വീണ്ടും കേരളത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ്‌ മാച്ച്!! കാര്യവട്ടത്ത് ക്രിക്കറ്റ്‌ ആവേശം

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വീണ്ടും ഒരു അന്താരാഷ്ട്ര മത്സരത്തിന് വേദിയാകാൻ ഒരുങ്ങുന്നു. ടി20 ലോകകപ്പിന് മുൻപായി നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുക. സെപ്റ്റംബർ 28-നാണ് ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 മത്സരം നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ, 2019-ൽ ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ടി20 മത്സരമാണ് അവസാനമായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്നത്.

ഇന്ന് ആരംഭിക്കാനിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ പര്യടനത്തിനുശേഷം ഇന്ത്യൻ ടീം സിംബാബ്‌വെ പര്യടനത്തിനായി സിംബാബ്‌വെയിലേക്ക് തിരിക്കും. ഈ വർഷം ഒക്ടോബർ മാസം അവസാനം ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ, അതിന് മുന്നോടിയായി സെപ്റ്റംബർ മാസത്തിൽ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾക്കെതിരെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലിമിറ്റഡ് ഓവർ പരമ്പരകൾ നടക്കും.

സെപ്റ്റംബർ 20-ന് മൊഹാലിയിൽ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തോടെ ഓസ്ട്രേലിയക്കെതിരായ പരമ്പര ആരംഭിക്കും. തുടർന്ന്, 23-ന് നാഗ്പൂരിലും, 25-ന് ഹൈദരാബാദിലും പരമ്പരയിലെ ശേഷിക്കുന്ന രണ്ട് ടി20 മത്സരങ്ങൾ നടക്കും. ഇതിന് പിന്നാലെയാണ് സെപ്റ്റംബർ 28-ന് ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര ആരംഭിക്കുക. ഈ മത്സരമാണ് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരിക്കുന്നത്.

തുടർന്ന്, ഗുവാഹട്ടിയിലും ഇൻഡോറിലും യഥാക്രമം രണ്ടും മൂന്നും ടി20 മത്സരങ്ങൾ നടക്കും. ടി20 പരമ്പരക്ക് ശേഷം 3 മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയും ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കും. ഒക്ടോബർ 6-ന് റാഞ്ചി, 9-ന് ലഖ്നൗ, 11-ന് ഡൽഹി എന്നിവിടങ്ങളിലായി ആണ് ഏകദിന മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഈ പരമ്പരക്ക് ശേഷം ടി20 ലോകകപ്പിനായി ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക് പോകും.