നന്ദി ഒരായിരം നന്ദി…..രക്ഷകൻ സച്ചിൻ ബേബി!! കേരളത്തിന്‌ സമനില

കേരളത്തിന്റെ കർണാടകക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ രണ്ടാം ഇന്നിങ്സിലും കട്ട ഹീറോയിസം കാട്ടി സച്ചിൻ ബേബി. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ കേരളത്തിനായി വൻമതിൽ പോലെ പൊരുതിയ സച്ചിൻ ബേബി മത്സരം സമനിലയിൽ ആക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ കേരളത്തിനെതിരെ 143 റൺസിന്റെ ലീഡാണ് കർണാടക ടീം ഉയർത്തിയത് അതിനാൽ തന്നെ രണ്ടാം ഇന്നിങ്സിൽ പെട്ടെന്ന് കേരളത്തെ പുറത്താക്കി വിജയം കാണുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു കർണാടക ഇറങ്ങിയത്.

പക്ഷേ കേരള ബാറ്റർമാർ വിക്കറ്റുകൾ നൽകാതെ 51 ഓവറുകളും പൊരുതുന്നതാണ് മത്സരത്തിൽ കണ്ടത്. യാതൊരു തിടുക്കവും കൂടാതെ പാറപോലെ സച്ചിനും സംഘവും ക്രീസിൽ ഉറച്ചു. രണ്ടാം ഇന്നിങ്സിൽ 109 പന്തുകൾ നേരിട്ട സച്ചിൻ ബേബി 37 റൺസാണ് നേടിയത്. കൂടാതെ 76 പന്തുകൾ നേരിട്ട വത്സൻ ഗോവിന്ദ് 26 റൺസും നേടി. ഇരുവരും വന്മതിലായി ക്രീസിൽ ഉറച്ചതോടെ കർണാടകയ്ക്ക് സമനില വഴങ്ങേണ്ടി വരികയായിരുന്നു.

മുമ്പ്, മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ തകർച്ചയോടെ ഇന്നിംഗ്സ് ആരംഭിച്ച കേരളത്തിനായി സച്ചിൻ ബേബി ക്രീസിൽ ഉറച്ചു. ആദ്യ ഇന്നിംഗ്സിൽ 307 പന്തുകളിൽ 141 റൺസാണ് സച്ചിൻ ബേബി നേടിയത്. അങ്ങനെ കേരളം 342 എന്ന ഭേദപ്പെട്ട സ്കോറിലെത്തി. എന്നാൽ മറുപടി ബാറ്റിംഗിൽ ഒരു തകർപ്പൻ പ്രകടനമായിരുന്നു കർണാടകക്കായി മായങ്ക് അഗർവാൾ നടത്തിയത്. 360 പന്തുകൾ നേരിട്ട അഗർവാൾ 208 റൺസ് ആണ് മത്സരത്തിൽ നേടിയത്. അങ്ങനെ കർണാടക 485ൽ എത്തുകയും, 143 റൺസിന്റെ ആദ്യ ഇന്നിങ്സിൽ ലീഡ് നേടുകയും ചെയ്തിരുന്നു.

അതിനാൽതന്നെ 51 ഓവറുകൾ അവശേഷിക്കെ കേരളത്തെ ചുരുട്ടികെട്ടാൻ തന്നെയായിരുന്നു കർണാടക ഇറങ്ങിയത്. രോഹൻ കുന്നുമ്മൽ(0)നെ തുടക്കത്തിലെ കൂടാരം കയറ്റാനും അവർക്ക് സാധിച്ചു. എന്നാൽ പിന്നീട് കേരള ബാറ്റർമാർ കോട്ടകൾ തീർത്തതോടെ കർണാടക പതറുകയായിരുന്നു.

4.2/5 - (10 votes)