ക്രിക്കറ്റ്‌ കളിച്ചതിന് അച്ഛൻ ബെൽറ്റിന് തല്ലിയിരുന്നു 😮😮 ഇന്ത്യയുടെ യുവ പേസർ പറയുന്നു

തന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ അയവിറക്കി ഇന്ത്യൻ താരം ഖലീൽ അഹമ്മദ്. ഐപിഎല്ലിന്റെ പതിനാറാം എഡിഷനിനു മുമ്പ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഖലീൽ ചെറുപ്പകാലത്തിലെ ഓർമ്മകൾ പങ്കുവെച്ചത്. കുട്ടിക്കാലത്ത് ക്രിക്കറ്റ് കളിച്ചതിന് അച്ഛൻ ബെൽറ്റ് കൊണ്ട് തല്ലിയിട്ടുണ്ട് എന്ന് ഖലീൽ അഹമ്മദ് പറയുന്നു. ചെറുപ്പത്തിൽ തന്റെ ചുമതലകൾ നിറവേറ്റാതെ ക്രിക്കറ്റ് കളിക്കാൻ മൈതാനത്ത് പോയതിന്റെ പേരിലാണ് അച്ഛനിൽ നിന്നും ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത് എന്ന് ഖലീൽ പറയുകയുണ്ടായി. അതൊക്കെയുമാണ് തന്റെ വളർച്ചയിൽ പ്രചോദനമായത് എന്ന് ഖലീൽ കൂട്ടിച്ചേർക്കുന്നു.

“മൂന്നു സഹോദരിമാരാണ് എനിക്കുള്ളത്. അച്ഛൻ ജോലി ചെയ്തിരുന്നത് ആശുപത്രിയിലായിരുന്നു. അച്ഛൻ ജോലിക്കായി പോകുന്ന സമയത്ത് വീട്ടിലേക്കുള്ള സാധനങ്ങളും പാലും വാങ്ങേണ്ടത് എന്റെ ചുമതലയായിരുന്നു. എന്നാൽ ഞാൻ ക്രിക്കറ്റ് കളിക്കാനായി പുറപ്പെട്ടതോടെ അത് മുടങ്ങാൻ തുടങ്ങി. ഇക്കാര്യം അമ്മ അച്ഛനോട് പറഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചത് ഞാൻ എവിടെയായിരുന്നു എന്നാണ്. ഞാൻ എപ്പോഴും മൈതാനത്താണെന്നും, പഠിക്കുകയും ജോലി ചെയ്യുകയുമില്ലെന്നും അമ്മ അച്ഛനോട് പറഞ്ഞു. ഇതറിഞ്ഞതോടെ അച്ഛൻ ദേഷ്യത്തിൽ പൂണ്ടു. അദ്ദേഹം ബെൽറ്റ് വെച്ച് എന്നെ അടിച്ചു. ആ പാടുകൾ എന്റെ ശരീരത്തിൽ ഉണ്ടായിരുന്നു. എന്നാൽ രാത്രിയിൽ സഹോദരിമാർ അതിൽ മരുന്ന് വെച്ച് തന്നിരുന്നു.”- ഖലീൽ പറയുന്നു.

“ചെറുപ്പത്തിൽ അച്ഛൻ എന്നെ ഒരു ഡോക്ടറാക്കാൻ തന്നെയാണ് ആഗ്രഹിച്ചത്. അച്ഛൻ ജോലി ചെയ്യുന്നത് ആശുപത്രിയിലായിരുന്നതിനാൽ തന്നെ ആ മേഖലയിൽ എന്തെങ്കിലും ജോലി ഞാനും കണ്ടെത്തണം എന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്റെ ജീവിതത്തിൽ പിന്നീട് അങ്ങോട്ട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരരുത് എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. എന്നാൽ ഞാൻ ക്രിക്കറ്റിൽ തിളങ്ങാൻ തുടങ്ങിയതോടെ അച്ഛൻ എനിക്ക് കൂടുതൽ പിന്തുണ നൽകാൻ ആരംഭിച്ചു.”- ഖലീൽ കൂട്ടിച്ചേർക്കുന്നു.

“ക്രിക്കറ്റ് കളിക്കുമ്പോൾ എനിക്ക് വലിയ പിന്തുണയാണ് അച്ഛനിൽ നിന്ന് ലഭിച്ചത്. എന്നോട് പലപ്പോഴും ക്രിക്കറ്റ് കളിക്കാൻ പറഞ്ഞിട്ടുള്ളത് അച്ഛനാണ്. ക്രിക്കറ്റിൽ തിളങ്ങാനായില്ലെങ്കിൽ അച്ഛന്റെ പെൻഷൻ തുക ഉപയോഗിച്ച് ജീവിക്കാനും എന്നോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.”- ഖലീൽ പറഞ്ഞുവയ്ക്കുന്നു. കഴിഞ്ഞ ഐപിഎല്ലിൽ 10 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റായിരുന്നു ഖലീൽ നേടിയത്. ഇന്ത്യക്കായി 11 ഏകദിനങ്ങളും 14 ട്വന്റി20 മത്സരങ്ങളും ഖലീൽ കളിച്ചിട്ടുണ്ട്.

Rate this post