ലോകകപ്പ് സൂപ്പർ സ്റ്റാറിൽ നിന്ന് പോലീസ് മേധാവിയിലേക്ക്!!! ഇന്ത്യയുടെ സ്വന്തം ലോകകപ്പ് ഹീറോ ജോഗീന്തർ ശർമ്മ

2007 ടി20 ലോകകപ്പ്‌, ഇന്ത്യ പാകിസ്ഥാൻ ഫൈനൽ, മലയാളി താരം ശ്രീശാന്തിന്റെ ക്യാച്ച്, ഇന്ത്യ ജേതാക്കൾ, എം എസ് ധോണിയുടെ ക്യാപ്റ്റൻസി, പ്രഥമ ടി20 ലോകകപ്പ് ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ ഓർത്തിരിക്കാൻ കാരണങ്ങൾ പലതാണ്. എന്നാൽ, നമ്മൾ പലപ്പോഴും മറന്ന് പോകുന്ന ഒരു പേരുണ്ട്, അവസാന ഓവറിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച, മിസ്ബാഹ്-ഉൽ-ഹഖിന്റെ വിക്കറ്റ് വീഴ്ത്തിയ ആ ഇന്ത്യൻ ബൗളർ, ജോഗീന്തർ ശർമ്മ.

2004-ൽ ബാംഗ്ലൂരിൽ നടന്ന ഒരു വാം-അപ്പ്‌ മത്സരത്തിൽ, ദേശീയ ടീമിനെതിരെ ഇന്ത്യ എയ്‌ക്ക് വേണ്ടി രാഹുൽ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മൺ, യുവരാജ് സിംഗ് എന്നിവരെ പുറത്താക്കിയതോടെയാണ് ജോഗീന്തർ ശർമ്മ ദേശീയ ശ്രദ്ധ നേടുന്നത്. തുടർന്ന്, ഇറാനി ട്രോഫിയിൽ മുംബൈയെ പരാജയപ്പെടുത്തിയ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന് വേണ്ടിയും അദ്ദേഹം കളിച്ചു. 2004/05 രഞ്ജി ട്രോഫിയിൽ തുടർച്ചയായി രണ്ട് സെഞ്ചുറികൾ നേടുകയും, വിദർഭയ്‌ക്കെതിരെ രണ്ട് ഇന്നിംഗ്സുകളിലുമായി 14 വിക്കറ്റ് വീഴ്ത്തുകയും ചെയ്തതോടെ, ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ശർമ്മ തന്റെ സ്ഥാനം നേടി.

എന്നാൽ, ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച പ്രകടനം അന്താരാഷ്ട്ര കുപ്പായത്തിൽ പുറത്തെടുക്കാനാകാതെ വന്നതോടെ, ഇന്ത്യൻ കുപ്പായത്തിൽ 4 ഏകദിനങ്ങൾ മാത്രമാണ് ശർമ്മയ്ക്ക് കളിക്കാനായത്. തുടർന്ന്, 2007-ൽ സച്ചിനും, ഗാംഗുലിയും, ദ്രാവിഡുമെല്ലാം പ്രഥമ ടി20 ലോകകപ്പിൽ നിന്ന് വിട്ടുനിന്നപ്പോൾ, പുതിയ ക്യാപ്റ്റനായി നിയോഗിക്കപ്പെട്ട ധോണിയുടെ കീഴിൽ ടി20 ക്രിക്കറ്റിൽ ജോഗീന്തർ ശർമ്മ അരങ്ങേറ്റം കുറിച്ചു. 4 മത്സരങ്ങളിൽ നിന്ന് 4 വിക്കറ്റ് നേടിയ ശർമ്മ, ഫൈനലിലെ താരവുമായി.തുടർന്ന്, 2008 ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാഗമായി ജോഗീന്തർ ശർമ്മ കളിച്ചു.

ലോകകപ്പോടെ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് എന്ന് പേര് നേടിയ ജോഗീന്തർ, ചെന്നൈ സൂപ്പർ കിംഗ്സിനെയും നിരവധി മത്സരങ്ങളിൽ അവസാന ഓവറിൽ പന്തെറിഞ്ഞ് വിജയിപ്പിച്ചു. ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കറ്റിൽ ഹരിയാനക്ക്‌ വേണ്ടി 44 മത്സരങ്ങളിൽ നിന്ന് 200 വിക്കറ്റുകൾ വീഴ്ത്തിയ ജോഗീന്തർ, തനിക്ക് 2007-ൽ ലഭിച്ച പോലീസ് ജോലി സ്ഥിരമാക്കാൻ തീരുമാനിച്ചതോടെ, പതിയെ ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങാൻ തുടങ്ങി. ഇപ്പോൾ, അദ്ദേഹം ഹരിയാന പോലീസിൽ ഡെപ്യൂട്ടി സുപ്രണ്ടന്റ് ആയി ജോലി ചെയ്യുന്നു.