നൂറ്റാണ്ടിലെ പ്ലാനുകൾ അവർക്കുണ്ട്!!ഇന്ത്യയെ കണ്ടുപഠിക്കൂ : ആവശ്യവുമായി മുൻ പാക് താരം

ഓഗസ്റ്റ് മാസം അവസാനം ആരംഭിക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിനുള്ള ഒരുക്കത്തിലാണ് എല്ലാ ടീമുകളും. ഇന്ത്യ, പാകിസ്ഥാൻ തുടങ്ങിയ ടീമുകളെല്ലാം തങ്ങളുടെ ഏഷ്യ കപ്പ്‌ സ്ക്വാഡിനെ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇപ്പോൾ, ഏഷ്യ കപ്പിന് മുൻപായി ഇന്ത്യയും പാകിസ്ഥാനും സിംബാബ്‌വെക്കെതിരെയും നെതർലൻഡ്സിനെതിരെയും ഏകദിന പരമ്പര കളിക്കാൻ തയ്യാറെടുക്കുകയാണ്. എന്നാൽ, നെതർലൻഡ്സ്‌ പര്യടനത്തിന് തയ്യാറെടുക്കുന്ന പാക്കിസ്ഥാൻ ടീമിനെ വിമർശിച്ച് മുൻ പാക് സ്പിന്നർ ഡാനിഷ് കനേരിയ രംഗത്ത് എത്തിയിരിക്കുകയാണ്.

നെതർലൻഡ്സ്‌ പര്യടനത്തിനുള്ള പാക്കിസ്ഥാന്റെ ടീം തിരഞ്ഞെടുപ്പിനെ ആണ് കനേരിയ വിമർശിച്ചിരിക്കുന്നത്. പാകിസ്ഥാൻ ഭാവി മുന്നിൽക്കാണാൻ ശ്രമിക്കുന്നില്ല എന്ന് വിമർശനം ഉന്നയിച്ച കനേരിയ, പാക്കിസ്ഥാനോട് ഇക്കാര്യത്തിൽ ഇന്ത്യയെ കണ്ടു പഠിക്കണം എന്നും ഉപദേശിച്ചു. സിംബാബ്‌വെ പര്യടനത്തിന് ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് ഉൾപ്പെടെ വിശ്രമം നൽകി യുവതാരങ്ങൾക്ക് അവസരം നൽകിയാണ് ഇന്ത്യൻ ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, നെതർലൻഡ്സ്‌ പര്യടനത്തിന് ക്യാപ്റ്റൻ ബാബർ അസമിന്റെ നേതൃത്വത്തിലുള്ള ഫുൾ ടീമിനെയാണ് പാകിസ്ഥാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാര്യമാണ് ഡാനിഷ് കനേരിയ ചൂണ്ടിക്കാട്ടുന്നത്. “ഇന്ത്യ അവരുടെ ഭാവി മുന്നിൽ കാണുന്നു, അതുകൊണ്ട് അവർ യുവ കളിക്കാർക്ക് കൂടുതൽ അവസരം നൽകുന്നു. നിർഭാഗ്യവശാൽ, പാകിസ്ഥാന് ഇപ്പോഴും അത്തരം ചിന്താഗതികൾ വന്നിട്ടില്ല. നെതർലൻഡ്സ്‌ പര്യടനത്തിനുള്ള പാക് ടീം പ്രഖ്യാപനത്തിൽ അത് വ്യക്തമാണ്,” കനേരിയ പറഞ്ഞു.

“ഇത്തരം പരമ്പരകളിൽ യുവ കളിക്കാർക്ക് കൂടുതൽ അവസരം നൽകാൻ പാകിസ്ഥാൻ തയ്യാറാകേണ്ടതാണ്. ഇക്കാര്യത്തിൽ പാക്കിസ്ഥാൻ ഇന്ത്യൻ ടീമിനെ കണ്ടു പഠിക്കണം. കഴിഞ്ഞ ലോകകപ്പിന് ശേഷം പാകിസ്ഥാൻ 7 ടി20 മത്സരങ്ങളാണ് കളിച്ചത്, അതിൽ 6 ജയിച്ചു. അതേസമയം, ഇന്ത്യ 24 ടി20 മത്സരങ്ങൾ കളിച്ചു, അതിൽ 20-ലും ജയിച്ചു. മിക്ക പരമ്പരകളിലും അവരുടെ ബി, സി ടീമുകളാണ് കളിച്ചത്. ഇത് ഇന്ത്യയുടെ ബെഞ്ച് സ്ട്രെങ്ത് തെളിയിക്കുന്നു,” കനേരിയ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.