സഞ്ജു തിരികെ വിളിച്ചു വെടിക്കെട്ടുമായി ജയം ഒരുക്കി : ഇത് ജൈസ്വാൾ സ്റ്റൈൽ

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ശനിയാഴ്ച (മെയ്‌ 7) വൈകീട്ട് നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് ജയം. 6 വിക്കറ്റിനാണ് റോയൽസിന്റെ ജയം. പഞ്ചാബ് കിംഗ്സ് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തിൽ 2 പന്തുകൾ ശേഷിക്കേ റോയൽസ് മറികടന്നു. ടൂർണമെന്റിലെ റോയൽസിന്റെ 7-ാം ജയമാണിത്.

അർദ്ധസെഞ്ച്വറി പ്രകടനവുമായി തിളങ്ങിയ യുവ ഓപ്പണർ യശസ്വി ജയിസ്വാൾ ആണ് രാജസ്ഥാൻ റോയൽസിന്റെ വിജയശില്പി. സീസണിന്റെ തുടക്കത്തിൽ ഫോം കണ്ടെത്താൻ വിഷമിച്ചതിന് പിന്നാലെ പ്ലെയിങ് ഇലവനിൽ നിന്ന് പുറത്തുപോയ യശസ്വി ജയിസ്വാൾ, 7 മത്സരങ്ങൾക്ക് ശേഷമാണ് ഇന്ന് പ്ലെയിങ് ഇലവനിൽ തിരിച്ചെത്തിയത്. എന്നാൽ, തിരിച്ചുവരവിൽ ക്യാപ്റ്റൻ സഞ്ജു സാംസണും ടീം മാനേജ്മെന്റും തന്നിൽ അർപ്പിച്ച വിശ്വാസം ജയിസ്വാൾ കാത്തുസൂക്ഷിച്ചു.

മികച്ച ഫോമിൽ കളിക്കുന്ന ജോസ് ബറ്റ്ലറും (16 പന്തിൽ 30), ക്യാപ്റ്റൻ സഞ്ജു സാംസണും (12 പന്തിൽ 23) പുറത്തായപ്പോഴും തെല്ലും പതറാതെ ക്രീസിൽ ഉറച്ചു നിന്ന ജയിസ്വാൾ, 41 പന്തിൽ 9 ഫോറും 2 സിക്സും സഹിതം 165.85 സ്ട്രൈക്ക് റേറ്റിൽ 68 റൺസ് നേടി. ടൂർണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങൾ കളിച്ച ജയിസ്വാൾ, 20, 1, 4 എന്നിങ്ങനെയാണ്‌ യഥാക്രമം സൺറൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ എന്നീ ടീമുകൾക്കെതിരെ സ്കോർ ചെയ്തത്.

മത്സരത്തിലേക്ക് തിരിച്ചു വന്നാൽ, ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സ് ഓപ്പണർ ജോണി ബെയർസ്റ്റോയുടെ (56) ബാറ്റിംഗ് കരുത്തിൽ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് കണ്ടെത്തിയിരുന്നു. രാജസ്ഥാൻ റോയൽസിന് വേണ്ടി യുസ്വേന്ദ്ര ചഹൽ 4 ഓവറിൽ 28 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു.