എറിഞ്ഞത് 5 ബോൾ വണ്ടർ ഹാട്രിക്ക് പോക്കെറ്റിൽ!! അയർലാൻഡ് എതിരെ കിവീസ് താരം അത്ഭുത പ്രകടനം
അയർലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ന്യൂസിലാൻഡിന് ഗംഭീര ജയം. 88 റൺസിനാണ് കിവീസ് ഐറിഷ് പടയെ തകർത്തെറിഞ്ഞത്. നേരത്തെ ഒന്നാം ടി20 മത്സരവും വിജയിച്ച ന്യൂസിലാൻഡ്, ഇതോടെ മൂന്ന് മത്സരങ്ങൾ അടങ്ങിയ ടി20 പരമ്പര ഉറപ്പിച്ചു. വിക്കറ്റ് കീപ്പർ ഡീൻ ക്ലവറുടെ ബാറ്റിംഗ് പ്രകടനവും സ്പിന്നർ ഇഷ് സോധി, ഓൾറൗണ്ടർ ബ്രേസ്വെൽ എന്നിവരുടെ ബൗളിംഗ് പ്രകടനവും ആണ് ന്യൂസിലാൻഡിന് ജയം നേടിക്കൊടുത്തത്.
മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡ്, വിക്കറ്റ് കീപ്പർ ഡീൻ ക്ലവറുടെ (78*) അർദ്ധ സെഞ്ച്വറിയുടെ മികവിൽ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടി. 55 പന്തിൽ 5 ഫോറും 4 സിക്സും സഹിതം 141.82 സ്ട്രൈക്ക് റേറ്റിൽ 78* റൺസ് നേടി പുറത്താകാതെ ക്രീസിൽ തുടർന്ന ഡീൻ ക്ലവർ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
മറുപടി ബാറ്റിംഗിനിറങ്ങിയ അയർലൻഡ് നിരയിൽ, ഓൾറൗണ്ടർ മാർക് അഡയർ (27), ഓപ്പണർ പോൾ സ്റ്റിർലിംഗ് (21) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതൊഴിച്ചുനിർത്തിയാൽ മറ്റാർക്കും കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. അയർലൻഡ് ബാറ്റിംഗ് നിരയിൽ മൂന്ന് താരങ്ങളാണ് ഗോൾഡൻ ഡക്കിന് പുറത്തായത്. ന്യൂസിലാൻഡിനായി സ്പിന്നർ ഇഷ് സോധിയും ഓൾറൗണ്ടർ ബ്രേസ്വെല്ലും 3 വീതം വിക്കറ്റുകൾ വീഴ്ത്തി അയർലൻഡ് ബാറ്റിംഗ് നിരയെ 13.5 ഓവറിൽ 91 റൺസിന് കൂടാരം കയറ്റി.
HAT-TRICK! #MichaelBracewell breezes past Ireland tail.
.
.#IREvNZ @BLACKCAPS @cricketireland pic.twitter.com/aZNuFNiVHK— FanCode (@FanCode) July 20, 2022
മത്സരത്തിൽ, ന്യൂസിലാൻഡ് ഓൾറൗണ്ടർ ബ്രേസ്വെല്ലിന്റെ ഹാട്രിക് പ്രകടനം ശ്രദ്ധേയമായി. ഇന്നിംഗ്സിൽ ആകെ 5 പന്തുകൾ എറിഞ്ഞ ബ്രേസ്വെൽ, 5 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകൾ വീഴ്ത്തി. ബ്രേസ്വെല്ലിന്റെ ഹാട്രിക് പ്രകടനത്തിൽ, അയർലൻഡ് ബാറ്റിംഗ് നിരയുടെ വാലറ്റം തകർന്നടിഞ്ഞു. ഇതോടെ ന്യൂസിലാൻഡിന് 88 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കാനുമായി.