രണ്ടാം ഡിവില്ലേഴ്‌സ് മുംബൈ ടീമിൽ :വെടിക്കെട്ടിന് തിരികൊളുത്തിയ ബാറ്റിംഗ് നിരയുമായി മുംബൈ

ഐപിഎൽ 2022 താരലേലത്തിൽ യുവവിദേശ താരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ ദക്ഷിണാഫ്രിക്കയുടെ 19 കാരനായ സ്റ്റാർ ബാറ്റ്‌സ്മാൻ ഡെവാൾഡ് ബ്രെവിസിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. ലേലത്തിൽ 20 ലക്ഷം അടിസ്ഥാന വില ഉണ്ടായിരുന്ന അണ്ടർ 19 ലോകകപ്പ്‌ ഹീറോയെ 3 കോടി രൂപയ്ക്കാണ് മുംബൈ സ്വന്തമാക്കിയത്.

ലേലത്തിൽ ബ്രെവിസിനെ നല്ല തുകയ്ക്ക് വാങ്ങുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ആരാധകർക്കിടയിൽ ‘ബേബി എബി’ എന്ന് വിളിപ്പേരുള്ള ബ്രെവിസിനെ, ലേലത്തിൽ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ സ്വന്തമാക്കുമെന്ന് ബാംഗ്ലൂർ ആരാധകർ പ്രതീക്ഷിച്ചിരുന്നു. പക്ഷെ, ബ്രെവിസിന് വേണ്ടി തുടക്കം മുതൽ ചെന്നൈ സൂപ്പർ കിംഗ്‌സും പഞ്ചാബ് കിംഗ്‌സുമാണ് ബിഡ്ഡിങ്ങിന് തുടക്കമിട്ടത്, ഒടുവിൽ താരത്തെ മുംബൈ സ്വന്തമാക്കുകയായിരുന്നു.

വെസ്റ്റ് ഇൻഡീസിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ ബ്രെവിസ് രണ്ട് സെഞ്ച്വറികളും മൂന്ന് അർധസെഞ്ച്വറികളും നേടിയിരുന്നു. 2022 അണ്ടർ 19 ലോകകപ്പിലെ പ്ലെയർ ഓഫ് ദ ടൂർണമെന്റായും ബ്രെവിസ് തിരഞ്ഞെടുക്കപ്പെട്ടു. അണ്ടർ 19 ലോകകപ്പിൽ 6 മത്സരങ്ങളിൽ നിന്ന് 506 റൺസ്‌ നേടിയ ബ്രെവിസ്, ടൂർണമെന്റിലെ ടോപ് സ്കോറർ ആയിരുന്നു. 2004ലെ അണ്ടർ 19 ലോകകപ്പിൽ 84.16 ശരാശരിയിൽ 505 റൺസ്‌ നേടിയ ശിഖർ ധവാന്റെ റെക്കോർഡ് ബ്രെവിസ് മറികടക്കുകയും ചെയ്തിരുന്നു.

ലേലത്തിൽ റെക്കോർഡ് തുകയ്ക്ക് ഇഷാൻ കിഷനെ സ്വന്തമാക്കിയ മുംബൈക്ക് ഡെവാൾഡ് ബ്രെവിസ്‌ ഒരു ബാറ്റിംഗ് അഡീഷൻ കൂടിയാണ്. രോഹിത് ശർമ്മ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഡെവാൾഡ് ബ്രെവിസ്‌, കിരോൺ പൊള്ളാർഡ് എന്ന മികച്ച ബാറ്റിംഗ് ലൈനപ്പ് ഇതിനാടകം മുംബൈ സെറ്റ് ചെയ്തിട്ടുണ്ട്.