ഹൈദരാബാദ് വണ്ടികേറാമല!! ഫൈനലിൽ ബ്ലാസ്റ്റേഴ്‌സിന് പിഴച്ചതെവിടെ😮?

ഗോവയിലെ ഫട്ടോർഡ സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ 8-ാം പതിപ്പിന്റെ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി ഹൈദരാബാദ് എഫ്‌സി ജേതാക്കളായി. മത്സരത്തിന്റെ ആദ്യ പകുതിയിൽ വ്യക്തമായ ആധിപത്യം പുലർത്തിയ ബ്ലാസ്റ്റേഴ്‌സിന്, ഫൈനൽ മത്സരം നഷ്ടപ്പെടുന്നതിലേക്ക് നയിച്ച കാരണങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.

മേൽസൂചിപ്പിച്ചതുപോലെ, മത്സരത്തിന്റെ ആദ്യ പകുതി കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിനെതിരെ വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പന്ത് നഷ്ടപ്പെടുത്താതെ പൊസ്സെഷൻ ഗെയിമിന് കൂടുതൽ ഊന്നൽ നൽകി, കൃത്യമായ ഇടവേളകളിൽ അവസരം സൃഷ്ടിച്ചെടുക്കുകയും, അവ ലക്ഷ്യത്തിലെത്തിക്കാൻ ശ്രമം നടത്തുകയും ചെയ്തു. എന്നാൽ, വാസ്ക്വസും, ലൂണയും, ഡയസുമെല്ലാം തൊടുത്തുവിട്ട ഷോട്ടുകൾ നിർഭാഗ്യം കൊണ്ട് ലക്ഷ്യത്തിൽ നിന്ന് അകന്ന് പോയതോടെ, മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ കലാശിച്ചു.

cropped-92a5d578-d63c-45b5-8a61-127ab27a2d84.jpg

എന്നാൽ, കളിയുടെ രണ്ടാം പകുതിയിൽ സ്ഥിതിഗതികൾ തീർത്തും വ്യത്യസ്തമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കം മുതലേ ഓഗ്ബഷെയുടെ നേതൃത്വത്തിൽ ഹൈദരാബാദ് സമ്പൂർണ ആക്രമണ ശൈലി പുറത്തെടുത്തു. അതോടെ കേരള ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ഡിഫെൻസീവ് ഗെയിം കളിക്കാൻ നിർബന്ധിതരായി. എന്നിരുന്നാലും, 69-ാം മിനിറ്റിൽ ലഭിച്ച അവസരം മലയാളി സ്ട്രൈക്കർ കെപി രാഹുൽ ലക്ഷ്യത്തിലെത്തിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ ആശ്വാസം പടർന്നു.

എന്നാൽ, രാഹുലിന്റെ ആ ഗോളിൽ പതിയിരുന്ന അപകടം ബ്ലാസ്റ്റേഴ്‌സിന് ഭീഷണിയായി. അതെ, ഹൈദരാബാദിന്റെ അവസാന 15 മിനിറ്റിലെ രണ്ടും കല്പിച്ചുള്ള ആക്രമണ ഫുട്ബോളിന് മുന്നിൽ, ഗോൾക്കീപ്പർ ഗില്ലും, ഹോർമിപാമും ലെസ്‌കോവിക്കും പട നയിച്ച ഡിഫെൻസ് നിരയും പിടിച്ചു നിന്നെങ്കിലും, ഹൈദരാബാദ് ഉയർത്തിയ സമ്മർദ്ധത്തിൽ ബ്ലാസ്റ്റേഴ്‌സ് ഡിഫെൻസിന് അവസാന നിമിഷം പിഴച്ചു. കളിയുടെ അവസാന മിനിറ്റുകളിൽ ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിന് സമ്മാനിച്ച കോർണർ കിക്കുകളുടെ അനന്തര ഫലമായി, കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കെ 88-ാം മിനിറ്റിൽ സാഹിൽ ടാവോരയിലൂടെ ഹൈദരാബാദ് ഗോൾ മടക്കി.

തുടർന്ന്, കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടുപോയതോടെ, ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ശാരീരിക ക്ഷമത അക്ഷരാർത്ഥത്തിൽ പരീക്ഷിക്കപ്പെട്ടു. പ്രത്യേകിച്ച്, പ്രതിരോധക്കോട്ടയുടെ സംരക്ഷകരായ ഹോർമിപാമും ലെസ്‌കോവിക്കും ഒരു നിമിഷം മൈതാനത്ത് വീണുപോയതോടെ ബ്ലാസ്റ്റേഴ്‌സിന്റെ പതർച്ച സമ്പൂർണ്ണമായി. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം ചെന്നെത്തിയപ്പോൾ, ആരാധകർ ഗോൾക്കീപ്പർ ഗില്ലിൽ പ്രതീക്ഷ അർപ്പിച്ചെങ്കിലും, ലെസ്‌കോവിക്കിനും നിഷു കുമാറിനും ജീക്സണുമെല്ലാം ലക്ഷ്യം പിഴച്ചതോടെ ബ്ലാസ്റ്റേഴ്‌സ് പതനം പൂർത്തിയായി.