ധോണിയെ പുറത്താക്കിയ കീപ്പർ ആരാണ് :ഭാവി പ്രതീക്ഷകൾ നൽകുന്ന വെടിക്കെട്ട് കീപ്പറെ അറിയാം

മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനായി ഇന്ത്യൻ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ച താരമാണ് വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ്മ. അരങ്ങേറ്റ മത്സരത്തിൽ തന്നെ ബാറ്റിംഗിലും വിക്കറ്റിന് പിറകിലും ഗംഭീര പ്രകടനമാണ് വിദർഭ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ പുറത്തെടുത്തത്.

മത്സരത്തിൽ, 17 പന്തിൽ 3 സിക്സ് ഉൾപ്പടെ 26 റൺസ് നേടിയ ജിതേഷ്, അമ്പാട്ടി റായിഡുവിനെ ഒരു തകർപ്പൻ ക്യാച്ചിൽ പുറത്താക്കുകയും, ധോണിയുടെ ക്യാച്ച് ഫീൽഡ് അമ്പയർ നൽകാതെ വന്നപ്പോൾ, തന്റെ ക്യാപ്റ്റനെ ഡിആർഎസ് വിളിക്കാൻ പ്രേരിപ്പിക്കുകയും, തുടർന്ന് ധോണിയുടെ നിർണ്ണായക വിക്കറ്റ് നേടിയെടുക്കുകയും ചെയ്തു ജിതേഷ് ശർമ്മ. വിദർഭയുടെ തകർപ്പൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജിതേഷ് ശർമ്മയെ ഐപിഎൽ 2022 മെഗാ ലേലത്തിൽ പഞ്ചാബ് കിംഗ്‌സ് അദ്ദേഹത്തിന്റെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കിയത്.

1993 ഒക്ടോബറിൽ ജനിച്ച ഈ വലംകൈയ്യൻ ബാറ്റർ ഇതുവരെ ആഭ്യന്തര ക്രിക്കറ്റിൽ ഭൂരിഭാഗവും വിദർഭയ്ക്കുവേണ്ടിയാണ് കളിച്ചിട്ടള്ളത്. 2014 മാർച്ചിൽ ഉത്തർപ്രദേശിനെതിരെയാണ് വിദർഭയ്ക്കുവേണ്ടി വിക്കറ്റ് കീപ്പർ ബാറ്റർ തന്റെ ടി20 അരങ്ങേറ്റം കുറിച്ചത്. 54 മത്സരങ്ങളിൽ നിന്ന് 141-ലധികം സ്‌ട്രൈക്ക് റേറ്റിൽ 1329 റൺസ് നേടിയ ജിതേഷ് ശർമ്മ, ആഭ്യന്തര ടി20 ക്രിക്കറ്റിൽ മികച്ച റെക്കോർഡ് നിലനിർത്തുന്നുണ്ട്. ജിതേഷ് തന്റെ കരിയറിൽ ആകെ 8 അർധസെഞ്ചുറികളും 1 സെഞ്ച്വറിയും നേടിയിട്ടുണ്ട്, അതിൽ ടി20 ഫോർമാറ്റിലെ ഏറ്റവും മികച്ച സ്‌കോർ 106 റൺസാണ്.

സയ്യിദ് മുഷ്താഖ് അലി ട്രോഫി 2022 സീസണിൽ 8 കളികളിൽ നിന്ന് 53.50 ശരാശരിയിൽ 214 റൺസാണ് ജിതേഷ് നേടിയത്. അദ്ദേഹത്തിന് 235.16 സ്‌ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നു, ആ പ്രകടനമാണ് പഞ്ചാബ് കിംഗ്സിന്റെ കണ്ണ് ജിതേഷിൽ പതിക്കാൻ കാരണമായത്. കൂടാതെ അദ്ദേഹത്തിന്റെ സിക്‌സ് അടിക്കാനുള്ള കഴിവ് ആഭ്യന്തര ക്രിക്കറ്റ്‌ ലോകത്ത് ശ്രദ്ധ നേടിയതാണ്. അദ്ദേഹത്തിന്റെ മിന്നുന്ന പ്രകടനങ്ങൾ ടൂർണമെന്റിന്റെ സെമി ഫൈനലിലെത്താൻ വിദർഭയെ സഹായിച്ചിരുന്നു.