ഓസ്ട്രേലിയ നിങ്ങൾഡ്യൂപ്ലിക്കേറ്റ് അശ്വിൻ ഫലം കണ്ടില്ല!! ഓസ്ട്രേലിയ ഇനി ഡ്യൂപ്ലിക്കേറ്റ് ജഡേജയെ തിരയുമോ?ട്രോളി കൈഫ്‌

ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പരക്ക് മുന്നേ, ഐസിസി ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാർ എന്ന നിലയിൽ, തികഞ്ഞ ആത്മവിശ്വാസമാണ് ഓസ്ട്രേലിയക്ക് ഉണ്ടായിരുന്നത്. പരമ്പരക്ക് മുന്നോടിയായി കൂടുതൽ ദിവസം ഇന്ത്യയിൽ ക്യാമ്പ് ചെയ്ത് പരിശീലനത്തിൽ ഏർപ്പെടേണ്ടതില്ല എന്നായിരുന്നു ഓസ്ട്രേലിയൻ ടീമിന്റെ തീരുമാനം. എന്നിരുന്നാലും, ഇന്ത്യയിൽ പരിശീലനത്തിൽ ഏർപ്പെട്ട ദിവസങ്ങളിൽ ഓസ്ട്രേലിയ ചില പുതിയ രീതികൾ പരീക്ഷിക്കുകയുണ്ടായി.

ഇന്ത്യൻ നിരയിൽ ഓസ്ട്രേലിയ ഏറ്റവും കൂടുതൽ ഭയക്കുന്നത് സ്പിന്നർ രവിചന്ദ്ര അശ്വിനെ ആണ് എന്ന് വീണ്ടും തെളിയിക്കുന്ന പ്രവൃത്തിയാണ് പരിശീലന ഘട്ടത്തിൽ ഓസ്ട്രേലിയ ചെയ്തത്. അശ്വിന്റെ ബൗളിംഗ് ആക്ഷന് സമാനമായി പന്തെറിയുന്ന, ബറോഡ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം മഹേഷ്‌ പതിയെ നെറ്റ് ബോളറായി ഉൾപ്പെടുത്തിയാണ് ഓസ്ട്രേലിയ പരിശീലനം നടത്തിയിരുന്നത്. എന്നാൽ ഇത് ഫലം കണ്ടില്ല എന്ന് ഒന്ന് ടെസ്റ്റിൽ തന്നെ വ്യക്തമാവുകയായിരുന്നു.

നാഗ്പൂരിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ, 8 വിക്കറ്റുകൾ ആണ് അശ്വിൻ വീഴ്ത്തിയത്. ഇതോടെ ഓസ്ട്രേലിയക്കെതിരെ ക്രിക്കറ്റ് ലോകത്ത് വ്യാപക പരിഹാസ കമന്റുകൾ ആണ് പ്രചരിക്കുന്നത്. ഇത് ഏറ്റുപിടിച്ച മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫും, ഓസ്ട്രേലിയയെ പരിഹസിച്ച് രംഗത്ത് എത്തി. ഡ്യൂപ്ലിക്കേറ്റ് അശ്വിൻ ഫലം കാണാതിരുന്നതിനാൽ, ഓസ്ട്രേലിയ ഇനി ഡ്യൂപ്ലിക്കേറ്റ് ജഡേജയെ അന്വേഷിച്ച് പോകില്ല എന്ന് കരുതുന്നു എന്നാണ് കൈഫ് പ്രതികരിച്ചത്.

“ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലെ ഒരു യുവ താരത്തെ പഠിച്ചുകൊണ്ട്, ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നറെ നേരിടാൻ എത്തിയ ഓസ്ട്രേലിയക്ക് ഇപ്പോൾ ഒരു പാഠം പടിഞ്ഞു. ഇനി അവർ ഡ്യൂപ്ലിക്കേറ്റ് ജഡേജയെ തിരഞ്ഞ് പോകില്ല എന്ന് കരുതുന്നു,” മുഹമ്മദ് കൈഫ്‌ പ്രതികരിച്ചു. നാഗ്പൂർ ടെസ്റ്റിൽ 7 വിക്കറ്റുകൾ നേടിയ രവീന്ദ്ര ജഡേജയും ഓസ്ട്രേലിയക്ക് വലിയ വെല്ലുവിളി ആയി മാറിയിരുന്നു. ഡൽഹി ടെസ്റ്റിന് ഒരുങ്ങുന്ന ഓസ്ട്രേലിയ പുതിയതായി എന്തൊക്കെ തന്ത്രങ്ങൾ ഒരുക്കുന്നു എന്ന് കണ്ടറിയണം.

Rate this post