുടെ നിലവാരം ഉയർത്താൻ വേണ്ട സാഹചര്യങ്ങൾ നിലവിലില്ല , ലെവൽ 1 , ലെവൽ 2 പോലോത്ത വിദേശ പരിശീലകർ നേതൃത്വം നൽകുന്ന fivb യുടെ കൊച്ചേസ് ട്രെയിനിങ് ഇന്ത്യയിൽ ഉണ്ടെങ്കിലും അത് പൂർണ്ണമായി പ്രയോജനപ്പെടുത്താൻ പറ്റുന്ന രീതിയിൽ വിദേശ മത്സരമടക്കം നമ്മുടെ പരിശീലകർക്ക് കുറവാണ് , കോച്ച്മാരും പ്രൊഫഷണലിസത്തിലേക്ക് മാറിയാൽ മാത്രമേ ഇന്ത്യൻ വോളി രക്ഷപ്പെടുള്ളു , ക്യൂബയിൽ നിന്നും റഷ്യ , ബൾഗേറിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ പരിശീലകർ ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട് , ഇന്ത്യ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മൂന്നാമതെത്തിയത് ബൾഗേറിയൻ പരിശീലകനൊപ്പമായിരുന്നു തുടർച്ചയായി അവർക്കു പരിശീലിപ്പിക്കാൻ അവസരം ലഭിക്കാതെപോയത് നമ്മുടെ രാജ്യത്തിന്റെ കളി പുരോഗതിക്ക് തടസ്സമായിട്ടുണ്ട് .

വിത്യസ്ത കഴിവുകളുള്ള ഒട്ടനവധി പരിശീലകർ നമ്മുടെ രാജ്യത്തുണ്ട് , ശ്യം സുന്ദർ റാവു , രമണ , കുമാര , ചൗഹാൻ , പാണ്ഡ്യൻ , ചന്ദർസിംഗ് , ശ്രീധരൻ സർ തുടങ്ങിയവരുടെ കീഴിൽ ഞാൻ പരിശീലിച്ചിട്ടുണ്ട് അന്നൊക്കെ ശക്തമായൊരു ഏഷ്യൻ ടീം തന്നെയായിരുന്നു ഇന്ത്യ , പിന്നീട് പല ടീമുകളും പരിശീലമുറകളിലൊക്കെ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നപ്പോൾ നമുക്ക് അവർക്കൊപ്പം എത്തിപ്പിടിക്കാൻ പറ്റാതെ പോയി , ഇന്ന് ഏതൊരു രാജ്യത്തിന്റെയും പരിശീലനവും , ടാക്റ്റിക്കിലുമൊക്കെ നമുക്ക് ബ്രൗസ് ചെയ്യാൻ പറ്റും ആ രീതിയിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് , കാലിക്കറ്റ് ഹീറോസിന്റെ ബ്ലോക്കേഴ്സിനും , ലിബെറോക്കുമൊക്ക നൽകിയത് സെർബിയ , ബ്രസീൽ പോലോത്ത രാജ്യങ്ങൾ നൽകുന്ന പരിശീലനമായിരുന്നു , നമുക്കും ഇതൊക്കെ സാധിക്കുമെന്നാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത് .

2).പല അവസരങ്ങളും നഷ്ടപ്പെടാൻ കാരണം പ്ലെയേഴ്‌സ് അസോസിയേഷൻ രൂപീകരിച്ചത് കൊണ്ട് ആണെന്ന് കേട്ടിട്ടുണ്ട്. അങ്ങനെ അവസരം നഷ്ടപ്പെടുത്താൻ ശ്രമിച്ചവരെ ഇന്നും വോളീബോൾ ആയി ബന്ധപ്പെട്ടു നിൽക്കുന്നവർ ആണോ? അവരെ ഇപ്പോൾ കാണുമ്പോളും അവരോടു സഹകരിക്കേണ്ടി വരുമ്പോളും കിഷോരേട്ടന് മനസിൽ ദേഷ്യം? അല്ലെങ്കിൽ എന്താണ് തോന്നുന്നത്?( കിരൺ ).

കിഷോർ കുമാർ : പ്ലയെര്സ് അസോസിയേഷൻ രൂപീകരിച്ചതു അവസരങ്ങൾ നഷ്ട്ടപെടാനുള്ള പല കാരണങ്ങളിൽ ഒന്ന് മാത്രമാണ് , പല കോച്ച് മാരും എനിക്ക് അവസരങ്ങൾ നിഷേധിച്ചിട്ടുണ്ട് , അതിന്റെ കാരണങ്ങൾ അന്വേഷിച്ചു പോവേണ്ടി വന്നിട്ടില്ല , പടച്ചവന്റെ സഹായം കൊണ്ട് കളിക്കാൻ പറ്റുന്നതിന്റെ പരമാവതി കളിച്ചിട്ടുണ്ട് , നിങ്ങളെയൊക്കെ സ്നേഹം കൊണ്ട് ഇപ്പോഴും കളിച്ചു കൊണ്ടിരിക്കുന്നു , പ്ലയെര്സ് അസോസിയേഷൻ രൂപീകരിച്ചത് പ്രധാനമായും നമ്മിൽ നിന്ന് വിടപറഞ്ഞുപോയ അതുല്യ താരം നരിക്കുനി സുനിൽ കുമാറിനെ സഹായിക്കാൻ വേണ്ടിയായിരുന്നു അത് ഭംഗിയായി ചെയ്യാൻ സാധിച്ചു , ഇതിനിടെ അസോസിയേഷന്റെ പ്രവർത്തനങ്ങൾക്കെതിരെ അന്നത്തെ എടുത്തുചാട്ടക്കാരന് പത്ര സമ്മേളനം വിളിക്കേണ്ടി വന്നതും അവസരം നിഷേധിക്കപെടാൻ കാരമായിട്ടുണ്ട് ( എതിർക്കുന്നവർ സാധാരണ പുറത്തു തന്നെ ആവുമല്ലോ ), ഇതൊക്കെ സംഭവിക്കുമെന്ന് അറിയാമായിരുന്നിട്ട് കൂടി ഞാൻ മുന്നിൽ നിന്നതു വോളിബോൾ താരങ്ങൾക്ക് വേണ്ടിയായിരുന്നു .

പ്ലയെര്സ് അസോസിയേഷന്റെ രൂപീകരണം കേരളത്തിലെ താരങ്ങൾക്ക് ചെറുതല്ലാത്ത നേട്ടങ്ങൾ ഉണ്ടാകാൻ കാരണമായിട്ടുണ്ട് , സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലെ അലവൻസ് കൂട്ടാനും , വനിതാ ടീമിനൊപ്പം വനിതാ മാനേജർമാരെ വിടുന്നതടക്കുമുള്ള കാര്യങ്ങളിൽ അന്നത്തെ വോളിബോൾ അസോസിയേഷൻ സെക്രട്ടറി ആയിരുന്ന ബഷീർ സാറിനെ കൊണ്ട് അനുകൂല സാഹചര്യം ഉണ്ടാക്കാൻ പറ്റിയിട്ടുണ്ട് , പിന്നീട് അവരോടൊപ്പം ചേരുമ്പോൾ ദേശ്യമൊന്നും ഉണ്ടായിട്ടില്ല , ദേഷ്യമായാലും സന്തോഷമായാലും അത് അപ്പപ്പോൾ പ്രകടിക്കാനുള്ളതാണ് .

3).പ്ലയേസ് അസോസിയേഷൻ നിവിലുണ്ടോ?

ഉണ്ടെങ്കിൽ ആരാണ് അതിന്റെ നേതൃതത്തിൽ ഉള്ളത് എന്തൊക്കെയാണ് പ്ലയേർസ് അസോസിയേഷന്റെ ലക്ഷ്യങ്ങൾ?

ഇല്ലെങ്കിൽ പ്ലയേർസ് അസോസിയേഷൻ പുനരുജ്ജിവിപ്പിക്കാൻ കിഷോറേട്ടന്റെ നേതൃത്വത്തിൽ ശ്രമിച്ച് കൂടെ?( ഷമീം മംഗലശ്ശേരി ).

കിഷോർ കുമാർ : പ്ലയെര്സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നില്ല , 2009 മുതൽ 2016 അസോസിയേഷന്റെ സെക്രട്ടറി ആയിട്ട് പ്രവർത്തിച്ചത് ഞാനായിരുന്നു , എന്റെ സീനിയർ ടീമിലേക്കുള്ള തിരിച്ചു വരവും , ടോം ജോസഫ്ഉം വോളിബോൾ അസോസിയേഷൻ സെക്രട്ടറി ബഷീർ സാറുമായിട്ടുള്ള പ്രശനങ്ങളുമെല്ലാം എന്നെ പിന്തിരിപ്പിച്ചു എന്ന് വേണമെങ്കിൽ പറയാം കൂടെ പലർക്കും പല തെറ്റിധാരണകൾ കൂടി വന്നതോടെ പൂർണമായും ഞാൻ വിട്ടുനിൽക്കുകയാണുണ്ടായത് , താരങ്ങളുടെ ഒരു കൂട്ടായ്മ എന്നും നല്ലതാണ് പല പ്രാവശ്യം ആരോടെങ്കിലും ഇത് മുന്നോട്ട് കൊണ്ടുപോവാൻ ഞാൻ ആവായപ്പെട്ടിരുന്നിട്ടും ആരും തയ്യാറായില്ല .

പ്ലയേഴ്‌സിന്റെ നന്മക് വേണ്ടി ഒരുപാട് ലക്ഷ്യങ്ങൾ ഉണ്ടായിരുന്ന കൂട്ടായ്മയായിരുന്നു പ്ലയെര്സ് അസോസിയേഷൻ , സാമ്പത്തികമായി ഒരുപാട് പേരെ സഹായിക്കാൻ സാധിച്ചു , ഏറ്റവും ചുരുങ്ങിയത് പ്ലയേഴ്‌സിന്റെ പ്രശ്നങ്ങൾ അസോസിയേഷനെ അറിയിക്കാനും അത് ഏറെക്കുറെ പരിഹരിക്കാനുമൊക്കെ സാധിച്ചിരുന്നു .

4).പരിക്കുപറ്റി കൂടെ കളിച്ചവരുടെയും സുഹൃത്തുക്കളുടെയും വരവിന്റെ ഒഴുക്ക് നിലച്ചപ്പോൾ എപ്പോളെങ്കിലും താങ്കൾ വോളിബോളിനെ വെറുത്തിട്ടുണ്ടോ ?ഒരു തിരിച്ചു വരവിനു താങ്കളെ സഹായിച്ച ഘടകം എന്തായിരുന്നു ?

ഷാജി ഏട്ടൻ .

കിഷോർ കുമാർ : തിരിച്ചു വരവിനു എന്നെ സഹായിച്ചത് കുറച്ചധികം ആളുകളോടുള്ള ദേഷ്യം തന്നെയായിരുന്നു എന്ന് പറയാം , പല കാര്യങ്ങളും അങ്ങനെയാണല്ലോ ചിലരുടെയെല്ലാം വരവ് നിലച്ചപ്പോഴും എന്നെ സ്നേഹിക്കാൻ ഒരുപാട് പേരുണ്ടായിരുന്നു എന്നതാണ് സത്യം , സാധാരക്കാരന്റെ കയ്യടികളല്ലാതെ ഒരു പ്രോത്സാഹനം കിട്ടിയ ആളല്ല ഞാൻ , നടക്കാൻ പോലും കഴിയില്ലെന്ന് കരുതിയതിൽ നിന്ന് കളിക്കളത്തിലേക്ക് തിരിച്ചു വന്ന് കളിച്ചു കാണിച്ചു കൊടുത്തിട്ടും കിട്ടാതെ പോയിട്ടുണ്ട് പല അഭിനന്ദനങ്ങളും , എന്റെ പ്രാര്ഥനകളെക്കാൾ അധികം എനിക്ക് ഫലം കിട്ടിയത് മറ്റുള്ളവരുടെ പ്രാര്ഥനകളായിരുന്നു .

5).കിഷോർ ഏട്ടന്റെ ഫുഡ്‌ ക്രമങ്ങൾ എന്തൊക്കെയാണ്? എങ്ങനെ ഒക്കെയാണ്? ഇത്രയും ബോഡി മെയ്ന്റനൻസ് എങ്ങനെ സാധിക്കുന്നു എന്താണ് വ്യായാമങ്ങൾ .
ഉറക്കം എത്ര മണിക്കൂർ? ( ഷിബു തോമസ് ).

കിഷോർ കുമാർ : 2006 ന് ശേഷമാണ് എനിക്ക് ഭക്ഷണങ്ങളെ നിയന്ത്രിക്കേണ്ടി വന്നിട്ടുള്ളതു , ചുവന്ന മുളകിനെ ആദ്യം എടുത്തു പുറത്തിട്ടു , പിന്നീട് എന്ന , ബേക്കറി പലഹാരം , അരി ഭക്ഷണം , ചിക്കൻ , പൊരിച്ചതും കരിച്ചതുമൊക്കെ ഒഴിവാക്കേണ്ടി വന്നു , ശരീരത്തിന്റെ ആവശ്യമറിഞ്ഞു ഭക്ഷണം കഴിക്കാൻ പഠിച്ചു, യോഗയാണ് എന്റെ ശരീരത്തെ ഇതുപോലെ നിലനിർത്തുന്നത് മൂന്ന് ദിവസം തുടർച്ചയായി യോഗ ചെയ്തില്ലെങ്കിൽ നടു വേദനയും , കാലുവേദനയുമൊക്ക വരും , നടുവിന് ബലം നൽകുന്ന യോഗയാണ് അധികവും ചെയ്യുന്നത് , എത്ര വൈകിക്കിടന്നാലും പുലർച്ചെ 4:30 ന് എഴുന്നേറ്റ് യോഗ ചെയ്യും അത് കഴിഞ്ഞു സമയത്തിനനുസരിച്ചു രാവിലെയും വൈകീട്ടും വോളിബോൾ പരിശീലിക്കും .

6). വോളിബോൾ എന്ന കളിയിലേക് വരാൻ പ്രചോദനാം ലഭിച്ചത് എങ്ങനെ ?.

കിഷോർ കുമാർ : വോളിബോളിലേക്ക് വരാൻ ഒരു പ്രചോദനത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല , കാരണം വീടിന്റെ തൊട്ടുമുന്നിലെ കോർട്ടിൽ നടക്കുന്ന കളി കണ്ടാണ് ഞാൻ വളർന്നുവന്നത് , അച്ഛനും കൂട്ടുകാരുമൊക്കെ ബെറ്റോക്കെ വെച്ച് എല്ലാ വൈകുന്നേരങ്ങളിലും ഭയങ്കര കളിയും ആവേശവുമായിരുന്നു , എനിക്കും കോർട്ടിൽ ഇറങ്ങാതിരിക്കാൻ കഴിയുമായിരുന്നില്ല , കോർണറിൽ നിന്ന് സെന്ററിലേക്കും പതിയെ ഒഫെൻസിലേക്കും എന്റെ പൊസിഷൻ മാറി വന്നു , വീട്ടുമുറ്റത്തെ ആ വോളിബോൾ കോർട്ട് തന്നെയാവണം കാരണക്കാരൻ .