അഭിമാനിക്കാം കേരള ടീം!!!സൂപ്പർ ജയവുമായി ടീം :പോയിന്റ് ടേബിളിൽ വമ്പൻ മുന്നേറ്റം

സൗരാഷ്ട്ര ക്രിക്കറ്റ്‌ അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന കേരള ഗുജറാത്ത്‌ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ്‌ എ മത്സരത്തിൽ ഗുജറാത്തിനെതിരെ കേരളത്തിന്‌ 8 വിക്കറ്റ് വിജയം. കേരളത്തിന്റെ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടിയ ബാറ്റർ രോഹൻ കുന്നുമ്മൽ ആണ് കേരളത്തിന്റെ വിജയശിൽപ്പി. ഇതോടെ ആദ്യ മത്സരത്തിൽ മേഘാലയെ ഒരു ഇന്നിംഗ്സിനും 166 റൺസിനും പരാജയപ്പെടുത്തിയ കേരളം, രണ്ട് ജയം സ്വന്തമാക്കി എലൈറ്റ് ഗ്രൂപ്പ്‌ എ-യിൽ 13 പോയിന്റുകളോടെ മധ്യപ്രദേശിനൊപ്പം ഒന്നാം സ്ഥാനത്താണ്.

സൗരാഷ്ട്ര ക്രിക്കറ്റ്‌ അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന ഗുജറാത്തിനെതിരായ മത്സരത്തിൽ ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന്, ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത്‌ ഹെത് പട്ടേൽ (185), കരൺ പട്ടേൽ (120) എന്നിവരുടെ സെഞ്ച്വറി കരുത്തിൽ ഒന്നാം ഇന്നിംഗ്സിൽ 388 റൺസ് കണ്ടെത്തി. കേരളത്തിന് വേണ്ടി ശ്രീശാന്തിന്റെ പകരക്കാരനായി ടീമിലെത്തിയ നിധീഷ് 5-ഉം, ബേസിൽ തമ്പി 4-ഉം വിക്കറ്റുകൾ വീഴ്ത്തി.

തുടർന്ന്, മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളം, ശക്തമായി തിരിച്ചടിച്ചതോടെ ആദ്യ ഇന്നിംഗ്സിൽ 439 റൺസ് നേടിയ കേരളം 51 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡും സ്വന്തമാക്കി. കേരള നിരയിൽ രോഹൻ കുന്നുമ്മൽ (129), വിഷ്ണു വിനോദ് (113) എന്നിവർ സെഞ്ച്വറി നേടി തിളങ്ങിയപ്പോൾ, ക്യാപ്റ്റൻ സച്ചിൻ ബേബി (53) അർദ്ധസെഞ്ച്വറി നേടി. ഗുജറാത്തിന് വേണ്ടി സിദ്ധാർഥ് ദേശായി 5 വിക്കറ്റ് വീഴ്ത്തി.

ശേഷം, 51 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഗുജറാത്തിന്റെ പോരാട്ടം 264 റൺസിൽ അവസാനിച്ചു. ഉമങ് കുമാർ (70), കരൺ പട്ടേൽ (81) എന്നിവർ മാത്രമാണ് ഗുജറാത്ത്‌ നിരയിൽ ബേധപ്പെട്ട പ്രകടനം പുറത്തെടുത്തത്. അതോടെ, 214 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം, ഓപ്പണർ രോഹൻ കുന്നുമ്മൽ (106*), ക്യാപ്റ്റൻ സച്ചിൻ ബേബി (62) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. മാർച്ച്‌ 3-ന് മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.