തോൽക്കാൻ മനസ്സില്ലാത്ത പോരാളി .

0

ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത വോളിബോൾ മത്സരങ്ങളിൽ ഒന്നായിരുന്നു 2015 ൽ കോഴിക്കോട് vk കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയ ത്തെ ഇളക്കി മറിച്ച കേരള vs സർവീസസ് സെമിഫൈനൽ .

ഒരു മത്സരം ഇന്നും ഓർമയിൽ അങ്ങനെ തങ്ങിനിൽക്കണമെങ്കിൽ അതിനൊരുപാട് കാരണങ്ങൾ കാണും , അതിൽ ഏറ്റവും പ്രധാനം കേരളത്തിന്റെ വിജയം തന്നെയാണ് , രണ്ടാമത് , കപിൽ ദേവും , ടോം ജോസഫും , മനുവും , ജെറോമും , അസീസും , അഖിനും , രോഹിതും നായകനായി വിബിൻ എം ജോർജും അണിനിരന്ന ഒരു ടീമിനെതിരെ അഞ്ചു സെറ്റ് നീണ്ടു നിന്ന മത്സരത്തിനൊടുവിൽ കീഴടങ്ങിയ സർവീസസിന്റെ പോരാട്ട വീര്യവും . എതിരാളികളെ നിഷ്പ്രഭരാക്കി കുതിച്ച കേരളത്തിന് താരമൂല്യം അളന്നാൽ സർവീസസ് അന്ന് എതിരാളികളെ അല്ലായിരുന്നു , കോഴിക്കോടിന്റെ സ്വന്തം ജിഷാദും , ദിനേശേട്ടനും , പങ്കജ് ശർമയും മാത്രം പരിചിത മുഖങ്ങൾ , നിറഞ്ഞു കവിഞ്ഞ ഇൻഡോറിനെയും താര നിബിഢമായ കേരളത്തിന്റെ പ്രിയ ടീമിനെയും നിശ്ശബ്ദരാക്കി ആദ്യ സെറ്റ് 27-25 ന് സർവീസസ് നേടി, കരുത്തും ബുദ്ധിയും കൊണ്ട് വൻപ്രധിരോധങ്ങൾ എങ്ങനെ മറികടക്കാം എന്ന് സ്വന്തം നാട്ടുകാർക്ക് മുന്നിൽ ജിഷാദ് കാണിച്ചു കൊടുക്കുകയായിരുന്നു , വെടിയുണ്ട കണക്കെ ചീറിപ്പാഞ്ഞ സർവീസുകൾക്ക് മുന്നിൽ പതുങ്ങിയത് കേരളത്തിന്റെ തലക്കനമാണ് .

പരിചയ സമ്പത്തിന്റെയും , കാണികളുടെ ആർപ്പുവിളികളുടെയും പിൻബലത്തിൽ കേരളം തുടർച്ചയായി രണ്ടും മൂന്നും സെറ്റെടുത്തു , നാലാം സെറ്റിലായിരുന്നു കാണികൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ച നിമിഷങ്ങൾ , സർവീസസിനെ ഏറെക്കുറെ ഒറ്റക്ക് തോളിലേറ്റി ജിഷാദ് എന്ന മൂലാട്ടുകാരൻ കാണികളുടെ മനം കവർന്നു , മൂന്നാം സെറ്റ് 25-13 ന് കേരളത്തിന് അടിയറവെച്ചിടത്തു നിന്ന് നാലാം സെറ്റിലെ സർവീസസിന്റെ തിരിച്ചു വരവ് അസൂയാവഹമായിരുന്നു , ബാക്ക് ലൈനിൽ നിന്നും പറന്നു വന്നു ജിഷാദ് തൊടുത്ത വെടിയുണ്ടകൾക്കൊന്നും കേരളത്തിന് മറുപടി ഉണ്ടായില്ല , നാലാം സെറ്റിലെ വിജയം നേടിയ ആത്മവിശ്വാസം അഞ്ചാം സെറ്റിലെ ആദ്യ ലീഡിലേക്കും സർവീസ് എത്തി 13-10 ൽ മുന്നിൽ നിന്ന സർവീസസിനെതിരെ കേരളം വിജയം നേടുമ്പോൾ ജിഷാദ് എന്ന പട്ടാളക്കാരൻ മടങ്ങിയത് തലയുയർത്തി തന്നെയാണ് അങ്ങനെ പരാജയങ്ങൾക്കിടയിലും തലയുയർത്തി മടങ്ങാൻ ചങ്കൂറ്റവും അതിനൊത്ത പ്രകടനമികവുമുള്ള വളരെ അപൂർവം താരങ്ങളിൽ ഒരാളായിരുന്നു ജിഷാദ് , കോഴിക്കോട് സീനിയർ നാഷനലിനിടെ ഒരു സ്റ്റോറിക്ക് വേണ്ടി വിളിച്ചപ്പോൾ സ്വപ്ന തുല്യമായ പോരാട്ടം എന്നാണു ആ സെമിയെ വിശേഷിപ്പിച്ചത് .

തോറ്റുകൊടുക്കാൻ മനസ്സില്ലാത്തവനെ ചവിട്ടി താഴ്ത്താൻ കഴിയില്ല എന്ന് കാലം തെളിയിച്ചതാണ് , മൂലാടെന്ന ഗ്രാമത്തിലെ ചെമ്മൺ കോർട്ടിൽ നിന്ന് തന്റെ പരിമിതികളെ മറികടന്നു സീനിയർ ഇന്ത്യൻ ക്യാമ്പ് വരെ ജിഷാദ് എത്തിയിട്ടുണ്ടെങ്കിൽ ആ ജീവിതത്തിൽ നിന്ന് ഒരിക്കൽപോലും വോളിബോൾ പറിച്ചെറിയാൻ കഴിയില്ല , അതിനു ആരൊക്കെ എതിർത്തുനിന്നാലും . 2012 റായ്‌പൂർ സീനിയറിൽ സർവീസസിനെ മൂന്നാമതെത്തിച്ച പ്രകടനം , ഇന്ത്യൻ ക്യാമ്പിലേക്ക് ക്ഷണം വാങ്ങിക്കൊടുത്ത 2013 പത്തനംതിട്ട ഫെഡറേഷൻ കപ്പിലെ പ്രകടനം തുടങ്ങി കിട്ടിയ അവസരങ്ങളിലൊക്കെ ടീമിന് വേണ്ടി തകർത്തുകളിച്ച,  സർവീസസ് കണ്ട മികച്ച താരങ്ങളിൽ ഒരാളായി എണ്ണാൻ പറ്റുന്ന താരത്തിന് അർഹമായൊരു പരിഗണന ടീം മാനേജ്‌മെന്റ് നൽകേണ്ടിയിരുന്നു , കൂടെ നിൽക്കുന്നവനെ പിന്നിൽ നിന്ന് കുത്താൻ മലയാളിയോളം വിരുതുള്ള വേറെ ആരുമില്ല , അവരൊക്കെ ഒരുനാൾ സമൂഹത്തിനു മുന്നിൽ തുറന്നു കാണിക്കപ്പെടുകതന്നെ ചെയ്യും