അവസരം ഉപയോഗിക്കാൻ അറിയാത്തവൻ : രൂക്ഷ വിമർശനവുമായി മുൻ പാക് താരം

എന്തിനാണ് അയാളെ ടീമിൽ എടുത്തിരിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ സ്പിൻ ബോളർ ഡാനിഷ് കനേറിയ. സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട പേസർ ആവേശ്‌ ഖാനെ നിശിതമായി വിമർശിക്കുന്ന ഒരു യൂട്യൂബ് വീഡിയോ കഴിഞ്ഞ ദിവസം കനേറിയ പോസ്റ്റ് ചെയ്യുകയും ചെയ്തു.

“നിങ്ങൾ ഒരു കാരണവശാലും ടീമിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത ഒരു കളിക്കാരനാണ് ആവേശ് ഖാൻ. എത്രയോ കഴിവുള്ള ബോളർമാർ അവസരം കാത്തുനിൽക്കുമ്പോൾ ആവേശിനെ ടീമിൽ എടുത്തതിന്റെ യുക്തി എനിക്ക് മനസ്സിലാവുന്നില്ല. അവസരം കിട്ടിയപ്പോൾ എല്ലാം ടീമിന് ബാധ്യത ആയി പന്തെറിഞ്ഞ അയാൾക്ക് എന്തിനാണ് വീണ്ടും വീണ്ടും മത്സരങ്ങൾ കൊടുക്കുന്നത്. അതുപോലെ ഇഷൻ കിഷനെയും എടുത്തത് വെറുതെ ബെഞ്ചിൽ ഇരുത്താൻ ആണോ?” എന്നൊക്കെയാണ് കനേറിയ പറയുന്നത്.

അയർലൻഡ് പരമ്പരയിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച പേസർ ഉമ്രാൻ മാലിക്കിനെ ആവേശ് ഖാന് പകരം ഉൾപ്പെടുത്തണമെന്നും വീഡിയോയിൽ പറയുന്നു. ആദ്യ മത്സരങ്ങളിൽ അല്പം നിറം മങ്ങിയെങ്കിലും ഇന്ത്യക്ക് വേണ്ടി ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ ഉമ്രാന് കഴിയും. അതുപോലെ തന്നെ അർഷ്ദീപ് സിംഗിനെ ടീമിൽ നിന്ന് ഒഴിവാക്കിയതും തന്നെ ഞെട്ടിച്ചുകളഞ്ഞു എന്ന് അദ്ദേഹം പറയുന്നു. സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചപ്പോൾ ശിഖർ ധവാൻ നായകനായി താരതമ്യേന ഒരു യുവനിരയെയാണ് ഇന്ത്യ അയക്കുന്നത്.

നേരത്തെ മലയാളി താരം സഞ്ജു സാംസണ് എതിരെയും പരാമർശവുമായി കനേറിയ യൂട്യൂബ് വീഡിയോ ചെയ്തിരുന്നു. വെസ്റ്റിൻഡീസ് പര്യടനത്തിലെ ആദ്യ ഏകദിനത്തിൽ 12 റൺസ് നേടി സഞ്ജു പുറത്തായപ്പോൾ “സഞ്ജുവിനെക്കൊണ്ട് ഒന്നിനും കഴിയില്ല, കാരണം അയാൾ ഋഷഭ് പന്തല്ല” എന്നായിരുന്നു പറഞ്ഞത്. പക്ഷേ രണ്ടാം ഏകദിനത്തിൽ തന്റെ ആദ്യ ഏകദിന അർദ്ധശതകം നേടി സഞ്ജു വരവറിയിച്ചു. സ്ഥിരമായി അവസരങ്ങൾ നൽകിയാൽ സഞ്ജു സാംസൺ ഒരു നല്ല കളിക്കാരനാകും എന്നാണ് ആ പ്രകടനത്തിന് ശേഷം കനേറിയ പ്രതികരിച്ചത്. അതുപോലെ ആവേശ് ഖാനും തന്റെ മികച്ച ഒരു പ്രകടനത്തിലൂടെ മറുപടി നൽകുമോയെന്ന് നമുക്ക് കാത്തിരുന്ന് കാണാം.