ഫോം അല്ലാത്ത കോഹ്ലിയെ മാറ്റണം : ചൂണ്ടികാട്ടി ഇതിഹാസ താരം

രവിചന്ദ്രൻ അശ്വിനെ ടെസ്റ്റ് ടീമിൽ നിന്ന് പുറത്താക്കിയതിന് സമാനമായി വിരാട് കോഹ്‌ലിയെ ടി20യിൽ നിന്ന് ഒഴിവാക്കാമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. കൂടാതെ, കുറച്ചുകാലമായി ഫോർമാറ്റുകളിലുടനീളം മോശമായ കോഹ്‌ലിയെക്കാൾ മികച്ച പ്രകടനം നടത്തുന്ന ടീമിലെ യുവ താരങ്ങൾ അവസരങ്ങൾ അർഹിക്കുന്നുണ്ടെന്ന് കപിൽ ദേവ് കരുതുന്നു. ഇന്ന് (ജൂലൈ 9) നടക്കാനിരിക്കുന്ന രണ്ടാം ടി20 മത്സരത്തിലേക്ക് കോഹ്‌ലി മടങ്ങിയെത്തുന്ന സാഹചര്യത്തിലാണ് മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ പ്രസ്താവന.

“ടി20 പ്ലെയിംഗ് ഇലവനിൽ നിന്ന് കോഹ്‌ലിയെ ബെഞ്ചിലിരുത്താൻ നിങ്ങൾ നിർബന്ധിതരാകുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ലോക ഒന്നാം നമ്പർ ബൗളർ അശ്വിനെ ടെസ്റ്റിൽ നിന്ന് പുറത്താക്കിയാൽ, ലോക ഒന്നാം നമ്പർ ബാറ്ററെയും പുറത്താക്കാം. വർഷങ്ങളായി വിരാട് കോഹ്‌ലി മികച്ച നിലവാരത്തിലല്ല. തന്റെ പ്രകടനങ്ങൾ കൊണ്ടാണ് കോഹ്‌ലി പേരെടുത്തത്,” കപിൽ ദേവ് പറയുന്നു.

“പക്ഷേ അദ്ദേഹം പ്രകടനം നടത്തുന്നില്ലെങ്കിൽ, പ്രകടനം നടത്തുന്ന യുവ താരങ്ങളെ നിങ്ങൾക്ക് ടീമിൽ നിന്ന് മാറ്റി നിർത്താൻ കഴിയില്ല,” കപിൽ ദേവ് കൂട്ടിച്ചേർത്തു. ടീമിൽ ആരോഗ്യകരമായ മത്സരം ഉണ്ടാകണമെന്നും കോഹ്‌ലിയുടെ പ്രശസ്തി, ഇലവനിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള മാനദണ്ഡത്തിന്റെ ഭാഗമാകരുതെന്നും കപിൽ വിശ്വസിക്കുന്നു. ഇത് യുവ താരങ്ങളിൽ അവരുടെ ആത്മവിശ്വാസം ഉയർന്ന തലത്തിലേക്ക് ഉയർത്താൻ സഹായിക്കും എന്നും കപിൽ പറഞ്ഞു.

“ഇപ്പോഴുള്ള ചെറുപ്പക്കാർ വിരാടിനെ മറികടക്കാൻ ശ്രമിക്കണം എന്ന പോസിറ്റീവ് അർത്ഥത്തിൽ ടീമിലെ സ്ഥാനങ്ങൾക്കായുള്ള മത്സരം ഞാൻ ആഗ്രഹിക്കുന്നു. മറ്റാരെങ്കിലും അതിനെ ഡ്രോപ്പ് എന്ന് വിളിച്ചാലും, നിങ്ങൾക്ക് ഇതിനെ വിശ്രമം എന്ന് വിളിക്കാം. ഓരോ വ്യക്തിക്കും അവരുടേതായ കാഴ്ചപ്പാടുണ്ടാകും. വ്യക്തമായും, സെലക്ടർമാർ അദ്ദേഹത്തെ (കോഹ്ലി) തിരഞ്ഞെടുത്തില്ലെങ്കിൽ, അത് ഒരു വലിയ കളിക്കാരൻ പ്രകടനം നടത്താത്തതിനാലാകാം. നിങ്ങൾക്ക് ധാരാളം ഓപ്ഷനുകൾ ഉള്ളപ്പോൾ ഇൻ-ഫോമിലുള്ള കളിക്കാരെ കളിപ്പിക്കുക. ഒരാൾക്ക് പ്രശസ്തി കൊണ്ട് മാത്രം പോകാൻ കഴിയില്ല,” കപിൽ ദേവ് പറഞ്ഞു.