ഇന്ത്യയേ പോലെയോ, ഓസ്ട്രേലിയയേ പോലെയോ, ഇംഗ്ലണ്ടിനെ പോലെയോ കളിക്കാൻ ശ്രമിക്കില്ല. ഞങ്ങൾ എന്നും ശ്രീലങ്കയേ പോലെ കളിക്കും” ; വാക്കുകൾ പ്രവർത്തിയിലൂടെ തെളിയിച്ച ഇതിഹാസം

മഹേല ജയവർധന, കുമാർ സംഗക്കാര, തിലകരത്ന ദിൽഷൻ! ആധുനിക ക്രിക്കറ്റിൽ ശ്രീലങ്കൻ ക്രിക്കറ്റിന് ലോകത്തിന് മുന്നിൽ ഒരു പ്രതിച്ഛായ സൃഷ്ടിച്ച ഇതിഹാസ താരങ്ങൾ. മഹേല ജയവർധന, ഒരു മികച്ച തന്ത്രശാലി, കഴിഞ്ഞ ദശകത്തിലും അതിലധികവും ശ്രീലങ്കൻ ബാറ്റിംഗ് നിരയുടെ കുന്തമുന. ശ്രീലങ്കൻ മധ്യനിരയിൽ കുമാർ സംഗക്കാരയ്‌ക്കൊപ്പം, മുൻകാല മഹാരഥൻമാരായ അരവിന്ദ ഡി സിൽവയുടെയും അർജുന രണതുംഗയുടെയും അഭാവം നികത്തി, പുതിയ യുഗത്തിലേക്കുള്ള പരിവർത്തനം സാക്ഷാത്ക്കരിച്ച താരമാണ് ജയവർധന.

മികച്ച ബാറ്റ്സ്മാൻ, തകർപ്പൻ ഫീൽഡർ, കൗശലക്കാരനായ ക്യാപ്റ്റൻ, ദ്വീപ് രാഷ്ട്രം ലോക ക്രിക്കറ്റിൽ അവതരിപ്പിച്ച ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ് ജയവർധന. ഇന്ത്യക്കെതിരെ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിൽ ലങ്കക്കാർ ഏറ്റവും ഉയർന്ന സ്‌കോറായ 952/6 കണ്ടെത്തിയ 1997-ലെ ചരിത്രപരമായ ടെസ്റ്റ് മത്സരത്തിലാണ് ജയവർധന അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. അരങ്ങേറ്റത്തിൽ തന്നെ വമ്പൻ ടോട്ടൽ കണ്ടതുകൊണ്ടായിരിക്കാം, അന്നത്തെ ആ 19-കാരന് പിന്നീട് റൺസിനോട് വല്ലാത്തൊരു ആർത്തിയായിരുന്നു.

തന്റെ നാലാം ടെസ്റ്റിൽ തന്റെ ആദ്യ സെഞ്ച്വറി നേടിയ ജയവർധന, ഒരു ട്രിപ്പിൾ സെഞ്ച്വറിയും അഞ്ച് ഡബിൾ സെഞ്ച്വറികളും ഉൾപ്പടെ ടെസ്റ്റ്‌ ക്രിക്കറ്റിൽ 34 സെഞ്ച്വറികൾ നേടി. 2006-ൽ, ശ്രീലങ്കയുടെ ഏകദിന, ടെസ്റ്റ്‌ നായക പദവി ഏറ്റെടുത്ത അതേ വർഷം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ്‌ മത്സരത്തിൽ 374 റൺസ് നേടി, ഒരു ശ്രീലങ്കൻ താരത്തിന്റെ ടെസ്റ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ എന്ന നേട്ടം ജയവർധന തന്റെ പേരിലാക്കി. അതേ മത്സരത്തിൽ, കുമാർ സംഗക്കാരയ്‌ക്കൊപ്പം പടുത്തുയർത്തിയ 624 റൺസിന്റെ കൂട്ടുകെട്ട്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടായി, കാലക്രമേണ മാഞ്ഞുപോകാതെ ഒരു നാഴികക്കല്ലായി ഇന്നും നിലനിൽക്കുന്നു.

കളിയുടെ എല്ലാ ഫോർമാറ്റിലും സെഞ്ച്വറി നേടിയവരുടെ എലൈറ്റ് പട്ടികയിൽ അംഗമായ ജയവർധന, ടെസ്റ്റ്‌ ക്രിക്കറ്റിൽ 10,000 റൺസ് തികച്ച ആദ്യ ശ്രീലങ്കൻ ബാറ്റ്സ്മാൻ കൂടിയാണ്. ഏകദിനത്തിലും, ജയവർധന 10,000 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ടുണ്ട്. വിശ്വസിച്ചാലും ഇല്ലെങ്കിലും, സച്ചിൻ ടെണ്ടുൽക്കറിന് ശേഷം 600 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള ഒരേയൊരു ക്രിക്കറ്റ് താരം ജയവർധനയാണ് എന്നതാണ് വസ്തുത.

Rate this post