രക്ഷകൻ ബാസിത്!! ഹരിയാനയെ വീഴ്ത്തി തുടർച്ചയായ മൂന്നാം ജയം കേരളത്തിന്‌

സയ്ദ് മുസ്താഖ് അലി ട്രോഫിയിലെ മൂന്നാം റൗണ്ട് മത്സരത്തിലും ജയം നേടി കേരളം. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരളം ഹരിയാനയെ 3 വിക്കറ്റിന് പരാജയപ്പെടുത്തി. മത്സരത്തിൽ ടോസ് നേടിയ കേരളം ഹരിയാനയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ശേഷം, മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹരിയാന നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എടുത്തു.

ജയന്ത് യാദവ് (39), സുമിത് കുമാർ (30*) തുടങ്ങിയവരാണ് ഹരിയാന നിരയിലെ ടോപ് സ്കോറർമാർ. ഹരിയാനയുടെ ടോപ് ഓർഡർ ബാറ്റർമാരെ കേരള ബൗളർമാർക്ക് അതിവേഗം പുറത്താക്കാൻ ആയതാണ്, ഹരിയാനയെ ചെറിയ സ്കോറിൽ ഒതുക്കാൻ സഹായകമായ. മത്സരത്തിൽ കേരളത്തിനായി അബ്ദുൽ ബാസിത്, മനുകൃഷ്ണൻ, വൈശാഖ് ചന്ദ്രൻ, സിജോമോൻ, ബേസിൽ തമ്പി, കെഎം ആസിഫ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിനായി, മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. വിഷ്ണു വിനോദ് (25), രോഹൻ കുന്നുമ്മൽ (26) എന്നിവർ ചേർന്ന് കേരളത്തിനായി മികച്ച തുടക്കം നൽകിയെങ്കിലും, കേരളത്തിന്റെ മധ്യനിര തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിനിറങ്ങിയ കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ (3), സച്ചിൻ ബേബി (4), കൃഷ്ണ പ്രസാദ് (9), മുഹമ്മദ്‌ അസ്ഹറുദ്ധീൻ (13) എന്നിവരെല്ലാം വേഗത്തിൽ പുറത്തായി.

തുടർന്ന്, അബ്ദുൽ ബാസിത് വാലറ്റത്ത് നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. 15 പന്തിൽ 3 ഫോറും ഒരു സിക്സും സഹിതം 27* റൺസ് നേടി എട്ടാമനായി ക്രീസിൽ എത്തിയ ബാസിത് പുറത്താകാതെ നിന്നു. സിജോമോൻ ജോസഫ് 13 റൺസും നേടി. ഹരിയാനക്കായി രാഹുൽ തിവാതിയ 3 വിക്കറ്റുകൾ വീഴ്ത്തി.