കേരളത്തിന് പടുകുറ്റൻ 10 വിക്കെറ്റ് ജയം!! സയ്യദ് മുഷ്താഖ് ട്രോഫിയിൽ കുതിപ്പ്

സയ്ദ് മുസ്താഖ് അലി ട്രോഫി 2022-ൽ വിജയ തുടക്കം കുറിച്ച് കേരളം. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, 10 വിക്കറ്റിന് കേരളം അരുണാചൽ പ്രദേശിനെ പരാജയപ്പെടുത്തി. മഴമൂലം 11 ഓവർ ആക്കി ചുരുക്കിയ മത്സരത്തിൽ, ടോസ് നേടിയ കേരളം ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ അരുണാചൽ പ്രദേശ്, നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് ആണ് എടുത്തത്.

18 റൺസ് നേടിയ ടെക്കി ഡോറിയ ആണ് അരുണാചൽ പ്രദേശിന്റെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി സിജോമോൻ, എസ് മിഥുൻ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, എൻപി ബേസിൽ ഒരു വിക്കറ്റും വീഴ്ത്തി. 2 ഓവറിൽ 4 റൺസ് മാത്രം വിട്ടുകൊടുത്ത യു മനുകൃഷ്ണനും മികച്ച ബൗളിംഗ് ആണ് കാഴ്ചവച്ചത്. 2 ഓവറിൽ 6 റൺസ് മാത്രം വിട്ടുകൊടുത്താണ് എൻപി ബേസിൽ ഒരു വിക്കറ്റ് വീഴ്ത്തിയത്. അതേസമയം മൂന്ന് ഓവർ ബൗൾ ചെയ്ത ബേസിൽ തമ്പി, വിക്കറ്റ് നേട്ടം ഒന്നുമില്ലാതെ 18 റൺസ് വഴങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം, 4.5 ഓവറിലാണ് വിജയലക്ഷ്യം മറികടന്നത്. ഓപ്പണർമാരായി ക്രീസിൽ എത്തിയ വിഷ്ണു വിനോദും രോഹൻ കുന്നുമ്മലും ചേർന്ന് കേരളത്തെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. 16 പന്തിൽ 2 ഫോറും ഒരു സിക്സും സഹിതം 143.75 സ്ട്രൈക്ക് റേറ്റോടെ വിക്കറ്റ് കീപ്പർ വിഷ്ണു വിനോദ് 23* റൺസുമായി പുറത്താകാതെ നിന്നപ്പോൾ, 13 പന്തിൽ 5 ഫോറും ഒരു സിക്സും സഹിതം 246.15 സ്ട്രൈക്ക് റേറ്റോടെ രോഹൻ കുന്നുമ്മൽ 32* റൺസ് നേടി.

ആദ്യ മത്സരത്തിലെ ഗംഭീര വിജയം, സച്ചിൻ ബേബി നയിക്കുന്ന കേരളത്തിന് വലിയ ആത്മവിശ്വാസമാണ് പകർന്നിരിക്കുന്നത്. ജയത്തോടെ, എലൈറ്റ് ഗ്രൂപ്പ്‌ സി-യിൽ കേരളം ഒന്നാം സ്ഥാനക്കാരായി. 10 വിക്കറ്റിന്റെ ഉജ്ജ്വല ജയം നേടിയതിനാൽ, +6.561 ആണ് കേരളത്തിന്റെ നെറ്റ് റൺ റേറ്റ്. അടുത്ത മത്സരത്തിൽ കേരളം നാളെ കർണാടകയെ നേരിടും.