830 റൺസ് ബൈ സച്ചിൻ ബേബി,40 വിക്കെറ്റ്സ് ബൈ ജലജ് സക്സേന!!!തോൽവിയിലും തലയുയർത്തി കേരള താരങ്ങൾ

രഞ്ജി ട്രോഫി 2022-23 സീസണിൽ ക്വാർട്ടർ ഫൈനൽ കാണാതെ കേരളം പുറത്തായിരിക്കുകയാണ്. കളിച്ച 7 മത്സരങ്ങളിൽ 3 വിജയം നേടിയ കേരള ടീം ഒരു പരാജയം വഴങ്ങുകയും, മൂന്ന് മത്സരങ്ങൾ സമനിലയിൽ അവസാനിപ്പിക്കുകയും ആയിരുന്നു. എലൈറ്റ് ഗ്രൂപ്പ്‌ സി-യിൽ 21 പോയിന്റുകൾ നേടിയ കേരളം, കർണാടകക്കും ജാർഖണ്ഡിനും പിറകിലായി മൂന്നാം സ്ഥാനത്തായി ആണ് ഫിനിഷ് ചെയ്തത്. എന്നിരുന്നാലും, ടീമിലെ ചില താരങ്ങളുടെ പ്രകടനം എടുത്തു പറയേണ്ടതാണ്.

വളരെ മികച്ച നിലയിലാണ് കേരളം ഈ രഞ്ജി സീസൺ തുടങ്ങിയത്. ആദ്യ മത്സരത്തിൽ ജാർഖണ്ഡിനെ പരാജയപ്പെടുത്തിയ കേരളം, രണ്ടാം മത്സരത്തിൽ രാജസ്ഥാനെതിരെ സമനില വഴങ്ങി. തുടർന്ന് മൂന്നാം മത്സരത്തിൽ ഛത്തീസ്ഗറിനെതിരെയും കേരളത്തിന് വിജയിക്കാൻ സാധിച്ചു. എന്നാൽ, പിന്നീട് നടന്ന മത്സരത്തിൽ ഗോവക്കെതിരെ പരാജയപ്പെട്ട കേരളം, ശേഷം സർവീസസിനെതിരെ വമ്പൻ വിജയം നേടി. എന്നാൽ, കർണാടകക്കെതിരെയും പുതുച്ചേരിക്കെതിരെയും സമനില വഴങ്ങിയത് കേരളത്തിന് തിരിച്ചടിയായി.

ക്യാപ്റ്റൻ സഞ്ജു സാംസൺ ഇന്ത്യൻ ടീമിലേക്ക് കോൾ-അപ്പ് ലഭിച്ചതിനെ തുടർന്ന് പോവുകയും, തുടർന്ന് പരിക്കേൽക്കുകയും ചെയ്തതോടെ സഞ്ജുവിന്റെ സർവീസ് വളരെ കുറച്ചു മത്സരങ്ങളിൽ മാത്രമേ കേരളത്തിന് ലഭ്യമായിയുള്ളൂ. കൂടാതെ, മുൻ നിര താരങ്ങൾ മികവ് കാട്ടാതിരുന്നതും കേരളത്തിന് തിരിച്ചടിയായി. എന്നാൽ ഇത്തരം പ്രതിസന്ധികൾ എല്ലാം ഉണ്ടായെങ്കിലും, അതിനെയെല്ലാം ഒരു പരിധിവരെ മറികടന്നത് വെറ്ററൻ ബാറ്റർ സച്ചിൻ ബേബിയുടെ മികച്ച ഫോം ആണ്. സീസണിൽ 13 ഇന്നിങ്സുകളിൽ നിന്നും 83.00 ശരാശരിയിൽ 830 റൺസ് സച്ചിൻ ബേബി നേടിയിട്ടുണ്ട്.

നിലവിൽ ഈ രഞ്ജി സീസണിലെ ടോപ്പ് സ്കോറർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് സച്ചിൻ ബേബി. 859 റൺസ് നേടിയ ധ്രുവ് ഷോറെ മാത്രമാണ് സച്ചിൻ ബേബിയ്ക്ക് മുൻപിലുള്ളത്. കേരള ടീമിൽ മറ്റൊരു ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച താരമാണ് ഓൾറൗണ്ടർ ജലജ് സക്സേന. 7 കളികളിൽനിന്ന് 40 വിക്കറ്റുകൾ കേരളത്തിനായി വീഴ്ത്തിയ ജലജ് സക്സേന, ഈ സീസണിലെ ടോപ് വിക്കറ്റ് ടേക്കർ ആയി തുടരുന്നു

Rate this post