സൂപ്പർ താരത്തെ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കി ഇന്ത്യൻ ടീം… സർപ്രൈസ് തീരുമാനം

ഓസീസിനെതിരായ ആദ്യ ടെസ്റ്റിലെ തകർപ്പൻ വിജയത്തിന് ശേഷം സ്ക്വാഡിൽ ഒരു വമ്പൻ മാറ്റവുമായി ഇന്ത്യൻ ടീം. ഇന്ത്യയുടെ പേസർ ജയദേവ് ഉനാദ്കട്ടിനെയാണ് രണ്ടാം ടെസ്റ്റിന് മുന്നോടിയായി സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. രണ്ടാം മത്സരം ഫെബ്രുവരി 17ന് ആരംഭിക്കാനിരിക്കയാണ് ഉനാദ്കട്ടിനെ ഒഴിവാക്കിയ വിവരം ബിസിസിഐ അറിയിച്ചത്.

ഓൾ ഇന്ത്യ സീനിയർ സെലക്ഷൻ കമ്മറ്റി, ഇന്ത്യൻ ടീം മാനേജ്മെന്റ്മായി സംസാരിച്ച ശേഷമാണ് ഈ നിർണായക തീരുമാനം കൈകൊണ്ടിരിക്കുന്നത്.നിലവിൽ നടക്കുന്ന രഞ്ജി ട്രോഫിയിൽ സൗരാഷ്ട്ര ഫൈനലിലെത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം. സൗരാഷ്ട്രയ്ക്കായി ഫൈനലിൽ കളിക്കാൻ പോകേണ്ടതിനാലാണ് ഇന്ത്യ രണ്ടാം ടെസ്റ്റിൽ നിന്ന് ഉനാദ്കട്ടിനെ ഒഴിവാക്കുന്നത്. ഇന്ത്യക്കായി ഇതുവരെ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് 31കാരനായ ഉനാദ്കട്ട് തന്റെ കരിയറിൽ കളിച്ചിട്ടുള്ളത്. 2010ൽ ദക്ഷിണാഫ്രിക്കെതിരെ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയെങ്കിലും, അടുത്ത മത്സരത്തിനായി 12 വർഷങ്ങൾ ഉനാദ്കട്ടിന് കാത്തിരിക്കേണ്ടി വന്നു.

2022ൽ ബംഗ്ലാദേശിനെതിരെ നടന്ന ഇന്ത്യയുടെ ടെസ്റ്റ് മത്സരത്തിലാണ് ഉനാദ്കട്ട് അവസാനമായി കളിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ മികവാർന്ന പ്രകടനം തന്നെയായിരുന്നു ഉനാദ്കട്ടിനെ ഇന്ത്യ തങ്ങളുടെ സ്ക്വാഡിൽ ഉൾപ്പെടുത്താൻ കാരണമായത്. എന്നാൽ ഇപ്പോൾ രഞ്ജി ട്രോഫി ഫൈനൽ കളിക്കാനായി അനുമതി നേടിയിരിക്കുകയാണ് ഉനാദ്കട്ട്.

ഫെബ്രുവരി 16ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡനിലാണ് സൗരാഷ്ട്രയും ബംഗാളും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം നടക്കുന്നത്. അതേസമയം ഫെബ്രുവരി 17ന് ഡൽഹിയിലെ അരുൺ ജെറ്റ്ലീ സ്റ്റേഡിയത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഏറ്റുമുട്ടും. ഇരു മത്സരങ്ങളിലും ആവേശം അണപൊട്ടും എന്നത് ഉറപ്പാണ്.

Rate this post