അവൻ ലോകകപ്പ് ടീമിൽ ഉറപ്പ് :വാനോളം പുകഴ്ത്തി മുൻ താരം

ശ്രീലങ്കക്കെതിരെ അവസാനിച്ച ടി20 പരമ്പരയിൽ, മൂന്ന് അർദ്ധസെഞ്ച്വറികൾ നേടി പരമ്പരയിലെ താരമായി തിളങ്ങി നിൽക്കുകയാണ് ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യർ. അതോടെ മുൻ ഇന്ത്യൻ താരങ്ങളായ സഹീർ ഖാൻ, ദിനേശ് കാർത്തിക് തുടങ്ങിയവർ അയ്യരുടെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തി. എന്നിരുന്നാലും, അയ്യരുടെ ഭാവി ഇപ്പോഴും ഭദ്രമായിട്ടില്ല എന്നാണ് വെറ്റെറൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കിന്റെ അഭിപ്രായം.

വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യർ ഉണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല എന്ന് വ്യക്തമാക്കിയ കാർത്തിക്, ശ്രേയസ് അയ്യർ ഫസ്റ്റ് ഇലവനിൽ സ്ഥാനം കണ്ടെത്തുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ് എന്ന് അഭിപ്രായപ്പെട്ടു. വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ മൂന്നാം നമ്പറിൽ ഇടം കണ്ടെത്തിയ അയ്യർ, മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിൽ 204 റൺസ് നേടി തന്റെ ബാറ്റിംഗ് ക്ലാസ് വെളിപ്പെടുത്തിയിരുന്നു.

നിയുക്ത കോൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് ക്യാപ്റ്റനായ ശ്രേയസ് അയ്യർ, 2022 ഓസ്ട്രേലിയൻ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഫസ്റ്റ് ഇലവനിൽ ഉൾപ്പെടാൻ സാധ്യതയില്ല എന്ന് പറയുന്ന കാർത്തിക് അതിന്റെ കാരണവും പറയുന്നുണ്ട്. “അവൻ (ശ്രേയസ്) ലോകകപ്പിൽ ഫസ്റ്റ് ഇലവനിൽ ഉൾപ്പെടില്ല എന്ന ബോധ്യം അവന്റെ മനസ്സിലുണ്ടെന്ന് ഞാൻ കരുതുന്നു. എന്നിരുന്നാലും, ഓസ്ട്രേലിയയിലേക്കുള്ള ഫ്ലൈറ്റിൽ ശ്രേയസിന് ഒരു സീറ്റ് ബുക്ക് ചെയ്തിട്ടുണ്ടാകും എന്നത് അവന്റെ പ്രകടനത്തിലൂടെ ഉറപ്പ് വരുത്തുന്നു,” കാർത്തിക് Cricbuzz-ൽ പറയുന്നു.

“ഇപ്പോഴത്തെ ടീം പരിശോധിച്ചാൽ, അവസരം കാത്ത് 4-5 കളിക്കാരുടെ ഒരു കൂട്ടം ഉണ്ടെന്ന് നിങ്ങൾ മനസ്സിലാക്കണം. കൂടാതെ, ഈ കാലയളവിൽ തങ്ങളുടെ പ്രകടനം കൊണ്ട് ടീമിലെ സ്ഥാനം സ്ഥിരപ്പെടുത്തിയ ഒരുപിടി താരങ്ങളും. വിരാട് കോഹ്ലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, കെ എൽ രാഹുൽ, ഈ നിര ഇങ്ങനെ തുടരുന്നു. ശ്രേയസ് അയ്യർ മികച്ച കളിക്കാരനാണെങ്കിലും, ഫസ്റ്റ് ഇലവനിൽ എവിടെ സ്ഥാനം കണ്ടെത്തും എന്നത് കണ്ടറിയണം,” കാർത്തിക് പറഞ്ഞു.