നീണ്ട ഇടവേളക്ക് ശേഷം ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. കഴിഞ്ഞ വർഷം നടന്ന ഏഷ്യ കപ്പ് ടൂർണമെന്റിനിടെ പരിക്കേറ്റ ജഡേജ, കഴിഞ്ഞ കുറെ ഏറെ മാസങ്ങളായി മൈതാനത്തിന് പുറത്തായിരുന്നു. ഇപ്പോൾ, രഞ്ജി ട്രോഫിയിലൂടെ ആണ് ജഡേജ ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ച് എത്തിയിരിക്കുന്നത്. തമിഴ്നാടിനെതിരെ നടന്ന മത്സരത്തിൽ സൗരാഷ്ട്ര ടീമിന്റെ ക്യാപ്റ്റൻ ആയിയാണ് ജഡേജ കളിച്ചത്.
അടുത്തമാസം ആരംഭിക്കാനിരിക്കുന്ന ഓസ്ട്രേലിയക്കെതിരായ ബോർഡർ – ഗവാസ്കർ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ ജഡേജയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ആണ് തന്റെ ഫിറ്റ്നസ് തെളിയിക്കുന്നതിന് വേണ്ടി ജഡേജ രഞ്ജി ട്രോഫി മത്സരത്തിൽ കളിച്ചത്. തമിഴ്നാടിനെതിരെ ഗംഭീര ബൗളിംഗ് പ്രകടനമാണ് ജഡേജ കാഴ്ചവച്ചത്. ഇതോടെ പരിക്കു മാറി തിരിച്ചെത്തിയ ജഡേജ തന്റെ ഫോം നഷ്ടപ്പെട്ടിട്ടില്ല എന്ന് പ്രകടിപ്പിക്കുകയും ചെയ്തു.

മത്സരത്തിന്റെ ആദ്യം ഇന്നിംഗ്സിൽ ജഡേജക്ക് ഒരു വിക്കറ്റ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. എന്നാൽ, രണ്ടാം ഇന്നിംഗ്സിൽ ജഡേജ 7 വിക്കറ്റ് പ്രകടനമാണ് കാഴ്ചവച്ചത്. 17.1 ഓവറുകൾ എറിഞ്ഞ രവീന്ദ്ര ജഡേജ, 53 റൺസ് വഴങ്ങിയാണ് ഏഴ് വിക്കറ്റുകൾ വീഴ്ത്തിയത്. ബാറ്റിംഗിൽ 15, 25 എന്നിങ്ങനെയാണ് രവീന്ദ്ര ജഡേജ യഥാക്രമം രണ്ട് ഇന്നിംഗ്സുകളിൽ സ്കോർ ചെയ്തത്.
സൗരാഷ്ട്രയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, തന്റെ ടീമിനെ വിജയത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. മത്സരത്തിൽ തമിഴ്നാടിനെതിരെ 59 റൺസിന്റെ പരാജയമാണ് സൗരാഷ്ട്ര വഴങ്ങിയത്. എന്നിരുന്നാലും, ദീർഘകാലത്തിനുശേഷം മൈതാനത്തേക്ക് തിരിച്ചെത്തിയ ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ തന്റെ മികച്ച ഫോം പ്രകടിപ്പിച്ചത്, ഓസ്ട്രേലിയക്കെതിരായ വലിയ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് വളരെയേറെ പ്രതീക്ഷയാണ് നൽകുന്നത്.