
ഒരു ബൗണ്ടറിയിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ സുവർണ ലിബികളാൽ ചേർക്കപ്പെട്ട താരം ;ഇന്നും സൂപ്പർ ഹീറോയായ താരം
90 കളുടെ അവസാനത്തിൽ ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമായിരുന്ന, ഒരു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് ഹൃഷികേശ് കനിത്കർ. ഇടംകൈയ്യൻ മധ്യനിര ബാറ്ററും പാർട് ടൈം ഓഫ് സ്പിന്നറുമായ കനിത്കർ 2 ടെസ്റ്റുകളിലും 34 ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. 2 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 74 റൺസ് സമ്പാദ്യമുള്ള കനിത്കർ, 34 ഏകദിന മത്സരങ്ങളിൽ നിന്ന് 339 റൺസും 17 വിക്കറ്റുകളും നേടിയിട്ടുണ്ട്.
ദേശീയ കുപ്പായത്തിൽ കണക്കുകൾ കൊണ്ട് വലിയ നേട്ടങ്ങൾ എടുത്ത് പറയാൻ ഇല്ലെങ്കിലും, 1998-ൽ ധാക്കയിൽ നടന്ന ഇൻഡിപെൻഡൻസ് കപ്പ് ഫൈനലിന്റെ അവസാന പന്തിൽ പാകിസ്ഥാൻ ബൗളർ സഖ്‌ലെയ്ൻ മുഷ്താഖിനെതിരെ ബൗണ്ടറി നേടി ഇന്ത്യയെ മത്സരത്തിലും ടൂർണമെന്റിലും വിജയിപ്പിച്ചതിന്റെ പേരിലാണ് ഹൃഷികേശ് കനിത്കർ ഇന്നും ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഹൃദയങ്ങളിൽ ഓർമ്മകളായി അവശേഷിക്കുന്നത്.

1998 ജനുവരി 18 ന്, നടന്ന ഇന്ത്യ പാകിസ്ഥാൻ ഇൻഡിപെൻഡൻസ് കപ്പ് ഫൈനൽ. അന്ന് തന്റെ കരിയറിലെ മൂന്നാമത്തെ മാത്രം ഏകദിന മത്സരത്തിലാണ് കനിത്കർ ഇറങ്ങിയിരിക്കുന്നത്. 48 ഓവറിൽ 315 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക്, അവസാന 2 പന്തിൽ 3 റൺസ് വിജയിക്കാൻ വേണം എന്ന നിലയിലെത്തി. അവസാന ഓവർ എറിയുന്നത് ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിൻ ഇതിഹാസം സാക്ഷാൽ സഖ്‌ലെയ്ൻ മുഷ്താഖ്. ഇന്ത്യക്ക് വേണ്ടി സ്ട്രൈക്കിൽ കനിത്കർ. ഇന്ത്യക്ക് വിജയം അസാധ്യമാണെന്ന് എല്ലാവരും കരുതിയ നിമിഷം.
എന്നാൽ, അസാധ്യം എന്ന് തോന്നിപ്പിച്ച നിമിഷത്തിൽ കനിത്കർ, മുഷ്താക്കിന്റെ അവസാന പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ ബൗണ്ടറി നേടി. ആ ഒരു ബൗണ്ടറിയിലൂടെ, കനിത്കർ ആ ഒരു രാത്രിയിലെ ഇന്ത്യൻ ടീമിന്റെ ഹീറോയും, ക്രിക്കറ്റ് പ്രേമികളുടെ ഒരു തലമുറയുടെ ആരാധനാപാത്രവുമായി മാറി. പ്രസിദ്ധമായ ആ ബൗണ്ടറി അടിച്ച് വർഷങ്ങൾക്ക് ശേഷം, കനിത്കർ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞു, ആ ഷോട്ട് എടുക്കാൻ തന്നെ സഹായിച്ചത് മറുവശത്ത് നിന്നിരുന്ന ജവഗൽ ശ്രീനാഥിന്റെ ഉപദേശമാണ് എന്ന്. എന്തുതന്നെ ആയാലും ആ ബൗണ്ടറിയിലൂടെ ഹൃഷികേശ് കനിത്കർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സുവർണ ചരിത്രത്തിന്റെ ഭാഗമായി.