രോഹിത് റെക്കോർഡിന് പിൻഗാമി ജനിച്ചു 😱😱രഞ്ജിയിൽ അപൂർവ്വ നേട്ടവുമായി ജെയ്സ്വാൾ

ബെംഗളൂരുവിൽ പുരോഗമിക്കുന്ന രഞ്ജി ട്രോഫി സെമിഫൈനലിൽ ഉത്തർപ്രദേശിനെതിരെ സെഞ്ച്വറി നേടി മുംബൈ ബാറ്റർ യശസ്വി ജയ്‌സ്വാൾ റെക്കോർഡ് സൃഷ്ടിച്ചു. കരൺ ശർമ്മ നയിക്കുന്ന ഉത്തർപ്രദേശിനെതിരായ സെമി ഫൈനലിന്റെ രണ്ട് ഇന്നിംഗ്‌സുകളിലും സെഞ്ച്വറി നേടിയാണ് ജയ്‌സ്വാൾ റെക്കോർഡ് പുസ്തകത്തിൽ ഇടംനേടിയത്. ജാർഖണ്ഡിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിലും മുംബൈയുടെ യുവ ബാറ്റർ സെഞ്ച്വറി നേടിയിരുന്നു.

21-ാം നൂറ്റാണ്ടിൽ ഒരു രഞ്ജി ട്രോഫി മത്സരത്തിൽ രണ്ട് ഇന്നിംഗ്‌സിലും സെഞ്ച്വറി നേടുന്ന നാലാമത്തെ മുംബൈ ബാറ്ററാണ് ജയ്‌സ്വാൾ. വസീം ജാഫർ, രോഹിത് ശർമ്മ, അജിങ്ക്യ രഹാനെ എന്നിവരാണ് പട്ടികയിൽ ഇടംകൈയ്യൻ ബാറ്റർക്ക് മുന്നേ ഈ റെക്കോർഡ് പട്ടികയിൽ സ്ഥാനം പിടിച്ചവർ. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ 15 ഫോറിന്റെ അകമ്പടിയോടെ 100 റൺസ് നേടിയ ജയ്‌സ്വാൾ, രണ്ടാം ഇന്നിംഗ്സിൽ 23 ഫോറും ഒരു സിക്സും ഉൾപ്പടെ 181 റൺസ് നേടി.

മത്സരത്തിലേക്ക് വന്നാൽ, ആദ്യ ഇന്നിംഗ്സിൽ ജയ്‌സ്വാളിന്റെയും വിക്കറ്റ് കീപ്പർ ബാറ്റർ തമോരെയുടെയും (115) സെഞ്ച്വറി കരുത്തിൽ മുംബൈ 393 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഉത്തർപ്രദേശിന്, ആദ്യ ഇന്നിംഗ്സിൽ വലിയ ബാറ്റിംഗ് തകർച്ചയാണ് നേരിടേണ്ടി വന്നത്. അവസ്തി, കൊട്ടിയൻ, ദേഷ്പാണ്ടേ എന്നിവർ മുംബൈക്ക് വേണ്ടി 3 വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ഉത്തർപ്രദേശ് 180 റൺസിന് ഓൾഔട്ടായി. 48 റൺസെടുത്ത ശിവം മാവിയാണ്‌ ഉത്തർപ്രദേശ് നിരയിലെ ടോപ് സ്കോറർ.

തുടർന്ന്, രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച മുംബൈക്ക് വേണ്ടി, ജയ്‌സ്വാളും അർമാൻ ജാഫറും (127) സെഞ്ച്വറിയും ക്യാപ്റ്റൻ പ്രിത്വി ഷാ (64) അർധസെഞ്ച്വറിയും നേടിയപ്പോൾ, ടീം നാലാം ദിനം സ്റ്റംപ് എടുക്കുമ്പോൾ 449/4 എന്ന നിലയിലാണ്. നിലവിൽ ഒരു ദിവസം കളി ശേഷിക്കേ, മുംബൈക്ക് 662 റൺസ് ലീഡുണ്ട്.