
ഏകദിന ലോകക്കപ്പിലും സഞ്ജു വേണ്ട 😳😳സഞ്ജുവിനെ വേണ്ടെന്ന് പറഞ്ഞു ഇതിഹാസം
വരാനിരിക്കുന്ന ഏകദിന ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വലിയ രീതിയിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. പല മുതിർന്ന താരങ്ങളും പരിക്ക് മൂലം മാറിനിൽക്കുന്നതിനാൽ തന്നെ ഇന്ത്യയുടെ ലൈനപ്പ് സംബന്ധിച്ച് വ്യക്തത ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറായ ഋഷഭ് പന്തിന് പരിക്കേറ്റത് ഇന്ത്യയെ ലോകകപ്പിൽ വലിയ രീതിയിൽ ബാധിക്കും എന്ന് ഉറപ്പാണ്. എന്നാൽ പന്തിന് പകരക്കാരനായി മറ്റൊരു വിക്കറ്റ് കീപ്പറെ കണ്ടെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്. ഇതിനായി എല്ലാവരുടെയും മുമ്പിൽ ഉണ്ടായിരുന്ന പേരാണ് സഞ്ജു സാംസന്റെത്. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ അത്ര മികച്ച പ്രകടനമല്ല സഞ്ജു സാംസൺ കാഴ്ചവച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പുതിയ വിക്കറ്റ് കീപ്പറെ ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് നിർദേശിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.
രാഹുലും പന്തും ഇല്ലാത്ത സാഹചര്യത്തിൽ ഇന്ത്യ ഇഷാൻ കിഷനെ ലോകകപ്പിൽ വിക്കറ്റ് കീപ്പറായി തിരഞ്ഞെടുക്കണമെന്നാണ് മുഹമ്മദ് കൈഫ് പറയുന്നത്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ കിഷന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കൈഫിന്റെ ഈ വാദം. 2023 ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് ഇതുവരെ മികച്ച തുടക്കങ്ങളാണ് കിഷൻ നൽകിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ കിഷൻ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകും എന്നാണ് മുഹമ്മദ് കൈഫ് കരുതുന്നത്. മാത്രമല്ല കീപ്പർ എന്ന നിലയിലും കിഷൻ പുലർത്തുന്ന നിലവാരം കൈഫിനെ ആകർഷിച്ചിരിക്കുന്നു.
“ഞാൻ കീപ്പറായി ഇഷാൻ കിഷനെയാണ് തിരഞ്ഞെടുക്കുന്നത്. അയാൾ ഒരു പ്രോപ്പറായ വിക്കറ്റ് കീപ്പർ തന്നെയാണ്. വിക്കറ്റിനു പിന്നിൽ അയാൾ മികച്ച പ്രകടനങ്ങളാണ് ഇതുവരെ കാഴ്ചവെച്ചിട്ടുള്ളത്. മാത്രമല്ല ബാറ്റിങ്ങിലും കിഷൻ മികച്ചു നിന്നിട്ടുണ്ട്.”- സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ മുഹമ്മദ് കൈഫ് പറയുകയുണ്ടായി. എന്നിരുന്നാലും ഏകദിന ക്രിക്കറ്റിലെ തന്റെ ഇരട്ട സെഞ്ചുറിക്ക് ശേഷം അത്ര മികച്ച ഫോമിലായിരുന്നില്ല കിഷൻ ഇന്ത്യൻ ടീമിൽ കളിച്ചത്. അതിനുശേഷം കിഷന്റെ മോശം ഫോമിനെ തുടർന്ന് സഞ്ജു സാംസൺ ടീമിൽ എത്തുമെന്ന് എല്ലാവരും കരുതിയിരുന്നു.
എന്നാൽ 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രകടനം കണക്കിലെടുക്കുമ്പോൾ ഇഷാൻ തന്നെയാണ് സഞ്ജുവിനെക്കാൾ ഭേദം എന്ന രീതിയിലാണ് കൈഫ് സംസാരിക്കുന്നത്. എന്നിരുന്നാലും ഏകദിന ക്രിക്കറ്റിൽ 66 ശരാശരിയുള്ള സഞ്ജുവിനെ ഇന്ത്യ പരിഗണിക്കും എന്ന പ്രതീക്ഷയിലാണ് സഞ്ജു ആരാധകർ. എന്തായാലും ലോകകപ്പ് ടീമിനെ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെയും പുറത്തുവിടാൻ ആയിട്ടില്ല.