കൗമാര ക്രിക്കറ്റിൽ അപരാജിത ജേതാക്കളായി ഇന്ത്യ ; ഒടുവിൽ 5-ാം ലോക കിരീടത്തിൽ മുത്തമിട്ടു

ഐസിസി അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യ തങ്ങളുടെ അഞ്ചാം ഐസിസി അണ്ടർ 19 ലോകകപ്പ് കിരീടം ഉയർത്തി. ആന്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ, യാഷ് ദുല്ലിന്റെ നേതൃത്വത്തിലുള്ള ടീം നാല് വിക്കറ്റിനാണ് ത്രീ ലയൺസിനെ പരാജയപ്പെടുത്തിയത്. നേരത്തെ, 2000, 2008, 2012, 2018 വർഷങ്ങളിൽ ഇന്ത്യ അണ്ടർ 19 ലോകകപ്പ് നേടിയിരുന്നു. ഇപ്പോൾ 5-ാം കിരീട നേട്ടത്തോടെ, ഏറ്റവും കൂടുതൽ തവണ അണ്ടർ 19 ലോകകപ്പ് നേടുന്ന ടീം എന്ന ഇന്ത്യയുടെ പേരിലുള്ള റെക്കോർഡ് തന്നെ തിരുത്തി, പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യ.

ടോസ് ലഭിച്ച് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്, ബാറ്റിംഗിന് ഇറങ്ങിയപ്പോൾ ഏറ്റവും മോശം തുടക്കമാണ് ലഭിച്ചത്. ഇന്ത്യയുടെ ഇടങ്കയ്യൻ പേസർ രവികുമാർ ആദ്യ നാല് ഓവറിൽ രണ്ട് വിക്കറ്റ് (ജേക്കബ് ബെഥേൽ, ടോം പ്രെസ്റ്റ്) വീഴ്ത്തി. ജോർജ് തോമസും ജെയിംസ് റെയും കൂട്ടുകെട്ട് നിലനിർത്താൻ ശ്രമിച്ചെങ്കിലും ഇന്ത്യ കളിയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ ഓപ്പണറെ രാജ് ബാവ പുറത്താക്കി.

കൃത്യമായ ഇടവേളകളിൽ ഇംഗ്ലണ്ട് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു, താമസിയാതെ 17-ാം ഓവറിൽ 61-6 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകർന്നടിഞ്ഞു. അതേസമയം, ജെയിംസ് റെവ് (95) ശക്തമായി പൊരുതി അർദ്ധസെഞ്ച്വറി നേടി തന്റെ ടീമിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചു. റെവിന് കൂട്ടായി ജെയിംസ് സെയിൽസ് (34*) വാലറ്റത്ത് നിലയുറപ്പിച്ചതോടെ, ഇംഗ്ലണ്ട് 44.5 ഓവറിൽ 189 റൺസ് എന്ന ടോട്ടൽ കണ്ടെത്തി പുറത്തായി. ഇന്ത്യക്ക് വേണ്ടി രാജ് ബവ 5-ഉം രവി കുമാർ 4-ഉം വിക്കറ്റുകൾ വീഴ്ത്തി.തുടർന്ന്, 190 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക്‌, ഇന്നിംഗ്‌സിന്റെ മൂന്നാം പന്തിൽ തന്നെ ഓപ്പണർ ആംഗ്‌ക്രിഷ് രഘുവൻഷിയെ (0) നഷ്ടപ്പെട്ടതോടെ, ഇന്ത്യ തുടക്കം തന്നെ ഒന്ന് പതറി.

പിന്നീട് ക്രീസിൽ ഒത്തുചേർന്ന ഹർനൂർ സിങ്ങും (21) ഷെയ്ക് റഷീദും (50) രണ്ടാം വിക്കറ്റിൽ 49 റൺസ് കൂട്ടിച്ചേർത്തു. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ യാഷ് ദുൽ (17), റഷീദിനൊപ്പം 46 റൺസിന്റെ കൂട്ടുകെട്ട് കൂട്ടിച്ചേർത്ത് പുറത്തായി. അതോടെ, ഇന്ത്യ 97/4 എന്ന നിലയിൽ, വിജയത്തിന് ഇനിയും 93 റൺസ് വേണമെന്നിരിക്കെ ആശങ്ക ജനിപ്പിച്ചു. പിന്നീട് രാജ് ബാവയും (35) നിശാന്ത് സിന്ധുവും (50*) ചേർന്ന് 67 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. ഒടുവിൽ നാല് വിക്കറ്റിന്റെ ജയത്തോടെ ഇന്ത്യ അഞ്ചാം തവണയും അണ്ടർ 19 ലോകകപ്പ് ഉയർത്തി.