അൻഡേഴ്സനെ അപമാനിച്ച ഷോട്ട് പിറന്നത് എങ്ങനെ ??? ഉത്തരം നൽകി ശാസ്ത്രി

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യക്കായി നിർണായക ഇന്നിംഗ്സാണ് വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കളിച്ചത്. ഒന്നാം ഇന്നിംഗ്സിൽ ഒരു സമയത്ത് ഇന്ത്യ 98/5 എന്ന നിലയിൽ തകർന്ന് നിൽക്കുമ്പോൾ, റിഷഭ് പന്ത് – രവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്. 111 പന്തുകളിൽ നിന്ന് റിഷഭ് പന്ത് 146 റൺസ് നേടിയപ്പോൾ, പന്തിന്റെ ഷോട്ട് സെലെക്ഷനുകളും ശ്രദ്ധ നേടി.

അതിൽ ഏറ്റവും ശ്രദ്ധേയമായത്, പേസർമാർക്കെതിരെ പന്ത് റിവേഴ്‌സ് സ്വീപ്പിലൂടെ ബൗണ്ടറി നേടുന്നതാണ്. ഇംഗ്ലീഷ് പേസർ ജെയിംസ് ആൻഡേഴ്സണെതിരെയാണ്‌ പന്ത് റിവേഴ്‌സ് സ്വീപ്പിലൂടെ ബൗണ്ടറി നേടിയത്. പന്ത് ഇതാദ്യമായല്ല ആൻഡേഴ്സണെതിരെ റിവേഴ്‌സ് സ്വീപ് കളിക്കുന്നത്. നേരത്തെ, ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിൽ പന്ത് ആൻഡേഴ്സണെതിരെ റിവേഴ്‌സ് സ്വീപ്പിലൂടെ ബൗണ്ടറി കണ്ടെത്തിയിരുന്നു. റെഡ് ബോൾ ക്രിക്കറ്റിൽ പേസർ ജോഫ്ര ആർച്ചറിനെതിരെയും പന്ത് റിവേഴ്‌സ് സ്വീപ്പിലൂടെ ബൗണ്ടറി നേടിയിരുന്നു.

ഇപ്പോൾ, ഇക്കാര്യത്തിൽ മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ്. ഈ വർഷമാദ്യം പന്തുമായി താൻ സംസാരിച്ചിരുന്നു എന്നും, സ്ഥിരം ഷോട്ടുകളിൽ നിന്ന് മാറി വ്യത്യസ്തതകൾ പരീക്ഷിച്ചുകൂടെ എന്ന് പന്തിനോട് ചോദിച്ചിരുന്നു എന്നും രവി ശാസ്ത്രി പറഞ്ഞു. പേസർമാർക്കെതിരെ റിവേഴ്‌സ് സ്വീപ് പരീക്ഷിക്കാനുള്ള തന്ത്രം താനാണ് പന്തിനോട് പറഞ്ഞതെന്നും രവി ശാസ്ത്രി വെളിപ്പെടുത്തി.

“പന്തിന്റെ ബാറ്റിംഗ് രീതികളെ കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു. സ്ഥിരമായി ക്രീസിൽ നിന്ന് കയറിവന്ന് സിക്സടിച്ച് ബോറടിച്ചില്ലെ എന്ന് ഞാൻ പന്തിനോട് ചോദിച്ചു. പതിവിൽ നിന്ന് വ്യത്യസ്തമായി റിവേഴ്‌സ് സ്വീപ് ഒക്കെ പരീക്ഷിച്ചു കൂടെ എന്നും ഞാൻ അവനോട് പറഞ്ഞിരുന്നു. അപ്പോൾ അവന്റെ കണ്ണുകൾ തിളങ്ങി. അതിന് ശേഷമാണ് റിഷഭ് ഇംഗ്ലണ്ട് സീരിസിൽ പേസർമാർക്കെതിരെ റിവേഴ്‌സ് സ്വീപ് കളിച്ച് തുടങ്ങിയത്,” രവി ശാസ്ത്രി പറഞ്ഞു.