ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ കെ എസ് ഭരതിന് മോശം തുടക്കം. മത്സരത്തിന്റെ ആദ്യസമയത്ത് ഓസ്ട്രേലിയയുടെ ബാറ്റർ ട്രാവിസ് ഹെഡിന്റെ അനായാസ ക്യാച്ച് ഭരത് വിട്ടുകളയുകയുണ്ടായി. ആദ്യ മൂന്ന് ടെസ്റ്റുകളിലും ബാറ്റിംഗിൽ മോശം പ്രകടനം കാഴ്ചവച്ച ഭരതിന് കീപ്പിങ്ങിലും മികച്ച തുടക്കമല്ല അഹമ്മദാബാദ് ടെസ്റ്റിൽ ലഭിച്ചിരിക്കുന്നത്. ആദ്യ മൂന്ന് ടെസ്റ്റുകളിൽ നിന്ന് 14 റൺസ് ശരാശരിയിൽ 57 മാത്രമായിരുന്നു ഭരത് നേടിയിരുന്നത്. അതിനുശേഷമാണ് ഹെഡിന്റെ ഒരു അനായാസ ക്യാച്ച് ഇപ്പോൾ ഭരത് നഷ്ടപ്പെടുത്തിയിരിക്കുന്നത്.
മത്സരത്തിൽ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സിലെ ആറാം ഓവറിലാണ് സംഭവം അരങ്ങേറിയത്. ഉമേഷ് യാദവ് എറിഞ്ഞ ആറാം ഓവറിലെ ആദ്യ പന്ത് ട്രാവിസ് ഹെഡ് അടിച്ചകറ്റാൻ ശ്രമിച്ചു. എന്നാൽ ഹെഡിന്റെ ബാറ്റിൽ കൊണ്ട പന്ത് നേരെ ഭരതിന്റെ കൈകളിൽ എത്തുകയായിരുന്നു. എന്നാൽ അനായാസമായി കൈപ്പിടിയിൽ ഒതുക്കാവുന്ന പന്ത് ഭരത് വിട്ടുകളയുകയാണ് ഉണ്ടായത്. മൈതാനത്തുനിന്ന് ഇന്ത്യൻ കളിക്കാരെ പോലും ഈ ക്യാച്ച് ട്രോപ് ചെയ്തത് അത്ഭുതപ്പെടുത്തുകയുണ്ടായി.

നിലവിൽ ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് അഹമ്മദാബാദിൽ ഉള്ളത്. അതിനാൽ തന്നെ ഇത്തരം ചെറിയ തെറ്റുകൾ പോലും ഇന്ത്യയെ ബാധിക്കും എന്നത് ഉറപ്പാണ്. എന്നിരുന്നാലും മത്സരത്തിന്റെ പതിനാറാം ഓവറിൽ ഹെഡിനെ അശ്വിൻ കൂടാരം കയറ്റുകയുണ്ടായി. അശ്വിനെ ആക്രമിക്കാൻ ശ്രമിച്ച ഹെഡ് ജഡേജയുടെ കൈപ്പിടിയിൽ ഒതുങ്ങുകയായിരുന്നു. മത്സരത്തിൽ 44 പന്തുകളിൽ 32 റൺസ് ആയിരുന്നു ഹെഡിന്റെ സമ്പാദ്യം. കൃത്യസമയത്ത് അശ്വിൻ ഹെഡിനെ കൂടാരം കേറ്റിയതോടെ ഒരുപാട് വിമർശനങ്ങളിൽ നിന്നാണ് ഭരത് രക്ഷപ്പെട്ടിരിക്കുന്നത്.
മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ഓസ്ട്രേലിയ അഹമ്മദാബാദിൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മൂന്ന് ടെസ്റ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ബാറ്റിംഗിന് കുറച്ചുകൂടി അനുകൂലമായ പിച്ചാണ് അഹമ്മദാബാദിലേത്. ഈ അവസരത്തിൽ ആദ്യദിനത്തിൽ തന്നെ ഇന്ത്യയുടെ മേൽ കൃത്യമായ ആധിപത്യം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഓസ്ട്രേലിയൻ ബാറ്റർമാർ.