ടെസ്റ്റ് ഫോർമാറ്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി വാഗ്ദാനമായി കരുതപ്പെട്ടിരുന്ന താരമാണ് കരുൺ നായർ. കർണാടക ക്രിക്കറ്റിന്റെ ഭാഗമാണെങ്കിലും, കരുൺ നായർ യഥാർത്ഥത്തിൽ ഒരു മലയാളിയാണ്. ടെസ്റ്റ് ഫോർമാറ്റിൽ ഇതിഹാസ താരം വിരേന്ദർ സവാഗിന് ശേഷം ട്രിപ്പിൾ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്റർ ആയ കരുൺ നായർ, വളരെ കുറച്ച് അവസരങ്ങളിൽ നിന്ന് തന്നെ അന്താരാഷ്ട്ര ക്രിക്കറ്റ് ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2016 നവംബറിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ചെന്നൈ ടെസ്റ്റിലാണ് കരുൺ നായർ ട്രിപ്പിൾ സെഞ്ച്വറി നേടിയത്. എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 303* റൺസ് നേടി കരുൺ നായർ പുറത്താകാതെ ക്രീസിൽ തുടരുകയായിരുന്നു. മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഒരു ഇന്നിംഗ്സിനും 75 റൺസിനും വിജയിച്ചതോടെ, പ്ലെയർ ഓഫ് ദി മാച്ച് ആയി കരുണ്‍ നായരിനെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇതോടെ കരുണൻ നായർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ടെസ്റ്റ് ഫോർമാറ്റിൽ ഒരു ഭാവി വാഗ്ദാനമാണ് എന്ന് ഒരുപാട് പേർ വിശേഷിപ്പിച്ചെങ്കിലും, തൊട്ടടുത്ത ടെസ്റ്റ് മത്സരത്തിൽ തന്നെ കരുണിനെ ബെഞ്ചിൽ ഇരുത്തിയായിരുന്നു ഇന്ത്യ അദ്ദേഹത്തിനെ ട്രീറ്റ് ചെയ്തത്.

പിന്നീട്, കരുൺ നായറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ടീമിലേക്ക് പരിഗണിക്കാതെയായി. ടീമിലെ സീനിയർ താരങ്ങളുടെ ആദിക്യം ആയിരുന്നു കരുണിന് തിരിച്ചടിയായത്. എന്നാൽ, 2012 മുതൽ കരുൺ നായർ കർണാടക ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്നു. 2013 മുതൽ തുടർച്ചയായ എല്ലാ വർഷങ്ങളിലും കർണാടക ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിച്ച് കരുൺ നായർ രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന രഞ്ജി ട്രോഫിക്കുള്ള കർണാടക ടീമിൽ കരുൺ നായറിനെ ഉൾപ്പെടുത്തിയിട്ടില്ല.
കർണാടക ടീമിൽ താൻ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്ന കരുണിന്, കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ ഈ തീരുമാനം വളരെയധികം നിരാശപ്പെടുത്തി. “പ്രിയപ്പെട്ട ക്രിക്കറ്റ്, എനിക്ക് ഒരു അവസരം കൂടി തരൂ,” എന്നാണ് കർണാടക ക്രിക്കറ്റ് ടീമിന്റെ രഞ്ജി സ്ക്വാഡിൽ താൻ ഇല്ല എന്ന് ഉറപ്പായത്തിന് പിന്നാലെ കരുൺ നായർ ട്വീറ്റ് ചെയ്തത്. കരുണിന്റെ ട്വീറ്റ് ആരാധകർ ഏറ്റെടുത്തതോടെ, നിമിഷനേരം കൊണ്ടാണ് താരത്തിന്റെ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ തരംഗമായത്.