അവനാണ് ഒന്നാം നമ്പർ അവൻ സൂപ്പർ സ്റ്റാർ!! വാനോളം പുകഴ്ത്തി മുൻ പാക് താരം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ. നിലവിൽ, ലോക ക്രിക്കറ്റിലെ ഒന്നാം നമ്പർ ഓൾറൗണ്ടർ ആണ് ഹാർദിക് പാണ്ഡ്യ എന്നാണ് കനേരിയയുടെ അഭിപ്രായം. ഇതുപോലൊരു ഓൾറൗണ്ടർക്ക് വേണ്ടിയാണ് ഇന്ത്യ കാത്തിരുന്നിരുന്നത് എന്നും കനേരിയ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിന മത്സരത്തിലെ ഹാർദിക്കിന്റെ ഓൾറൗണ്ട് പ്രകടനം ഇന്ത്യയുടെ ജയത്തിൽ നിർണായകമായിരുന്നു. അവസാന ഏകദിനത്തിൽ, 71 റൺസും 4 വിക്കറ്റും ആയിരുന്നു ഓൾറൗണ്ടറുടെ സമ്പാദ്യം. പരമ്പരയിൽ 100 റൺസും, 6 വിക്കറ്റും നേടിയ ഹാർദിക് പാണ്ഡ്യയെ ആണ് പരമ്പരയിലെ താരമായി തിരഞ്ഞെടുത്തത്. പ്രകടത്തിനപ്പുറം, ഫിറ്റ്നസ് ആയാലും പക്വത ആയാലും സഹതാരങ്ങളോടുള്ള സംഭാഷണത്തിൽ ആയാലും ഹാർദിക് ഏറെ മുന്നേറിയിട്ടുണ്ട് എന്നും കനേരിയ അഭിപ്രായപ്പെട്ടു.

“ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ഹാർദിക് പാണ്ഡ്യയുടെ പ്രകടനം വളരെ മികച്ചതായിരുന്നു. ബോൾ കൊണ്ടും ബാറ്റ്‌ കൊണ്ടും അദ്ദേഹം ഇന്ത്യക്ക് മികച്ച സംഭാവന നൽകി. ഇതുപോലൊരു ഓൾറൗണ്ടർക്ക് വേണ്ടി ഇന്ത്യ ഒരുപാട് കാലമായി കാത്തിരിക്കുന്നു. അവർക്ക് എപ്പോഴും മികച്ച സ്പിൻ ഓൾറൗണ്ടർമാർ ഉണ്ടാകാറുണ്ട്. എന്നാൽ, പേസ് യൂണിറ്റിനെ സഹായിക്കുന്ന ഓൾറൗണ്ടർമാർ വളരെ ചുരുക്കമാണ്,” മുൻ പാകിസ്ഥാൻ സ്പിന്നർ പറയുന്നു.

“ഹാർദിക്കിന്റെ മൊത്തത്തിലുള്ള മനോഭാവത്തിൽ മാറ്റം വന്നിട്ടുണ്ട്. ഋഷഭ് പന്തുമായി കൂട്ടുകെട്ട് പങ്കിടുമ്പോൾ, ഹാർദിക് പന്തിനെ വളരെ അധികം സപ്പോർട്ട് ചെയ്തിരുന്നു, പന്തിന് ആത്മവിശ്വാസം പകർന്നിരുന്നു. ഹാർദിക് പാണ്ഡ്യ ആണ് ഇപ്പോൾ ലോകത്തിലെ ഒന്നാം നമ്പർ ഓൾറൗണ്ടർ. അവസാന മത്സരത്തിൽ ബൌളിംഗ് ഓപ്പൺ ചെയ്യാൻ ജസ്‌പ്രീത് ബുംറ ഇല്ലാതിരുന്നിട്ട് പോലും, ആ കുറവ് നികത്തിയത് ഹാർദിക് ആണ്,” കനേരിയ പറഞ്ഞു.