ജോഫ്ര ആർച്ചർക്ക് വീണ്ടും പരിക്ക് ; ഇംഗ്ലീഷ് സ്പീഡ്സ്റ്ററെ മുംബൈ ഇന്ത്യൻസ് കയ്യൊഴിയുമോ

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ സ്റ്റാർ പേസർ ജോഫ്ര ആർച്ചർ 2022-ലെ ഇംഗ്ലീഷ് വേനൽക്കാല മത്സരങ്ങളിൽ നിന്ന് പുറത്തായി. നട്ടെല്ലിനേറ്റ പരിക്ക് മൂലമാണ് വലംകൈയ്യൻ പേസർ നാഷണൽ ടീമിൽ നിന്ന് പുറത്തായത്. ആർച്ചർ അവസാനമായി ഇംഗ്ലണ്ട് കുപ്പായത്തിൽ 2021 മാർച്ചിലാണ് കളിച്ചത്. അതിനുശേഷം പരിക്കുകളാൽ വലഞ്ഞ ആർച്ചർക്ക്, 2021 ടി20 ലോകകപ്പ് ഉൾപ്പടെ നഷ്ടമായിരുന്നു.

എന്നാൽ, കൈമുട്ടിനേറ്റ പരിക്ക് സുഖം പ്രാപിച്ചതിന് ശേഷം അടുത്തയാഴ്ച ആരംഭിക്കുന്ന ഇംഗ്ലീഷ് ടി20 ബ്ലാസ്റ്റിൽ സസെക്സ്‌ ജേഴ്സിയിൽ ആർച്ചർ ക്രിക്കറ്റിലേക്ക് മടങ്ങിവരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ടി20 ബ്ലാസ്റ്റിന് മുന്നോടിയായി കുറച്ച് സന്നാഹ മത്സരങ്ങൾ കളിക്കാനും ആർച്ചർ തയ്യാറായിരുന്നു. എന്നാൽ, നട്ടെല്ലിനേറ്റ പരിക്കിനെ തുടർന്ന് ഇംഗ്ലീഷ് വേനൽക്കാല മത്സരങ്ങളിൽ നിന്ന് പുറത്തായതിനാൽ അദ്ദേഹം ഇനി ടൂർണമെന്റിൽ പങ്കെടുക്കില്ല എന്ന് ഇസിബി സ്ഥിരീകരിച്ചു.

ഇംഗ്ലീഷ് പേസർ കഴിഞ്ഞ 14 മാസത്തിനുള്ളിൽ കയ്യിന്റെ പുറം വശത്തും കയ്മുട്ടിലുമായി മൂന്ന് ശസ്ത്രക്രിയകൾക്കാണ് വിധേയനായത്. സമീപകാലത്ത് ജോഫ്ര ആർച്ചർ, സാം കുറാൻ, ക്രിസ് വോക്‌സ്, ഒല്ലി റോബിൻസൺ, മാർക്ക് വുഡ്, ഒല്ലി സ്റ്റോൺ, സാഖിബ് മഹ്മൂദ്, മാത്യു ഫിഷർ തുടങ്ങിയ നിരവധി ഇംഗ്ലണ്ട് നാഷണൽ ക്രിക്കറ്റ് ടീം പേസർമാർക്ക് പരിക്കേറ്റിട്ടുണ്ട്, പേസർമാർക്ക് പരിക്കേറ്റതിൽ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) ആശങ്കാകുലരാണ്.

അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് 8 കോടി രൂപയ്ക്ക് ഐപിഎൽ 2022 താരലേലത്തിൽ ജോഫ്ര ആർച്ചറെ സ്വന്തമാക്കിയിരുന്നു. സീസൺ പകുതിയാകുന്നതോടെ പേസർ ടീമിനൊപ്പം ചേരുമെന്നാണ് മാനേജ്മെന്റ് കരുതിയിരുന്നത്. എന്നാൽ, പരിക്ക് പിടിവിടാതിരുന്നതോടെ ആർച്ചർ 2022 ഇന്ത്യൻ പ്രീമിയർ ലീഗ് മുഴുവനായും ഒഴിവാക്കിയിരുന്നു. താൻ അടുത്ത സീസണിൽ മുംബൈ ജേഴ്സിയിൽ ഉണ്ടാകും എന്ന് സൂചന നൽകുന്ന ട്വീറ്റ് ആർച്ചർ പങ്കുവെച്ചിരുന്നെങ്കിലും, പരിക്ക് ബേധമാകാത്ത സാഹചര്യത്തിൽ മുംബൈ ആർച്ചറെ ഇനി നിലനിർത്തുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.