ഇന്ത്യയിൽ ജനിച്ചത് സഞ്ജു സാംസൺ എന്ന ക്രിക്കറ്ററുടെ ദൗർഭാഗ്യം എന്ന് തുറന്നടിച്ച് മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു അവഗണന നേരിടുന്ന ആദ്യത്തെ കളിക്കാരൻ അല്ല സഞ്ജു എന്ന് പറഞ്ഞ ഡാനിഷ് കനേരിയ, പ്രതിഭാശാലികളായ താരങ്ങളെ ഇന്ത്യ പാഴാക്കിക്കളയുന്നതിൽ തനിക്ക് വിഷമം ഉണ്ട് എന്ന് അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ന്യൂസിലാൻഡിനെതിരായ പര്യടനത്തിൽ സഞ്ജുവിനെ ഒരു മത്സരത്തിൽ മാത്രം കളിപ്പിച്ച് മാറ്റി നിർത്തിയതാണ് കനേരിയയെ പ്രകോപിതനാക്കിയിരിക്കുന്നത്. “ന്യൂസിലാൻഡിനെതിരായ പര്യടനത്തിൽ ഒരു ഏകദിന മത്സരത്തിൽ മാത്രമാണ് സഞ്ജുവിന് അവസരം നൽകിയത്. കളിച്ച ആ ഒരു മത്സരത്തിൽ ആകട്ടെ സഞ്ജു അവസരോചിതമായി മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയും ചെയ്തു. പക്ഷേ തുടർന്നുള്ള രണ്ടു മത്സരങ്ങളിലും സഞ്ജുവിന്റെ സ്ഥാനം ബെഞ്ചിലായിരുന്നു,” കനേരിയ തുടർന്നു.
“പ്രതിഭാശാലികളായ താരങ്ങളുടെ കരിയർ കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് മാനേജ്മെന്റ് കളിക്കുന്നത് ഇത് ആദ്യമായിയല്ല. അമ്പാട്ടി റായിഡു ഒരുപാട് കഴിവുള്ള ഒരു ക്രിക്കറ്റർ ആയിരുന്നു. അദ്ദേഹത്തെ വേണ്ട രീതിയിൽ ഉപയോഗിച്ചില്ല എന്ന് മാത്രമല്ല, സെലക്ടർമാർ അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തത്. ഇത് അവസ്ഥയിലൂടെ കടന്നുപോയ മറ്റൊരു താരമാണ് ഉന്മുക്ത് ചന്ദ്. ഇന്ത്യൻ ടീമിൽ തനിക്ക് അവസരം ലഭിക്കില്ല എന്ന് ബോധ്യമായതോടെ അദ്ദേഹം അമേരിക്കൻ ടീമിലേക്ക് ചേർന്നു,” മുൻ പാക് താരം പറയുന്നു.
“ഇത് ഒരുതരത്തിൽ കളിക്കാരുടെ ഗതികേടാണ്. കളിക്കാരെ തിരഞ്ഞെടുക്കുമ്പോൾ ഫോം അടിസ്ഥാനത്തിൽ പരിഗണിക്കുന്നതിന് പകരം, സെലക്ടർമാർ അവരുടെ ഇഷ്ടതാരങ്ങളെ ടീമിൽ കുത്തിക്കയറ്റാൻ ആണ് ശ്രമിക്കുന്നത്. ഇത് ഒരിക്കലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നല്ല ഭാവി നൽകും എന്ന് എനിക്ക് തോന്നുന്നില്ല. ബിസിസിഐ അവരുടെ ഇഷ്ടക്കാർക്ക് മാത്രം ടീമിൽ അവസരം നൽകുന്നതിന്റെ ഫലമാണ് വലിയ ടൂർണമെന്റുകളിൽ ഇന്ത്യ പരാജയപ്പെടുന്നത്,” ഡാനിഷ് കനേരിയ തുറന്നടിച്ചു.