കൈവിരിൽ മു റിഞ്ഞുപോയിട്ടും പന്ത് മുറുകെ പിടിച്ച ഫാസ്റ്റ് ബൗളർ ; തിരിച്ചടികളിൽ പതറാതെ ലോക ക്രിക്കറ്റിനെ കീഴടക്കിയവൻ

പാറ്റ് കമ്മിൻസ്, ഇന്ന് ഓസ്ട്രേലിയൻ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റൻ, 2019-മുതൽ ഐസിസിയുടെ ടെസ്റ്റ്‌ ബൗളർമാരുടെ റാങ്കിങ് പട്ടികയിൽ മുൻനിരക്കാരൻ, ഇന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ ടീമിലെ ഏറ്റവും മികച്ച പേസർമാരിൽ ഒരാൾ തുടങ്ങി വിശേഷണങ്ങൾ ഏറെയാണ് പാറ്റ് കമ്മിൻസ് എന്ന വലംങ്കയ്യൻ ഫാസ്റ്റ് ബൗളർക്ക്‌. എന്നാൽ, ശാരീരിക വെല്ലുവിളികളോട് പൊരുതി ക്രിക്കറ്റിലേക്ക് വന്ന അദ്ദേഹത്തിന്റെ ജീവിതം അറിഞ്ഞാൽ, ഈ വിശേഷണങ്ങൾ ഒന്നും മതിയാകാതെ വരും ആ പോരാളിക്ക്.

തന്റെ മൂന്നാം വയസ്സിൽ, സഹോദരി അബദ്ധത്തിൽ വാതിൽ കൊട്ടിയടച്ചപ്പോൾ, അതിൽ വിരൽ അകപ്പെട്ട് കമ്മിൻസിന് തന്റെ വലതു കൈയിലെ നടുവിരലിന്റെ മുകൾഭാഗം നഷ്ടപ്പെട്ടു. എന്നാൽ, ജീവിതത്തിൽ സംഭവിച്ച ആ ദൗർഭാഗ്യകരമായ സംഭവത്തെ ക്രിക്കറ്റ്‌ എന്ന തന്റെ അഭിനിവേശം കൊണ്ട് മറികടന്ന കമ്മിൻസ്‌, തന്റെ 18-ാം വയസ്സിൽ ന്യൂസൗത്ത് വെയിൽസിലൂടെ ഓസ്ട്രേലിയൻ ടീമിലെത്തി. 18-ാം വയസ്സിൽ 2011-ൽ ടി20യിലും ഏകദിനത്തിലും ടെസ്റ്റിലും ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്ട്രേലിയൻ കുപ്പായത്തിൽ അരങ്ങേറ്റം.

എന്നാൽ, ആ സ്വപ്ന തുല്ല്യമായ അരങ്ങേറ്റത്തിന്റെ സന്തോഷത്തിന് അധികം ദൈർഘ്യം ഉണ്ടായിരുന്നില്ല. പുറംവേദന ഉൾപ്പടെ തുടർച്ചയായി വന്ന പരിക്കുകൾ, കമ്മിൻസിനെ 6 വർഷം ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്ന് അകറ്റി നിർത്തി. തുടർന്ന്, 2017-ൽ ടെസ്റ്റ്‌ കുപ്പായത്തിൽ തിരിച്ചെത്തിയ കമ്മിൻസിന് പിന്നീട് കരിയറിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തുടർച്ചയായുള്ള മികച്ച പ്രകടനങ്ങൾ കമ്മിൻസിനെ 2019-ൽ ഓസ്ട്രേലിയയുടെ ടെസ്റ്റ്‌ ടീമിന്റെ വൈസ് ക്യാപ്റ്റൻ പദവിയിലേക്ക് നയിച്ചു.

2019-ലെ ഓസ്ട്രേലിയൻ ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡും, ഐസിസി ടെസ്റ്റ്‌ ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡും നേടിയ പാറ്റ് കമ്മിൻസ്, താൻ സജീവ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർ ആണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു. ഒടുവിൽ 2021-ൽ അർഹതയ്ക്കുള്ള അംഗീകരമായി പാറ്റ് കമ്മിൻസിനെ ഓസ്ട്രേലിയയുടെ 47-ാമത്തെ ടെസ്റ്റ്‌ ക്യാപ്റ്റനായി നിയമിച്ചു. ഇന്ന് ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും ഓസ്ട്രേലിയൻ ടീമിലെ സ്ഥിരാംഗമാണ് 28-കാരനായ പാറ്റ് കമ്മിൻസ്.