ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ ഇന്ത്യൻ താരം ; മുംബൈയുടെ പരിഗണന ഭാവി ക്യാപ്റ്റനായി

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ മുംബൈ ഇന്ത്യൻസിൽ തിരിച്ചെത്തി. അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ 15.25 കോടി രൂപയ്ക്കാണ് ഐപിഎൽ 2022 താരലേലത്തിൽ ഇഷാൻ കിഷനെ സ്വന്തമാക്കിയത്. ഇതോടെ, ശ്രേയസ് അയ്യരെ പിന്തള്ളി ഇഷാൻ കിഷൻ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലേലത്തിലെ ഏറ്റവും വില കൂടിയ താരമായി.

പ്രതീക്ഷിച്ചതുപോലെ, വളർന്നുവരുന്ന യുവതാരത്തെ സ്വന്തമാക്കാൻ നിരവധി ഫ്രാഞ്ചൈസികൾ വാശിയേറിയ ലേലത്തിൽ പങ്കെടുത്തതോടെ, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരമായിയാണ് ഇഷാൻ കിഷൻ മാറിയത്. മുംബൈയും പഞ്ചാബുമാണ് കിഷന് വേണ്ടിയുള്ള ബിഡ്ഡിങ്ങിന് തുടക്കമിട്ടത്, തുടർന്ന് ഗുജറാത്തും ഹൈദരാബാദും ബിഡ്ഡിങ്ങിൽ പങ്കെടുത്തെങ്കിലും, 2 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന കിഷനെ 15.25 കോടി രൂപയ്ക്ക് മുംബൈ തന്നെ സ്വന്തമാക്കുകയായിരുന്നു.

2016-ൽ ഗുജറാത്ത് ലയൺസിന് വേണ്ടിയാണ് ഇഷാൻ കിഷൻ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചത്. ഐപിഎല്ലിൽ 61 മത്സരങ്ങൾ കളിച്ച 23-കാരൻ 28.5 ശരാശരിയിൽ 136.34 സ്‌ട്രൈക്ക് റേറ്റിൽ 1,452 റൺസ് നേടിയിട്ടുണ്ട്. ഐപിഎല്ലിൽ 9 അർദ്ധസെഞ്ച്വറികളും ഇഷാൻ കിഷന്റെ പേരിലുണ്ട്.

വിക്കറ്റ് കീപ്പർ എന്ന നിലയിലും, രോഹിത് ശർമ്മയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നതിനുള്ള ഓപ്പണർ ബാറ്ററായുമെല്ലാമാണ് മുംബൈ ഇഷാൻ കിഷനെ കണക്കാക്കുന്നത്. മാത്രമല്ല, രോഹിത് കളമൊഴിയുമ്പോൾ ഭാവി ക്യാപ്റ്റൻ വാഗ്ദാനമായും മുംബൈ ഇന്ത്യൻസ് യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെ പരിഗണിക്കുന്നു.

Rate this post