സഞ്ജു ഭായ് എന്നോട് ആ ഒരു കാര്യം മാത്രമേ പറഞ്ഞുള്ളൂ; മത്സരത്തിനിടയിൽ നടന്ന സംഭാഷണം വെളിപ്പെടുത്തി ജയിസ്വാൾ

കഴിഞ്ഞ ദിവസം നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഐപിഎൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഓപ്പണർ യശസ്വി ജയിസ്വാൾ തകർപ്പൻ ബാറ്റിംഗ് പ്രകടനം ആണ് കാഴ്ചവച്ചത്. ഇന്നിങ്സിന്റെ ആദ്യ ബോൾ തന്നെ സിക്സർ പറത്തിയാണ് ജയിസ്വാൾ തന്റെ വെടിക്കെട്ടിന് തുടക്കമിട്ടത്. ആദ്യ ഓവറിൽ തന്നെ 26 റൺസ് നേടി ഗംഭീര തുടക്കം കുറിച്ചെങ്കിലും, രണ്ടാം ഓവറിൽ തന്റെ സഹ ഓപ്പണർ ആയ ജോസ് ബറ്റ്ലർ (0) റൺഔട്ട്‌ ആയി മടങ്ങുന്ന കാഴ്ച കാണാൻ ജയിസ്വാൾ വിധിക്കപ്പെട്ടു.

ഇതോടെ, രാജസ്ഥാൻ റോയൽസിന്റെ അതിവേഗം ഉള്ള ആക്രമണം ഒന്ന് തണുക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചില്ലെങ്കിലും, ജയിസ്വാൾ തുടക്കം മുതൽ പുലർത്തിയിരുന്ന അഗ്രസീവ്നെസ് പിന്നീടും തുടരുകയായിരുന്നു. മത്സരത്തിൽ അതിവേഗം അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ ജയിസ്വാൾ, 47 പന്തിൽ 13 ഫോറും 5 സിക്സും സഹിതം 98* റൺസ് നേടി പുറത്താകാതെ നിന്ന് മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പ്രകടനം കാഴ്ചവച്ചു.

മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വീകരിച്ച ശേഷം സംസാരിക്കവേ, ക്യാപ്റ്റൻ സഞ്ജു സാംസൺ തനിക്ക് നൽകിയ നിർദ്ദേശങ്ങൾ ജയിസ്വാൾ പങ്കുവെക്കുകയുണ്ടായി. “നെറ്റ് റൺ റേറ്റിന്റെ കാര്യമാണ് ഞങ്ങൾ സംസാരിച്ചത്. എത്രയും വേഗം കളി വിജയിക്കണം എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. റൺഔട്ട്‌ ഒക്കെ മത്സരത്തിൽ സ്വാഭാവികമായി ഉണ്ടാകുന്നതാണെന്നും, അത് ചിന്തിക്കേണ്ടതില്ല എന്നും സഞ്ജു ഭായ് എന്നോട് പറഞ്ഞു,” ജയിസ്വാൾ പറഞ്ഞു.

ഐപിഎൽ തന്നെപോലുള്ള യുവ ക്രിക്കറ്റർമാർക്ക് മികച്ച ഒരു വേദിയാണെന്നും ജയിസ്വാൾ പറയുകയുണ്ടായി. “ഇത് എന്നെപ്പോലുള്ളവർക്ക് ഒരു മികച്ച വേദിയാണ്. ഐപിഎൽ എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നു,” ജയിസ്വാൾ പറഞ്ഞു. 21-കാരനായ ജയിസ്വാൾ മുൻ സീസണുകൾക്ക് സമാനമായി ഈ സീസണിലും മികച്ച പ്രകടനമാണ് നടത്തിവരുന്നത്. തീർച്ചയായും ഭാവിയിൽ ഇന്ത്യൻ ടീമിന്റെ ഓപ്പണർ ആയി ഇദ്ദേഹം ഉയർന്നുവരും എന്ന കാര്യത്തിൽ സംശയമില്ല.

Rate this post