വെടിക്കെട്ടുമായി സഞ്ജു സാംസൺ കട്ടക്ക് കൂടി സച്ചിൻ ബേബി!!ജമ്മുവിനെ വീഴ്ത്തി കേരള മാസ്സ് ജയം

സയ്ദ് മുസ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ജമ്മു കാശ്മീരിനെതിരെ തകർപ്പൻ ജയം. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 62 റൺസിന്റെ ജയം ആണ് സഞ്ജു സാംസൺ നായകനായ കേരളം നേടിയത്. മത്സരത്തിൽ അർദ്ധ സെഞ്ചുറി പ്രകടനവുമായി സഞ്ജു സാംസണും സച്ചിൻ ബേബിയും കേരള നിരയിൽ തിളങ്ങി. ജയത്തോടെ 6 കളികളിൽ നിന്ന് 4 ജയവും 2 പരാജയവും ഉൾപ്പെടെ 16 പോയിന്റുമായി കേരളം എലൈറ്റ് ഗ്രൂപ്പ്‌ സി-യിൽ മൂന്നാം സ്ഥാനത്ത് തുടർന്നു.

മത്സരത്തിൽ ടോസ് നേടിയ കേരളം ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, ഓപ്പണർ മുഹമ്മദ്‌ അസ്ഹറുദ്ധീൻ (0) ഗോൾഡൻ ഡക്കിന് പുറത്തായത് കേരളത്തിന് തുടക്കത്തിൽ തിരിച്ചടിയായി. മറ്റൊരു ഓപ്പണർ രോഹൻ കുന്നുമ്മൽ (29) റൺസ് നേടി പുറത്തായതോടെ മൂന്നാം വിക്കറ്റിൽ സഞ്ജുവും സച്ചിൻ ബേബിയും ചേർന്ന് 90 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച് കേരള സ്കോർ ബോർഡ് ഉയർത്തുകയായിരുന്നു.

സഞ്ജു സാംസൺ 56 പന്തിൽ 6 ഫോറും ഒരു സിക്സും സഹിതം 61 റൺസ് നേടിയപ്പോൾ, 32 പന്തിൽ 7 ഫോറും 3 സിക്സും സഹിതം 62 റൺസ് ആയിരുന്നു സച്ചിൻ ബേബിയുടെ സമ്പാദ്യം. അബ്ദുൽ ബാസിത് (24*) പുറത്താകാതെ ക്രീസിൽ തുടർന്നു. ജമ്മു കാശ്മീരിനായി മുജ്തബ യൂസഫ് രണ്ട് വിക്കറ്റും, ഉമ്രാൻ മാലിക്, ആബിദ് മുഷ്താഖ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ജമ്മു കാശ്മീറിനായി ഓപ്പണർമാർ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും, മധ്യനിര വലിയ സ്കോർ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതോടെ ടീം തകർന്നു.

ഓപ്പണർ ശുഭം ഖജുരിയ (30) ആണ് ജമ്മു കാശ്മീരിന്റെ ടോപ് സ്കോറർ. കേരളത്തിനായി ബേസിൽ തമ്പി, കെഎം ആസിഫ് എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. വൈശാഖ് ചന്ദ്രൻ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ, സിജോമോൻ ജോസഫ്, സുദേശൻ മിഥുൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. മത്സരത്തിൽ ജമ്മു കാശ്മീറിന്റെ ദേശീയ ടീം അംഗം ഉമ്രാൻ മാലിക് ഒരു വിക്കറ്റ് വീഴ്ത്തിയതിന് പുറമെ ബാറ്റിംഗിൽ 16* റൺസ് നേടി പുറത്താകാതെ നിന്നു.