ശത്രുവിന്റെ ചിത്രവുമായി ജഡേജ ട്വീറ്റ്!!ഞെട്ടി ക്രിക്കറ്റ്‌ ലോകം

ഇന്ത്യൻ ക്രിക്കറ്റിൽ ഏറെ ചർച്ചകൾക്ക് വഴിവെച്ച ഒരു വിഷയമായിരുന്നു ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും മുൻ ഇന്ത്യൻ ക്രിക്കറ്റർ സഞ്ജയ് മഞ്ജരേക്കറും തമ്മിലുള്ള പ്രശ്നം. തന്റെ അഭിപ്രായം പറയുന്നതിൽ നിന്ന് ഒരിക്കലും പിന്മാറാത്ത മഞ്ജരേക്കർ, ഇംഗ്ലണ്ടും വെയിൽസും ആതിഥേയത്വം വഹിച്ച ഐസിസി ലോകകപ്പിന്റെ 2019 പതിപ്പിൽ ജഡേജയെ ‘ബിറ്റ്സ് ആൻഡ് പീസ് പ്ലെയർ’ എന്ന് കുപ്രസിദ്ധമായി വിളിച്ചിരുന്നു. ഇതോടെയാണ്‌ ഇരുവരും തമ്മിൽ വാക്കുകൾ കൊണ്ട് കൊമ്പ് കോർക്കാൻ ആരംഭിച്ചത്.

പിന്നീട്, പല വേളകളിലും മഞ്ജരേക്കർ ജഡേജയേയും ജഡേജ മഞ്ജരേക്കറേയും സോഷ്യൽ മീഡിയകളിലൂടെ ഉൾപ്പെടെ പരിഹാസ രൂപേണയുള്ള വാക്കുകൾ കൊണ്ട് പരാമർശിച്ചിരുന്നു. എന്നാൽ, രവീന്ദ്ര ജഡേജയെ 2022 ലെ ഏഷ്യാ കപ്പിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ അഭിമുഖം നടത്തിയിരുന്നു. ഇരുവരും തമ്മിലുള്ള ഹ്രസ്വമായ ആശയവിനിമയം വൈറൽ ആയിരുന്നു. എന്നാൽ, ഇപ്പോൾ ജഡേജ പങ്കുവെച്ച ഒരു പോസ്റ്റും അതിന് മഞ്ജരേക്കർ നൽകിയ മറുപടിയും ആണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്.

“ഞാൻ എന്റെ പ്രിയ സുഹൃത്തിനെ സ്ക്രീനിൽ കാണുന്നു,” എന്ന ക്യാപ്ഷനോടെ ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ഷോ അവതരിപ്പിക്കുന്ന മഞ്ജരേക്കറുടെ ചിത്രമാണ് ജഡേജ പങ്കുവെച്ചിരിക്കുന്നത്. ഇതിന് മറുപടിയായി, “നിങ്ങളുടെ പ്രിയ സുഹൃത്തും നിങ്ങളെ ഉടൻ കളിക്കളത്തിൽ കാണാൻ കാത്തിരിക്കുകയാണ്,” എന്ന് മഞ്ജരേക്കർ ട്വീറ്റ് ചെയ്തു. ഇരുവരും നല്ല സൗഹൃദം പുനസ്ഥാപിച്ചു എന്നതാണ് ഈ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. അതേസമയം, ഈ വേളയിൽ ഇരുവരും ഏഷ്യ കപ്പിൽ നടത്തിയ സംഭാഷണവും വീണ്ടും വൈറൽ ആയിരിക്കുകയാണ്.

പാകിസ്ഥാനെതിരായ ഏഷ്യ കപ്പ് ഗ്രൂപ്പ്‌ ഘട്ടത്തിലെ വിജയത്തിന് ശേഷമാണ് മഞ്ജരേക്കർ ജഡേജയെ ഇന്റർവ്യൂ എടുത്തത്. അന്നേരം, മഞ്ജരേക്കർ ആദ്യം ചോദിച്ചത് ഇങ്ങനെയായിരുന്നു, “ആദ്യ ചോദ്യം – എന്നോട് സംസാരിക്കാൻ നിങ്ങൾ ഓക്കെ ആണോ?. ആദ്യം ഒരു പൊട്ടിച്ചിരിയിലൂടെയാണ് ജഡേജ ഇതിന് പ്രതികരിച്ചത്. പിന്നീട്, ‘തീർച്ചയായും’ എന്ന് മറുപടി പറഞ്ഞു. ഇപ്പോൾ, ഇരുവരും നടത്തിയിരിക്കുന്ന ട്വീറ്റുകൾ കൂടി മുഖവിലക്ക് എടുക്കുമ്പോൾ, ജഡേജക്കും മഞ്ജരേക്കർക്കും ഇടയിൽ ഉണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും മാറിയിരിക്കുന്നതായി കാണാം.