എല്ലാം ദ്രാവിഡിന്റെ തെറ്റാണ് : ആഞ്ഞടിച്ച് മുൻ പാക് താരം

ഇന്ത്യ – ഇംഗ്ലണ്ട് എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇംഗ്ലണ്ട് ജയത്തിനരികെ. മത്സരത്തിന്റെ ആദ്യ മൂന്നു ദിനവും ഇന്ത്യ ആധിപത്യം പുലർത്തിയതിനുശേഷം ആണ് അവസാന രണ്ട് ദിനങ്ങളിൽ ഇംഗ്ലണ്ട് മത്സരത്തിന്റെ ഗതി മാറ്റിയത്. ഇപ്പോൾ, മത്സരം ഇന്ത്യയുടെ കൈകളിൽ നിന്ന് നഷ്ടപ്പെടുന്നതിന്റെ വക്കിലെത്തിയപ്പോൾ, പല മുൻ ക്രിക്കറ്റ് താരങ്ങളും ഇന്ത്യക്കെതിരെ വിമർശനം ഉയർത്തി രംഗത്തെത്തിയിരിക്കുകയാണ്.

മുൻ പാക്കിസ്ഥാൻ താരമായ ഡാനിഷ് കനേരിയ ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡിനെതിരെയാണ്‌ രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതാണ് കനേരിയയെ പ്രകോപിപ്പിച്ചത്. ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മാറ്റിവെച്ച പുരോഗമിക്കുന്ന അഞ്ചാം ടെസ്റ്റ് മത്സരത്തിൽ കൂടി അശ്വിനെ ബെഞ്ചിൽ ഇരുത്തിയതോടെ, പരമ്പരയിൽ ഒരു മത്സരത്തിൽ പോലും അശ്വിനെ കളിപ്പിച്ചിട്ടില്ല.

“രാഹുൽ ദ്രാവിഡ് എത്രയോ മത്സരങ്ങൾ ഇംഗ്ലണ്ടിൽ കളിച്ച താരമാണ്. അദ്ദേഹത്തിന് ഇംഗ്ലീഷ് മണ്ണിലെ സ്ഥിതി നന്നായി അറിയാം. ഇംഗ്ലീഷ് പിച്ചുകൾ ടെസ്റ്റിന്റെ മൂന്നാം ദിനം മുതൽ സ്പിന്നർമാർക്ക് അനുകൂലമാകും. പിച്ചിലെ ഈർപ്പം കുറയുന്നതിനനുസരിച്ച് ബൗൺസ് കുറയും. ഈ കാര്യങ്ങളൊക്കെ അറിഞ്ഞിട്ടും, നിലവിൽ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഓൾറൗണ്ടർമാരുടെ പട്ടികയിലും ബൗളർമാരുടെ പട്ടികയിലും രണ്ടാം സ്ഥാനക്കാരനായ രവിചന്ദ്ര അശ്വിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നത് ഇന്ത്യൻ ടീമിന് വന്ന വീഴ്ചയാണ്,” ഡാനിഷ് കനേരിയ പറഞ്ഞു.

അതേസമയം ഇന്നലത്തെ തോൽവിക്ക് പിന്നാലെ ടെസ്റ്റ്‌ പരമ്പര 2-2 സമനിലയിൽ അവസാനിച്ചു.കൂടാതെ ടെസ്റ്റ്‌ മത്സരത്തിലെ തോൽവിക്ക് പിന്നാലെ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിലും ഇന്ത്യക്ക് കനത്ത തിരിച്ചടി നേരിട്ടു. നിലവിൽ പോയിന്റ് ടേബിളിൽ നാലാമതാണ് ഇന്ത്യ.