Finisher DK Is Back :ഇന്ത്യൻ ടീമാണ് അയാൾ ലക്ഷ്യം :വീണ്ടും ഞെട്ടിക്കുന്ന കാർത്തിക്ക് മാജിക്ക്

എഴുത്ത് :മനീഷ് മധുസൂദനൻ;ദിനേശ് കാർത്തിക് എന്ന പ്രഷർ അബ്സോർബറെ ക്രിക്കറ്റ് ലോകം കാണുന്നതും അറിയുന്നതും ഇതാദ്യമല്ല, പക്ഷേ അതംഗീകരിച്ച് കൊടുക്കാൻ നിതാഹത് ട്രോഫിയുടെ ആ ഫൈനൽ മാച്ച് വരെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട് . അന്ന് ബംഗ്ലാദേശിന് എതിരായ അഭിമാന പോരാട്ടത്തിൽ സൗമ്യ സർക്കാറിൻ്റെ അവസാന ബോളിൽ അയാൾ കവറിൻ്റെ മുകളിലൂടെ പായിച്ച , “താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഫ്ലാറ്റ് ആയ സിക്സ്” എന്ന് കമൻ്റേറ്റർ പോലും അവകാശപ്പെട്ട ആ സിക്സിലൂടെ ആണ് ഇന്ത്യൻ ക്രിക്കറ്റ് പോലും ഒരു പക്ഷെ ദിനേശ് കാർത്തിക് എന്ന ഫിനിഷറെ അംഗീകരിച്ചു കൊടുക്കുന്നത്.

പക്ഷേ അതിന് മുൻപും അയാളാ കൃത്യം നിർവഹിച്ചിട്ടുണ്ട്.അംഗീകരിക്കപ്പെടാൻ, അങിനെ ഒരു മത്സരം വേണ്ടി വന്നു എന്ന് മാത്രം.ഇന്നും അയാൾ ക്രീസിൽ എത്തുമ്പോൾ പതിവ് പോലെ തൻ്റെ ടീം ഒരു പ്രതിസന്ധി ഘട്ടത്തിൽ ആയിരുന്നു.
റിക്വയർ റൺ റേറ്റ് 10 ന് മുകളിൽ മുൻനിര ബാറ്റർമാർ മിക്കവരും കൂടാരം കയറിയിരുന്നു.ഷഹബാസ് അഹമ്മദിനെ കൂട്ട് പിടിച്ച് സ്കോർ ബോർഡിൻ്റെ നിയന്ത്രണം കാർത്തിക് ഏറ്റെടുത്ത നിമിഷം മുതൽ കളി ബാംഗ്ലൂരിൻ്റെ കൈകളിൽ എത്തിയിരുന്നു.

അതുവരെ മികച്ച ഇക്കണോമിയിൽ പന്തെറിഞ്ഞെ അശ്വിൻ്റെ 13 മത്തെ ഓവറിൽ ഒരു സിക്സും മൂന്ന് ഫോറുമടക്കം 21 റൺസ് ആണ് കാർത്തിക് വാരിയത്.ഓഫ് സൈഡിൽ കൃത്യമായി ഫീൽഡ് സെറ്റ് ചെയ്ത് അതെ സ്റ്റമ്പിന് പുറത്ത് 140 km വേഗത്തിൽ പന്തെറിഞ്ഞ സൈനിയുടെ ബോളുകൾ ക്വിക് ഷഫിളുകകളിലൂടെ ബക്വേഡ് സ്‌ക്വറിലേക്കും മിഡ് വിക്കറ്റിലേക്കും ബൗണ്ടറി ലക്ഷ്യമാക്കി പാഞ്ഞു. സ്ലോഗ് എന്ന് തോന്നും എങ്കിലും , ശരിക്കും അതൊക്കെ പ്രോപ്പർ ക്രിക്കറ്റിങ് ഷോട്ട് ആയി ആണ് മനസ്സിലിടം പിടിക്കുന്നത്.

ഒരു സ്പിന്നറെ നേരിടുന്ന അതെ മൈൻഡ് സെറ്റിൽ ഫാസ്റ്റ് ബൗളർമാർക്ക് എതിരെ സ്വീപ് ഷോട്ടുകൾ കളിക്കുന്നു,ഇല്ലാത്ത ആംഗിളുകളിൽ നിന്ന് പോലും അയാൾ ഷോട്ടുതിർക്കുന്നു,ബൗണ്ടറി ക്ലിയർ ചെയ്യുന്നു,മത്സരം എതിരാളികൾ പോലുമറിയാതെ അവരുടെ കൈകളിൽ നിന്ന് പിടിച്ചു വാങ്ങുന്നു.മിക്കപ്പോഴും എതിർ ടീമുകൾക്ക് അയാളൊരു നിശ്ശബ്ദനായ കൊലയാളിയാവുന്നു.ബാംഗ്ലൂരിൽ അയാൾക്ക് ചുമതലകളുടെ ബാദ്ധ്യതകളില്ല, പ്രതീക്ഷകളുടെ അമിത ഭാരമില്ല.അയാളുടെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാൻ ഇതിൽ കൂടുതൽ അയാൾക്ക് മറ്റൊന്നും ആവശ്യവുമില്ല.എതിരാളികൾ തീർച്ചയായും അയാളെ ഭയക്കണം