ഇന്ത്യ നമ്മുടെ ശത്രുവല്ല, ശത്രുക്കൾ നിങ്ങളെ പോലുള്ളവർ ; ഷാഹിദ് അഫ്രീദിക്കെതിരെ മുൻ പാകിസ്ഥാൻ സ്പിന്നർ

മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയും മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയയും തമ്മിലുള്ള വാക്പോര് മുറുകുന്നു. മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി തന്നെ മതം മാറാൻ നിറബന്ധിച്ചിട്ടുണ്ടെന്നും നിർബന്ധിത മതപരിവർത്തനത്തിനെതിരെ ശബ്ദമുയർത്തിയപ്പോൾ കരിയർ തകരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കനേരിയ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

തനിക്ക് ടീമിൽ ഇടം ലഭിക്കേണ്ട അവസരങ്ങളിൽ തന്നെ തഴഞ്ഞതിന് പിന്നിൽ പ്രവർത്തിച്ചതും അഫ്രീദി ആണെന്ന ആരാപണവും കനേരിയ ഉയർത്തിയിരുന്നു. ഇതിന് മറുപടിയായി, താൻ ആരെയും മതം മാറാൻ നിർബന്ധിച്ചിട്ടില്ല എന്നും ആരുടേയും അവസരങ്ങൾ നഷ്ടപ്പെടുത്തിയിട്ടില്ല എന്നും വ്യക്തമാക്കിയ അഫ്രീദി, കനേരിയ തനിക്കെതിരെ തെറ്റായ വാദങ്ങൾ ആരോപിച്ച് തന്നെ തെറ്റുകാരനായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ് എന്ന് പ്രതികരിച്ചു. ഇപ്പോഴിതാ, ‘ഇന്ത്യ നമ്മുടെ ശത്രുരാജ്യമാണ്’ എന്ന മുൻ പാകിസ്ഥാൻ നായകന്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കനേരിയ. ട്വീറ്ററിലൂടെയാണ് കനേരിയയുടെ പ്രതികരണം.

ഇന്ത്യ നമ്മുടെ ശത്രു രാജ്യമല്ലെന്നും, മ തത്തിന്റെ പേരിൽ ജനങ്ങളെ വേർത്തിരിക്കുന്നവരാണ് നമ്മുടെ ശ ത്രുക്കൾ എന്നും കനേരിയ പ്രതികരിച്ചു. “ഇന്ത്യ നമ്മുടെ ശത്രുവല്ല. മതത്തിന്റെ പേരിൽ ജനങ്ങളെ വേർത്തിരിക്കുന്നവരാണ് നമ്മുടെ ശത്രുക്കൾ. ഇന്ത്യയെ നിങ്ങളുടെ ശത്രുവായി നിങ്ങൾ കരുതുന്നുവെങ്കിൽ, ഇനി ഒരിക്കലും ഒരു ഇന്ത്യൻ മീഡിയ ചാനലിലേക്കും നിങ്ങൾ പോകരുത്,” കനേരിയ ട്വീറ്റ് ചെയ്തു.

പാകിസ്ഥാന് വേണ്ടി 61 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 261 വിക്കറ്റുകൾ നേടിയ സ്പിന്നറാണ് ഡാനിഷ് കനേരിയ. ഷാഹിദ് അഫ്രീദി തന്നെ മതം മാറാൻ നിർബന്ധിച്ചെന്ന് കനേരിയ ഒരു ഇന്ത്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയതോടെയാണ് ഇതെല്ലാം ആരംഭിച്ചത്. കനേരിയ കുറഞ്ഞ പ്രശസ്തിക്കും പണം നേടാനുമാണ് ഇങ്ങനെ ചെയ്യുന്നത് എന്ന നിലപാടാണ് അഫ്രീദി സ്വീകരിച്ചിരിക്കുന്നത്.