
വെറുതെ തലയാട്ടിയാൽ പോരാ പണിയെടുക്കണം!! സഞ്ജുവിന്റെ ക്യാപ്റ്റൻസിയെ വിമർശിച്ച് മുൻ പാക്കിസ്ഥാൻ താരം
സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഏറ്റവും ഒടുവിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടതിന് പിന്നാലെ, അവരുടെ ക്യാപ്റ്റൻ സഞ്ജു സാംസണെതിരെ ഉയരുന്ന വിമർശനങ്ങൾ അവസാനിക്കുന്നില്ല. ഹോം ഗ്രൗണ്ടിൽ റെക്കോർഡ് ടോട്ടൽ പടുത്തുയർത്തിയിട്ടും, ഹൈദരാബാദിനെതിരെ അത് പ്രതിരോധിക്കാൻ രാജസ്ഥാന് സാധിച്ചിരുന്നില്ല. ഇത് ക്യാപ്റ്റൻ എന്ന നിലയിൽ സഞ്ജുവിന്റെ പോരായ്മ കൂടിയാണ് എന്നാണ്, പൊതുവേയുള്ള വിലയിരുത്തൽ.
ഇപ്പോൾ, മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയയും സഞ്ജുവിനെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഹൈദരാബാദിനെതിരെ വലിയ ടോട്ടൽ ഉയർത്തിയ ശേഷം, അത് പ്രതിരോധിക്കാൻ രാജസ്ഥാൻ ബൗളർമാർ പരാജയപ്പെട്ടതിൽ, ക്യാപ്റ്റൻ എന്ന നിലയിൽ സഞ്ജുവിന് വലിയ ഉത്തരവാദിത്തം ഉണ്ട് എന്നാണ് ഡാനിഷ് കനേരിയ അഭിപ്രായപ്പെടുന്നത്. ക്യാപ്റ്റൻസി സഞ്ജുവിന് യോജിച്ച ജോലി അല്ല എന്നും മുൻ പാക്കിസ്ഥാൻ താരം പറയുന്നു.
“ബൗളർമാർ മോശം പ്രകടനം നടത്തുമ്പോൾ, താങ്കൾ എന്താണ് ചെയ്യുന്നത് എന്ന് ബൗളറോട് ചോദിക്കാൻ ക്യാപ്റ്റൻ എന്ന നിലയിൽ സഞ്ജുവിന് തന്റേടം വേണമായിരുന്നു. വെറുതെ തലയാട്ടി നിൽക്കാതെ, അടുത്ത ബോളിൽ എന്താണ് പ്ലാൻ എന്ന് ബൗളറോട് കൃത്യമായി ആശയവിനിമയം നടത്തണമായിരുന്നു. ഇമ്പാക്ട് പ്ലെയറെ ഉപയോഗിക്കുന്നതിലും സഞ്ജുവിന് പിഴച്ചു. കളി കൈവിട്ട ശേഷമാണ് അദ്ദേഹം ഒബദ് മക്കോയിയെ ഉപയോഗിച്ചത്,” ഡാനിഷ് കനേരിയ പറയുന്നു.
“അതേസമയം, യുസ്വേന്ദ്ര ചഹൽ മികച്ച രീതിയിൽ ബൗൾ ചെയ്തു. എന്നാൽ, മക്കോയ് കൃത്യമായ ഇമ്പാക്ട് ഉണ്ടാക്കാതെ രാജസ്ഥാനെ പരാജയപ്പെടുത്തി. സഞ്ജു സാംസൺ ഒരു മികച്ച ബാറ്ററാണ്, വിക്കറ്റ് കീപ്പിങ്ങും മികച്ചത് തന്നെ. എന്നാൽ ക്യാപ്റ്റൻസിയുടെ കാര്യത്തിൽ അദ്ദേഹത്തിന് ആത്മിക ഇല്ല,” ഡാനിഷ് കനേരിയ കുറ്റപ്പെടുത്തി. എന്തുതന്നെയായാലും, പ്രഥമ സീസണിന് ശേഷം രാജസ്ഥാനെ ആദ്യമായി ഐപിഎൽ ഫൈനലിൽ എത്തിച്ച ക്യാപ്റ്റൻ ആണ് സഞ്ജു സാംസൺ എന്നതിനാൽ തന്നെ, അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയെ പൂർണമായി തള്ളിപ്പറയാൻ സാധിക്കില്ല.