മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ട് ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ 15-ാം പതിപ്പിന്റെ പ്ലേ ഓഫ് കാണാതെ പുറത്തായി. ജയം അനിവാര്യമായ മത്സരത്തിൽ 5 വിക്കറ്റിനാണ് ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനോട് പരാജയം അറിഞ്ഞത്. മുംബൈയ്ക്ക് വേണ്ടി 4 ഓവറിൽ 25 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് മത്സരത്തിലെ താരം.
മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് ടോപ് ഓർഡർ ബാറ്റർമാരെ പെട്ടെന്ന് നഷ്ടമായെങ്കിലും, മധ്യനിരയിൽ ക്യാപ്റ്റൻ റിഷഭ് പന്ത് (39), പവർഹിറ്റർ റോവ്മാൻ പവൽ (43) എന്നിവർ കരുത്ത് കാട്ടിയത് ഡൽഹിക്ക് നിശ്ചിത ഓവറിൽ 159 റൺസ് കണ്ടെത്താൻ സഹായകരമായി.മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിനെ ആദ്യ ഓവറുകളിൽ ഡൽഹി ക്യാപിറ്റൽസ് ഫാസ്റ്റ് ബൗളർ ഖലീൽ അഹ്മദ് വട്ടം ചുറ്റിക്കുന്നതാണ് കണ്ടത്.

ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ ഒരു റൺസ് മാത്രം വഴങ്ങിയ ഖലീൽ, തന്റെ രണ്ടാം ഓവറിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മക്കെതിരെ എറിഞ്ഞ ആറ് ബോളുകളും രോഹിത്തിന് തൊടാൻ പോലും സാധിച്ചില്ല. ഖലീലിന്റെ സ്വിംഗുകൾ രോഹിത്തിന്റെ ബാറ്റിൽ നിന്ന് അകന്നു മാറി പോയതോടെ രോഹിത് നിസ്സഹായനായി. അതിനിടെ ഇരുവരും ഒരു ചിരി കൈമാറിയതും രോഹിത്തിന്റെ ആക്ഷനും ശ്രദ്ധേയമായി.
— Cric Zoom (@cric_zoom) May 21, 2022
എന്നിരുന്നാലും, ഓപ്പണർ ഇഷാൻ കിഷൻ (58), ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ് (37), പവർഹിറ്റർ ടിം ഡേവിഡ് (11 പന്തിൽ 33) എന്നിവരുടെ ബാറ്റിംഗ് മികവിൽ മുംബൈ ഇന്ത്യൻസ് 5 ബോൾ ശേഷിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. എന്നിരുന്നാലും, റൺ റേറ്റിൽ വലിയ വ്യത്യാസം കൊണ്ടുവരാൻ സാധിക്കാതിരുന്ന മുംബൈ, പോയിന്റ് പട്ടികയിൽ പത്താം സ്ഥാനക്കാരായി തന്നെ സീസൺ അവസാനിപ്പിച്ചു.