വിക്രമിന്റെ വിജയത്തിന് നന്ദി അറിയിച്ച് കമൽഹാസന്റെ ഡബിൾ സർപ്രൈസ് ; സംവിധായകന് ഒരു ഗംഭീര സമ്മാനം..! ഒപ്പം സൂര്യക്കോപ്പമുള്ള അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനവും

കമൽ ഹാസനെ നായകനാക്കി സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ ആക്ഷൻ എന്റർടെയ്‌നർ ചിത്രമാണ് ‘വിക്രം’. ഗംഭീര പ്രേക്ഷക പ്രതികരണവും മികച്ച നിരൂപകപ്രശംസയും നേടിയ ചിത്രം, തീയേറ്ററിലെത്തി അഞ്ചു ദിവസം പിന്നിട്ടപ്പോഴേക്കും 200 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടിയിട്ടുണ്ട്. ഇപ്പോൾ, ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി സംവിധായകൻ ലോകേഷ് കനകരാജിന് ചിത്രത്തിന്റെ നിർമാതാവും നായകനുമായ കമൽഹാസൻ ഒരു സമ്മാനം നൽകിയിരിക്കുകയാണ്.

ചിത്രത്തിന്റെ അതിശയകരമായ വിജയത്തിന്റെ പശ്ചാത്തലത്തിൽ സംവിധായകന് ഒരു ലെക്‌സസ് കാർ ആണ് കമൽഹാസൻ സമ്മാനിച്ചിരിക്കുന്നത്. ലെക്‌സസിന്റെ 2 കോടി രൂപ വിലവരുന്ന ആഡംബര കാർ ആണ് ലൊക്കേഷന് കമൽഹാസൻ സമ്മാനമായി നൽകിയിരിക്കുന്നത്. ലോകേഷ് കനകരാജിന് കമൽഹാസൻ കാറിന്റെ താക്കോൽ കൈമാറുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കഴിഞ്ഞ ദിവസം, കമൽഹാസൻ ഒരു വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. അതിൽ പ്രേക്ഷകർക്കും വിക്രമിന്റെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും കമൽഹാസൻ നന്ദി പറഞ്ഞു. മികച്ച നിലവാരമുള്ള സിനിമയെ വിജയിപ്പിക്കുന്നതിൽ തമിഴ് ആരാധകർ ഒരിക്കലും പരാജയപ്പെട്ടിട്ടില്ലെന്ന് കമൽഹാസൻ വീഡിയോയിൽ പറഞ്ഞു. “എന്റെ ഇളയ സഹോദരങ്ങളായ വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ് എന്നിവരെല്ലാം വിക്രമിന്റെ വിജയത്തിന്റെ പ്രധാന കാരണങ്ങളാണ്,” കമൽഹാസൻ പറഞ്ഞു.

“സിനിമയുടെ അവസാന മൂന്ന് മിനിറ്റുകളിൽ പ്രത്യക്ഷപ്പെട്ട് തീയേറ്ററുകളിൽ ആരാധകരെ ആവേശഭരിതരാക്കിയ സൂര്യ, തന്നോടുള്ള ഇഷ്ടംക്കൊണ്ട് മാത്രമാണ് ഈ സിനിമയിൽ അഭിനയിച്ചത്. അടുത്ത സിനിമയിൽ അദ്ദേഹത്തിന് നന്ദി അറിയിച്ചുകൊണ്ട് ഞങ്ങൾ ഒരുമിച്ച് മുഴുനീള കഥാപാത്രങ്ങളായി പ്രവർത്തിക്കുന്നു,” കമൽഹാസൻ കൂട്ടിച്ചേർത്തു.

Rate this post