ഈ സീസണിൽ അവർ സൂപ്പർ!!!!!പൊളിക്കും മിന്നിക്കും :പ്രവചനവുമായി ദിനേശ് കാർത്തിക്ക്

ഐപിഎൽ 2022ൽ മികച്ച പ്രകടനം പുറത്തെടുത്ത് ശ്രദ്ധിക്കപ്പെടുന്ന താരങ്ങളാകാൻ സാധ്യതയുള്ളവർ ആരൊക്കെ എന്ന് വെളിപ്പെടുത്തി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം ദിനേശ് കാർത്തിക്. മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ കണക്കുകൂട്ടലിൽ വിദേശ താരങ്ങളായ ഡേവിഡ് വാർണറും ഡെവൻ കോൺവെയും ഉൾപ്പെടുന്നു. ക്രിക്ക്ബസിനോട് സംസാരിക്കവേ, ഡൽഹിയിലേക്ക് മാറിയത് വാർണറിന് അനുകൂലമാകും എന്നും വരാനിരിക്കുന്ന സീസൺ അദ്ദേഹത്തിന് വളരെ മികച്ചതാകുമെന്നും കാർത്തിക് പറഞ്ഞു.

“തീർച്ചയായും ഡേവിഡ് വാർണർ ഐ‌പി‌എല്ലിൽ ഒരുപാട് തവണ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത താരമാണ്. എന്നാൽ, കഴിഞ്ഞ വർഷം അദ്ദേഹത്തിന് പ്രതീക്ഷക്ക് അനുസരിച്ച് കളിക്കാൻ സാധിച്ചില്ല, പക്ഷേ എനിക്ക് ഉറപ്പുണ്ട് വരും സീസണിൽ അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കും. അദ്ദേഹം മുമ്പ് കളിച്ചിട്ടുള്ള ഒരു ഫ്രാഞ്ചൈസിയിലേക്ക് തന്നെയാണ് തിരിച്ചുപോയിരിക്കുന്നത്. മറ്റൊരു കാര്യം എന്തെന്നാൽ ആ ഫ്രാഞ്ചൈസിയിൽ ഞാൻ അദ്ദേഹത്തോടൊപ്പം കളിച്ചിട്ടുണ്ട്,” കാർത്തിക് പറഞ്ഞു.

വാർണറെ കൂടാതെ, കാർത്തിക് ശ്രദ്ധിക്കേണ്ട കളിക്കാരനായി ഡെവൻ കോൺവെയെയും തിരഞ്ഞെടുത്തു. “ഡെവൻ കോൺവേ, അദ്ദേഹം ഒരു പുതിയ ഇംപോർട്ട് ആണ്, CSK യിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്നു. മികച്ച കളിക്കാരൻ. ലോകകപ്പിൽ പോലും സമ്മർദ്ദത്തിൻ കീഴിൽ മികച്ച പ്രകടനം കാഴ്ചവച്ചു. അദ്ദേഹം വളരെ ശക്തനായ ഒരു കളിക്കാരനാണെന്നും CSK യ്ക്ക് വളരെ നന്നായി പ്രയോഗിക്കാമെന്നും എനിക്ക് തോന്നുന്നു,” കാർത്തിക് പറഞ്ഞു.

ഈ വിദേശ താരങ്ങൾക്ക് പുറമെ ഐപിഎൽ 2022 സീസണിൽ ശ്രദ്ധിക്കേണ്ട മൂന്ന് ഇന്ത്യൻ താരങ്ങളുടെ പേരും കാർത്തിക് വെളിപ്പെടുത്തി. തമിഴ്നാട് ആഭ്യന്തര താരമായ സായ് കിഷോർ, ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് ക്യാപ്റ്റൻ യാഷ് ദുൽ, മുൻ മുംബൈ ഇന്ത്യൻസ് താരവും നിലവിൽ ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത്‌ ടൈറ്റൻസ് ക്യാപ്റ്റനായ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവരുടെ പേരുകളാണ് കാർത്തിക് പറഞ്ഞത്.