ജനുവരി 15 ഈസ്‌ കോഹ്ലി സെഞ്ച്വറി ഡേ 😳😳ആരെയും അമ്പരപ്പിക്കുന്ന നേട്ടം

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന ശ്രീലങ്കക്കെതിരായ ഏകദിന മത്സരത്തിൽ ഇന്ത്യ 317 റൺസിന്റെ ഗംഭീര വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 390 റൺസ് എന്ന കൂറ്റൻ ടോട്ടൽ കണ്ടെത്തുകയും, മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയെ 73 റൺസിന് ഓൾഔട്ട് ചെയ്യുകയുമായിരുന്നു. വെറ്റെറൻ ബാറ്റർ വിരാട് കോഹ്ലിയുടെ സെഞ്ച്വറി പ്രകടനവും മത്സരത്തിന്റെ മാറ്റ് കൂട്ടി.

ജനുവരി 15-നാണ് വിരാട് കോഹ്ലി തിരുവനന്തപുരം സ്റ്റേഡിയത്തിൽ സെഞ്ച്വറി നേടിയത്. 110 പന്തിൽ 166* റൺസുമായി കോഹ്ലി ക്രീസിൽ തുടരുകയായിരുന്നു. ഇതോടെ, ജനുവരി 15-ഉം വിരാട് കോഹ്ലിയും തമ്മിലുള്ള ഒരു ബന്ധം കണ്ടെത്തിയിരിക്കുകയാണ് ആരാധകർ. അതായത്, കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ശ്രീലങ്കക്കെതിരെ നേടിയ സെഞ്ച്വറി ഉൾപ്പെടെ, ജനുവരി 15–ാം തീയതി വിരാട് കോഹ്ലി ആകെ 4 സെഞ്ച്വറികൾ നേടിയിട്ടുണ്ട്.

2017 ജനുവരി 15ന് ഇംഗ്ലണ്ടിനെതിരേ 102 പന്തില്‍ 122 റണ്‍സാണ് കോഹ്ലി നേടിയത്. കൃത്യം ഒരു വർഷത്തിന് ശേഷം, 2018-ലും ജനുവരി 15-ാം തീയതി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ 217 പന്ത് നേരിട്ട് കോഹ്ലി 153 റണ്‍സ് നേടി. തൊട്ടടുത്ത വർഷം, 2019-ല്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തില്‍ 112 പന്തില്‍ 104 റണ്‍സും കോഹ്ലി നേടി. ഇപ്പോഴിതാ ജനുവരി 15ന് ശ്രീലങ്കയ്‌ക്കെതിരേയും സെഞ്ച്വറി നേടിയതോടെ, ജനുവരി 15 എന്ന തീയതി ‘കോഹ്ലി ഡേ’ ആയി ബിസിസിഐ കണക്കാക്കണമെന്നാണ് കോഹ്ലി ആരാധകർ ആവശ്യപ്പെടുന്നത്.

എന്തുതന്നെയായാലും, വിരാട് കോഹ്ലിയുടെ ഗംഭീര ഫോമിലേക്കുള്ള തിരിച്ചുവരവ്, ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് തയ്യാറെടുക്കുന്ന ടീം ഇന്ത്യക്ക് വലിയ ആത്മവിശ്വാസമാണ് പകരുന്നത്. അവസാന നാല് ഏകദിന ഇന്നിംഗ്സുകളിൽ 3 സെഞ്ച്വറി നേടിയ കോഹ്ലി, ഇതുവരെ ഏകദിന ഫോർമാറ്റിൽ 46 സെഞ്ച്വറികൾ നേടിക്കഴിഞ്ഞു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ 49 ഏകദിന സെഞ്ച്വറികൾ എന്ന റെക്കോർഡ് മറികടക്കാൻ കോഹ്ലിക്ക് വെറും നാല് സെഞ്ചുറികൾ മാത്രം മതി.

Rate this post