കോഹ്ലി ഇന്ത്യൻ ടീമിന് ഒരു ഭാരമാകും ; മുന്നറിയിപ്പ് നൽകി മുൻ പാക്കിസ്ഥാൻ താരം

ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയുടെ മികച്ച ഫോമിലേക്കുള്ള മടങ്ങിവരവിനായാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി വിരാട് കോഹ്ലിക്ക് ഒരു സെഞ്ച്വറി പോലും നേടാനായിട്ടില്ല എന്നത് അദ്ദേഹത്തിന്റെ മോശം ഫോമിനെ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലും മോശം ഫോം തുടർന്നതിനെ തുടർന്ന് കോഹ്‌ലിക്ക് വിശ്രമം അനുവദിക്കണം എന്ന് നിരവധി മുൻ ക്രിക്കറ്റർമാർ ആവശ്യപ്പെട്ടിരുന്നു.

തുടർന്ന്, അവസാനിച്ച വെസ്റ്റ് ഇൻഡീസ്‌ പര്യടനത്തിലും ആരംഭിക്കാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തിനും കോഹ്ലിക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഈ മാസം അവസാനം ആരംഭിക്കാനിരിക്കുന്ന ഏഷ്യ കപ്പ് ടൂർണമെന്റിലേക്ക് ആയിരിക്കും ഇനി കോഹ്‌ലി ടീമിലേക്ക് തിരിച്ചെത്തുക. കോഹ്‌ലിക്ക് ഏഷ്യ കപ്പ് ഏറെ നിർണായകമായിരിക്കും എന്ന് വിലയിരുത്തുകയാണ് മുൻ പാക്കിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ.

“ഏഷ്യ കപ്പ് ടൂർണമെന്റിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് കോഹ്ലി. അദ്ദേഹത്തിന്റെ മികച്ച തിരിച്ചുവരവിനായി ആണ് ഞാൻ ഉൾപ്പെടെയുള്ളവർ കാത്തിരിക്കുന്നത്. എന്നാൽ, ഈ ഏഷ്യ കപ്പ് അദ്ദേഹത്തിന്റെ കരിയർ നീട്ടാൻ ഏറെ നിർണായകമാകും. ഏഷ്യ കപ്പിൽ കോഹ്ലി നേടുന്ന സ്കോറുകൾ, കോഹ്ലിയുടെ ടീമിലെ ഭാവി നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും. കോഹ്ലിക്ക് അഥവാ തിളങ്ങാനായില്ലെങ്കിൽ കോഹ്ലി വീണ്ടും ടീമിന് ഒരു ഭാരമാവും,” ഡാനിഷ് കനേരിയ പറയുന്നു.

കോഹ്‌ലിയുടെ സ്ഥാനത്തിനായി ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, ശുഭ്മാൻ ഗിൽ തുടങ്ങിയ ഡൈനാമിക് ബാറ്റർമാർ കാത്തിരിക്കുന്നുണ്ട് എന്നും ഡാനിഷ് കനേരിയ ഓർമിപ്പിച്ചു. കൂടാതെ, കോഹ്‌ലിയുടെ പ്ലെയിംഗ് ഇലവനിലെ സ്ഥാനത്തിൽ ചെറിയൊരു നിർദ്ദേശവും കനേരിയ മുന്നോട്ട് വെച്ചു. “കെഎൽ രാഹുലും രോഹിത്തും ഓപ്പണർമാരായി എത്തിയതിന് ശേഷം, സൂര്യകുമാർ യാദവ് മൂന്നാം നമ്പറിൽ വരട്ടെ. നാലാമനായി കോഹ്‌ലി വരണം, എങ്കിൽ കളി നിരീക്ഷിക്കാൻ അദ്ദേഹത്തിന് കൂടുതൽ സമയം ലഭിക്കും,” കനേരിയ പറഞ്ഞു.